Food, Travelogue website in malayalam
13 -7- 2014 ചരിത്രമുറങ്ങുന്ന ബേക്കല്‍ക്കോട്ട
കേരളത്തിലെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും മാത്രമല്ല ദൈവങ്ങളുടെ കൂടി നാടാണിതെന്ന് പറയാറുണ്ട്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമെന്ന നിലയില്‍ ബേക്കല്‍ കോട്ടയുടെ സാന്നിദ്ധ്യം കാസര്‍കോടിനെ ശ്രദ്ധേയമാക്കുന്നു. കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച് ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നാണറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ വികസനത്തിനായി ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. ബീച്ച് സൗന്ദര്യവത്കരണതിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. സമീപത്ത് ഒരു ഭിത്തിയില്‍ നിലമ്പൂരില്‍ നിന്നുള്ള കലാകാരന്മാര്‍ പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡന്‍ പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നു. സാമൂഹ്യ വനവത്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങള്‍ സദാ തണല്‍ നല്‍കുന്നു. സ്ഥാനം : കാസര്‍കോട് നിന്ന് 16 കി. മീ. തെക്ക് ദേശീയ പാതയില്‍ പാര്‍ക്കിംഗ് സൗകര്യം : ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കൗണ്‍സില്‍ 7000 ചതുരശ്ര മീറ്റര്‍ സ്ഥലം വാഹന പാര്‍ക്കിംഗിനായി തയ്യാറാക്കിയിട്ടുണ്ട്. നടപ്പാത : കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം നടപ്പാത ഒരുക്കിയിരിക്കുന്നു. ഇവിടെ നിന്ന് ബേക്കല്‍ കോട്ടയും കാണാം. ദീപാലങ്കാരങ്ങള്‍ : വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയും. ഇതുമൂലം അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ സാധിക്കുന്നു. വിശ്രമസൗകര്യങ്ങള്‍ : കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളുണ്ട്. ഇതിനായി തദ്ദേശീയമായി ലഭ്യമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിരിക്കുന്നു. ടോയ്‌ലറ്റുകള്‍ : ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളുണ്ട്. മുള കൊണ്ടുള്ള മാലിന്യക്കൂടകള്‍ ബീച്ചിലെമ്പാടും വച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കാന്‍ ഇതു വഴി സാധിക്കുന്നു. കുട്ടികളുടെ പാര്‍ക്ക് : 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കുണ്ട്. യാത്രാസൗകര്യം- സമീപ റെയില്‍വെ സ്‌റ്റേഷന്‍ : കാസര്‍കോട് സമീപ വിമാനത്താവളങ്ങള്‍ : മംഗലാപുരം, കാസര്‍കോട് നിന്ന് 50 കി. മീ. / കരിപ്പൂര്‍, കോഴിക്കോട് കാസര്‍കോട് നിന്ന് 200 കി. മീ. ....
10 -7- 2014 കാളവലിച്ച ആദ്യ ട്രെയ്ന്‍
തുരന്തോയ്ക്കു ശേഷം അതിവേഗം പായുന്ന ബുള്ളറ്റ് ട്രെയ്‌നുകളെ കുറിച്ചാണ് ഇപ്പോള്‍ ഇന്ത്യ ആലോചിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ട്രെയ്‌നിന്റെ മാതൃക എങ്ങനെ രൂപം കൊണ്ടെന്നും അത് എങ്ങിനെ ഓടിച്ചെന്നും അറിയാമോ. ഏകദേശം 153 വര്‍ഷം മുന്‍പ് വഡോദരയിലാണ് നേരോഗേജ് ട്രെയ്‌നിന്റെ തുടക്കം. എകല്‍ക്കരിയോ വൈദ്യുതിയോ ഒന്നുമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഈ ട്രെയ്‌നിനുണ്ടായിരുന്നില്ല. അധികം ഭാരമില്ലാത്ത ഈ ട്രാംവേ രണ്ടു കാളകളെ കെട്ടി വലിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഏകദേശം അഞ്ചു ഗുഡ്‌സ് ഗാരേജുകളുള്ള ഈ ട്രാംവേകളെ കാളകള്‍ വളരെ അനായാസേന വലിച്ചിരുന്നുവെന്നും മണിക്കൂറില്‍ രണ്ടു മൂന്നു മൈല്‍ വരെ സഞ്ചരിച്ചിരുന്നുവെന്നും ചരിത്രം പറയുന്നു.
അന്നത്തെ ബറോഡ അധികാരി ഖാഡേരവ്് ഗെയ്ക്‌വാദ് ആയിരുന്നു ബ്രിട്ടീഷ് എന്‍്ജിനീയറായ എ .ഡബ്ല്യു . ഫോര്‍ഡിനെ കൊണ്ട് ഡബോയി മിയാ ഗാവ് വരെയുള്ള റെയില്‍ ലെയിന്റെ മാത്രക തയ്യാറാക്കിച്ചത്. 2 അടി 6 ഇഞ്ചിലാണ് അന്ന് റെയ്ല്‍ ലൈന്‍ നിര്‍മിച്ചത്. വളരെ കനം കുറഞ്ഞ ട്രാംവേ മാത്രമേ ഇതിലൂടെ ഓടിക്കാനാകുമായിരുന്നുള്ളു.
6 -7- 2014 അഗസ്ത്യമടിയില്‍ നെയ്യാര്‍...
Lazar Dsilva :-
തിരുവനന്തപുരം നഗരത്തില്‍ ഉള്ളവര്‍ക്ക് പെട്ടെന്ന് തട്ടികൂട്ടാവുന്ന, ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാരത്തിന് ഉതകും ഈ അണക്കെട്ടിന്റെ കാഴ്ചകളും പരിസരത്തായി നിര്‍മ്മിച്ചിരിക്കുന്ന ഉദ്യാനവും പാര്‍ക്കും, കുട്ടികള്‍ക്ക് പ്രത്യേകിച്ചും. പട്ടണത്തില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്.
പ്രവൃത്തി ദിവസം ആയതിനാലാവും ഞങ്ങളവിടെ എത്തുമ്പോള്‍ തീരെ തിരക്കുണ്ടായിരുന്നില്ല. അണക്കെട്ടും പരിസരവും ഞങ്ങള്‍ക്ക് മാത്രമായി എന്നതുപോലെ വിജനമായി കിടന്നു. ഉദ്യാനപാലകരായി ഒന്നുരണ്ട് ആള്‍ക്കാരെ മാത്രം അവിടവിടെ കണ്ടു.
ജീവിതത്തില്‍ ആദ്യമായി കാണുന്ന അണക്കെട്ട് നെയ്യാര്‍ഡാമാണ്. ചെറിയ ക്‌ളാസില്‍ ആയിരിക്കുമ്പോള്‍ സ്‌കൂളില്‍ നിന്ന് എക്‌സ്‌കര്‍ഷനു പോയപ്പോഴാണ് ആദ്യമായി ഇവിടെ വരുന്നത്. അണക്കെട്ടിനൊപ്പം അന്നുമുതല്‍ മനസില്‍ ഇടംപിടിച്ച ഒന്നാണ് ഉദ്യാനത്തിലെ \\\'ജീവന്‍ തുടിക്കുന്ന\\\' വര്‍ണശില്‍പ്പങ്ങള്‍. ആകാശം മേഘാവൃതമാണ്, വെയിലില്ല. അധികം അകലെയല്ലാതെ നിബിഡമാകുന്ന മരശിഖരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കിളികളുടെ ചിലമ്പല്‍ മനോഹരമായ പരിസരം ഉണ്ടാക്കിയെടുക്കുന്നു.
അഗസ്ത്യകൂടത്തിന്റെ ശൈലഗര്‍ഭത്തിലെവിടെയോ ഉത്ഭവിക്കുന്ന നെയ്യാര്‍, താഴ്‌വാരത്തിലേക്ക് ഇറങ്ങുമ്പോള്‍, ഇവിടെ വച്ച് സ്വാഭാവിക ഗമനം തടയപ്പെടുന്നു. 1959ലാണ് ഈ അണക്കെട്ട് സാക്ഷാത്കരിക്കപ്പെടുന്നത്. സ്വാതന്ത്ര്യ ഇന്ത്യയിലെ അമ്പലങ്ങള്‍ അണക്കെട്ടുകളാവണം എന്ന നെഹ്രുവിന്റെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഉയര്‍ന്നുവന്ന ആധുനിക ഇന്ത്യയുടെ മുഖം. ഇന്ന് അണക്കെട്ടുകളെക്കുറിച്ച് നമ്മള്‍ ഒരു പുനര്‍വിചിന്തനത്തിന്റെ വഴിയിലാണ്. നെഹ്രുവിന്റെ കാലത്ത്, ഇന്ത്യയില്‍, പരിസ്ഥിതിചിന്ത ഒരു വിഷയമേ ആയിരുന്നില്ല. അതിനുള്ള സാമൂഹിക സാഹചര്യം സന്നിഹിതവുമായിരുന്നില്ല. പുതിയ രാഷ്ട്രത്തിന്റെ സ്വയംപര്യാപ്തയായിരുന്നു അന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രശ്‌നം. ആ ലക്ഷ്യം കുറച്ചെങ്കിലും നേടിയെടുക്കുന്നതിന് അക്കാലത്ത് അണക്കെട്ടുകളും അനുബന്ധ ജലവൈദ്യുതപദ്ധതികളും വഹിച്ച പങ്ക് കുറച്ചൊന്നുമല്ല. തിരക്കൊന്നുമില്ലാത്തതിനാലും സ്വച്ഛസുന്ദരമായ പരിസരം സ്വയം നഷ്ടപ്പെടാന്‍ ഏറ്റവും ഉചിതമായി തോന്നിയതിനാലും ഞങ്ങളും ഉദ്യാനത്തിന്റെ ഒരുഭാഗത്ത് അലസരായി ഇരുന്നു.
കുട്ടികളുടെ കളി കഴിഞ്ഞപ്പോള്‍ അടുത്തു തന്നെയുള്ള മുതലവളര്‍ത്തല്‍ കേന്ദ്രം കാണാനായി പോയി. 1977 ല്‍ ആണ് ഈ മുതലവളര്‍ത്തല്‍ കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്. ചെറിയ ജലസംഭരണികളുള്ള കോണ്‍ക്രീറ്റ് കളങ്ങളിലാണ് ഇവയെ വളര്‍ത്തുന്നതായി കണ്ടത്. ഏഷ്യന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന \\\'മഗ്ഗര്‍\\\' മുതലകളെയാണ് ഇവിടെ വളര്‍ത്തുന്നത്. അണക്കെട്ട് കാണാന്‍ എത്തുന്നവര്‍ക്ക് മറ്റൊരു കൗതുകം എന്ന നിലയ്ക്ക് വളര്‍ത്തി തുടങ്ങിയതാണോ അതോ മറ്റെന്തെങ്കിലും ഉദ്ദേശ്യം ഈ കേന്ദ്രത്തിന് ഉണ്ടോ എന്ന് അറിയാന്‍ സാധിച്ചില്ല.
ഏതാണ്ട് തൊണ്ണൂറു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന ജലസംഭരിയുടെ കരയിലെ വനമേഖലയില്‍ പല ആദിവാസി ഗ്രാമങ്ങളും ഉണ്ട്. മുതലകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുമ്പോള്‍ അവയെ ജലസംഭരണിയിലേയ്ക്ക് തുറന്നു വിടാറുണ്ടത്രേ. ജലസംഭരണിയെ പല ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പ്രദേശവാസികള്‍ അങ്ങനെ മുതലഭീഷണിയിലായി. ഒന്നിലധികം പേരെ മുതല പിടിക്കുകയും ചെയ്തു...
അണക്കെട്ടിലേക്കുള്ള പ്രവേശനഭാഗത്ത് സന്ദര്‍ശകര്‍ക്ക് കയറിനിന്ന് പ്രദേശം ആകമാനം വീക്ഷിക്കാനായി ഒരു വാച്ച് ടവ്വര്‍ ഉണ്ട്. ഇവിടെ നിന്നാല്‍ അണകെട്ടിന്റെയും ജലാശയത്തിന്റെയും അതിനപ്പുറമുള്ള വനമേഖലയുടെയും ആകാശവീക്ഷണം നന്നായി ലഭിക്കും.
നെയ്യാര്‍ അണക്കെട്ടില്‍ ജലവൈദ്യത പദ്ധതികള്‍ ഇല്ല. നെയ്യാര്‍നദിയുടെ ജലം തിരുവനന്തപുരം ജില്ലയുടെയും തമിഴ്‌നാടിന്റെയും സമീപപ്രദേശങ്ങളിലെ കൃഷിയാവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടാന്‍ 1959 മുതല്‍ ഈ അണക്കെട്ട് ഉപയോഗിക്കുന്നു. അത്തരം ആവശ്യങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്നും തുറന്നുവിടുന്ന ജലം നെയ്യാര്‍ നദിയായി അതിന്റെ സ്വാഭാവിക പ്രവാഹം തുടരുന്നത്, പേര് സൂചിപ്പിക്കുന്നതുപോലെ, നെയ്യാറ്റിന്‍കര പ്രദേശത്തു കൂടിയാണ്. ഒടുവില്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം മുപ്പതു കിലോമീറ്റര്‍ തെക്കുമാറി പൂവാറില്‍ വച്ച് അത് അറബിക്കടലില്‍ ചേരുന്നു.
ഏത് അണക്കെട്ടിന് മുകളിലൂടെയുള്ള നടത്തവും അപാരതയുമായുള്ള ലയനം കൂടിയാണ്. മുകളില്‍ നിന്ന് ജലാശയത്തിലേക്ക് നോക്കുമ്പോള്‍ മനുഷ്യഗര്‍വ്വുകളെ തല്ലിക്കെടുത്തുന്ന പ്രകൃതിയുടെ ആഴവും അപാരതയും ആവേശിക്കും. ഇടുക്കിയും മലമ്പുഴയും ഒക്കെയായി താരതമ്യം ചെയ്യുമ്പോള്‍ ഈ അണക്കെട്ട് അത്ര വലുതല്ല. എങ്കില്‍കൂടിയും അണക്കെട്ടിന് നടുവില്‍ നിന്ന് ജലാശയത്തിന്റെ വിസ്തൃതിയും അതിനപ്പുറം അടുക്കുകളായി നിരക്കുന്ന പശ്ചിമഘട്ടത്തിന്റെ തെക്കന്‍ നിരകളുടെ ഹരിതവന്യതയും അനുഭവിക്കുമ്പോള്‍ വളരെ പ്രകൃത്യവും അവാച്യവുമായ ചില അനുഭൂതികള്‍ നമ്മെ പൊതിയും.
അതുപോലെ, ഏത് അണക്കെട്ടിലെ ജലാശയത്തിലേയ്ക്ക് നോക്കിനില്‍ക്കുമ്പോള്‍ മറ്റൊരു ചിന്തയും ഉണരാറുണ്ട്. ഈ ജലമെടുത്തുപോയ സ്ഥലങ്ങള്‍, അണക്കെട്ട് വരുന്നതിനു മുന്‍പ് എങ്ങനെയായിരുന്നിരിക്കും. എത്ര ഗ്രാമങ്ങള്‍ ഈ ജലാശയത്തിനടിയിലായിട്ടുണ്ടാവും. എത്രത്തോളം വനഭൂമി ഹത്യചെയ്യപ്പെട്ടിരിക്കാം. ഏതാണ്ട് തൊണ്ണൂറ് ചതുരശ്രകിലോമീറ്ററോളം കാടും നാടും ഈ അണക്കെട്ടിന്റെ നിര്‍മാണത്തോടെ ജലസംഭരണിയുടെ അടിയിലായി എന്നതു വരുത്തിവച്ച പരിസ്ഥിതിനാശത്തിന്റെ തോത് അണക്കെട്ടില്‍ നിന്നും നോക്കിയാല്‍ അതിമനോഹരമായി കാണപ്പെടുന്ന കായലിന്റെയും മലനിരകളുടെയും ദൃശ്യത്തിനുള്ളില്‍ ഗോപ്യമാക്കപ്പെട്ടിരിക്കുന്നു.
ജലാശയത്തിലൂടെ ബോട്ട് സവാരിക്ക് സൗകര്യമുണ്ട്. ബോട്ടില്‍ കയറി മറുകരയിലെവിടെയോ ഉള്ള സഫാരി പാര്‍ക്കിലേക്ക് പോകാമത്രേ. കുട്ടികള്‍ എണ്ണത്തില്‍ കൂടുതല്‍ ആയതിനാലും, മതിമറന്നു കളിക്കുന്ന അവരെ നിയന്ത്രിക്കാന്‍ ഈയവസരത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം മതിയാവില്ല എന്ന് തോന്നിയതിനാലും ബോട്ടുയാത്ര ഒഴിവാക്കി.
പുല്‍പ്പടര്‍പ്പും കാട്ടുലതകളും കുറച്ചൊക്കെ ഉദ്യാനത്തിന്റെ പല ഭാഗത്തും വളര്‍ന്നു കയറിയിട്ടുണ്ടെങ്കിലും അണക്കെട്ടും പരിസരവും സാമാന്യം വൃത്തിയായി തന്നെ പരിരക്ഷിച്ചിട്ടുണ്ടെന്ന് കാണാനാവുമായിരുന്നു.
കളിയും ചിരിയുമായി വളരെവേഗം കടന്നു പോയ ഒരു പകല്‍ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ മടങ്ങി. നേരം മയങ്ങുമ്പോഴേയ്ക്കും നഗരാതിര്‍ത്തിയിലേയ്ക്കു പ്രവേശിച്ചു. പട്ടണനിരത്തില്‍ നിയോണ്‍ വെട്ടങ്ങള്‍ മിന്നുന്നു. ഏതാനും മൈലുകള്‍ക്കപ്പുറം ഒരല്‍പ്പ നേരത്തേ യാത്രാദൂരത്തില്‍ ഉപേക്ഷിച്ചു വന്ന ഹരിതലോകത്തില്‍ നിന്നും എത്ര പെട്ടെന്നാണ് നഗരം ഞങ്ങള്‍ക്ക് മുന്നില്‍ പൂത്തത്.
29 -6- 2014 അപകടങ്ങള്‍ മറികടന്ന് എവറസ്റ്റ് താഴ്‌വരയില്‍
കൊച്ചി മുതല്‍ ലണ്ടന്‍ വരെയുള്ള റെക്കോഡ് യാത്ര ലാല്‍ജോസ് സംഘം തുടരുകയാണ്. ചൈനീസ് വിസ കിട്ടാന്‍ അല്‍പ്പം താമസിച്ചതിനെത്തുടര്‍ന്ന് തീരുമാനിച്ചതിലേറെ സമയം സംഘത്തിന് നേപ്പാളില്‍ വിചാരിച്ചതിലേറെ സമയം ചെലവഴിക്കേണ്ടി വന്നു. അതിനിടെ കാഠ്മണ്ഡുവില്‍ വച്ച് ചെറിയ ചില അപകടങ്ങളും യാത്രയില്‍ നേരിട്ടു. സംഘാംഗമായ ബൈജു എന്‍ നായര്‍ തന്റെ ബ്ലോഗില്‍ പറയുന്നതിങ്ങനെ- \'റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി കാഠ്മണ്ഡു നഗരം മൊത്തത്തോടെ പൊളിച്ചിട്ടിരിക്കുകയാണ്. പൊടിയും ഗതാഗത തടസ്സവുമാണ് ഇപ്പോള്‍ നഗരത്തിന്റെ മുഖ മുദ്രകള്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു തവണ എന്‍ഡേവര്‍ ചെറിയ അപകടങ്ങളില്‍ പെട്ടു. നഗരത്തിരക്കില്‍ സംഭവിച്ചതാണ്. ശരീരത്തില്‍ ചെറിയ പരിക്കുകളോടെ എന്‍ഡേവര്‍ രക്ഷപെട്ടു. എറണാകുളം നഗരത്തില്‍ ഓടി ശീലിച്ച എന്‍ഡേവറിന് എന്ത് കാഠ്മണ്ഡു!\'.
അല്‍പ്പം വൈകിയായാലും സംഘം ചൈനയിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. തിബത്തിലെ എവറസ്റ്റ് താഴ്‌വരതിന്‍ഗിരിയിലെത്തിക്കഴിഞ്ഞ സംഘം ചൈനീസ് യാത്രയുടെ ത്രില്ലിലാണ്.
26 -6- 2014 സിനിമയ്ക്കപ്പുറം ഫോര്‍ട്ട്‌കൊച്ചി
ഈ ചരിത്രഭൂമിക നന്നായി മനസിലാക്കാന്‍ കാല്‍നടയായി സഞ്ചരിക്കുന്നതാണ് ഉത്തമം. അലസമായി പരുത്തി വസ്ത്രം ധരിച്ച്, മൃദുവായ ഷൂസുമണിച്ച്, തലയില്‍ ഒരു തൊപ്പി കൂടി വച്ചാല്‍ പൂര്‍ണ്ണമായി. കടല്‍ കാറ്റാസ്വദിച്ച് ഒരു നടത്തം. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.
കെ. ജെ. മാര്‍ഷല്‍ റോഡിലൂടെ ഇടത്തോട്ടു നടന്നാല്‍ ഇമ്മാനുവല്‍ കോട്ട കാണാം. കൊച്ചി മഹാരാജാവും പോര്‍ട്ടുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമായ ഈ കോട്ട മുന്‍പ് പോര്‍ട്ടുഗീസുകാരുടെ സ്വന്തമായിരുന്നു. 1503ല്‍ പണികഴിപ്പിച്ച ഇമ്മാനുവല്‍ കോട്ട 1538 ല്‍ പുതുക്കി. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ ഡച്ചു സെമിത്തേരിയായി. കാണാം. 1724 മുതല്‍ ഉപയോഗിക്കുന്ന ഈ സെമിത്തേരി ഇടക സഭയുടെ കൈവശമാണിന്നുള്ളത്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാന്‍ ജന്മനാട് വിട്ടിറങ്ങിയ യൂറോപ്യന്‍മാരെയാണ് ഇവിടുത്തെ പഴയകാലസ്മാരകശിലകള്‍ ഓര്‍മ്മിപ്പിക്കുന്നത്.
കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ് നില്‍ക്കുന്നു. കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്റ് കമ്പനിയുടെ കൈവശമാണ് ഈ കെട്ടിടമിപ്പോള്‍.
അല്‍പ്പം കൂടി മുന്നോട്ടു നടന്നാല്‍ കൊളോണിയല്‍ കാലത്തെ മറ്റൊരു മന്ദിരം നിങ്ങളെ കാത്തു നില്‍ക്കുന്ന ഡേവിഡ് ഹാള്‍. 1695ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആണിത് നിര്‍മ്മിച്ചത്. ഡച്ച് കമാന്‍ഡറായ ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്‍ റീഡ് ടോട് ട്രാകെസ്റ്റണുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടം. ട്രാകെസ്റ്റണ്‍ പക്ഷെ ഏറെ പ്രശസ്തനായത് കേരളത്തിലെ സസ്യലതാദികളെക്കുറിച്ചുള്ള തന്റെ ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പേരിലാണ്. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയ ഡേവിഡ് കോഡറിന്റെ പേരിലാണ് ഡേവിഡ് ഹാള്‍ ഇന്നറിയപ്പെടുന്നത്.
പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ടാണ് അടുത്തത്. അതു കഴിഞ്ഞാല്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണിത്. 1503ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക്് വിധേയമായി. ഇന്ന് ഇടക സഭയുടെ കൈവശമാണ് പള്ളി. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്തത് ഇവിടെയാണ്. അന്നത്തെ സ്മാരകശില ഇന്നും കാണാം.
അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റു നിറയുന്ന ചര്‍ച്ച് റോഡിലൂടെ സായന്തനങ്ങളില്‍ നടന്നു പോവുന്നത് എത്ര ഉന്‍മേഷദായകമായ അനുഭവമാണ്. ഈ നടത്തത്തിനിടയില്‍ കടലിനടുത്തായി നമുക്ക് കൊച്ചിന്‍ ക്ലബ് കാണാം. നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് ഇന്നും ഒരു ബ്രിട്ടീഷ് അന്തരീക്ഷം നിലനിര്‍ത്തുന്നത് കൗതുകകരമാണ്.
ചര്‍ച്ച് റോഡിലാണ് ബാസ്റ്റിയന്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. 1667ല്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ മന്ദിരം ഇന്തോയൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമാണ്. ഇപ്പോള്‍ സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണിത്.
വാസ്‌കോഡഗാമ സ്‌ക്വയറും സമീപത്തു തന്നെയാണ്. ഇവിടെ വീതികുറഞ്ഞ നടപ്പാതയിലൂടെ അലസമായി നടക്കാം. വ്യത്യസ്തതരം മത്സ്യവിഭവങ്ങളും ഇളനീരും മറ്റും കിട്ടുന്ന ചെറുകടകള്‍ ഇവിടെയുണ്ട്. ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ചീനവലകളും കാണാം. കുബ്ലാഖാന്റെ സദസില്‍ നിന്നും വന്ന വ്യാപാരികള്‍ AD 1350 നും 1450 നും ഇടയ്‌ക്കെപ്പഴോ നമ്മെ പരിചയപ്പെടുത്തിയതാണ് ചീനവലകളെന്ന് കരുതപ്പെടുന്നു.
ഒരിക്കല്‍ പ്രമുഖ കാപ്പി വ്യവസായികളായിരുന്ന പിയേഴ്‌സ് ലസ്ലി കമ്പിനിയുടെ ആസ്ഥാനമായി വിരാജിച്ച പിയഴ്‌സ് ലസ്‌ലി ബംഗ്ലാവും തീര്‍ച്ചയായും കാണേണ്ടുന്ന ഒരു മന്ദിരമാണ്. ഇവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ പഴയ ഹാര്‍ബര്‍ ഹൗസിലെത്താം. 1808ല്‍ പ്രമുഖ തേയില ബ്രോക്കര്‍മാരായ കാരിയറ്റ് മോറന്‍സിന്റെ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. ഇതേവര്‍ഷം തന്നെ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ സാമുവല്‍ എസ്. കോഡര്‍ പണി കഴിപ്പിച്ച കോഡര്‍ ഹൗസാണ് തൊട്ടടുത്ത്. ഈ കെട്ടിടങ്ങളെല്ലാം കൊളോണിയല്‍ ആര്‍കിടെക്ചറല്‍ ശൈലിയില്‍ നിന്ന് ഇന്തോയൂറോപ്യന്‍ ശൈലിയിലേക്കുള്ള സംക്രമണത്തെ പ്രതിഫലിപ്പിക്കുന്നു.
വീണ്ടും വലത്തേക്ക്, നാം പ്രിന്‍സസ് സ്ട്രീറ്റിലെത്തും. ഇരുവശങ്ങളിലും യൂറോപ്യന്‍ ശൈലിയിലുള്ള വാസസ്ഥലങ്ങള്‍ നിറഞ്ഞ ഈ തെരുവ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണ്. ഉല്ലാസപ്രിയര്‍ക്ക് വന്നിരിക്കാവുന്ന ലോഫേഴ്‌സ് കോര്‍ണര്‍ ഇവിടെയാണ്.
ലോഫേഴ്‌സ് കോര്‍ണറില്‍ നിന്ന് വടക്കോട്ട് നടന്ന് സാന്താക്രൂസ് ബസിലിക്കക്കു മുന്നിലെത്താം. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം 1558ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് കത്തീഡ്രലായി ഉയര്‍ത്തിയത്. 1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ബസലിക്കയായി പ്രഖ്യാപിച്ചു. ബര്‍ഗര്‍ തെരുവും ഇപ്പോള്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റാ സ്റ്റഡി കെട്ടിടവും കണ്ട ശേഷം പ്രിന്‍സസ് സ്ട്രീറ്റുവഴി റോസ് സ്ട്രീറ്റിലെത്താം. വാസ്‌കോഡഗാമ താമസിച്ചിരുന്നതെന്നു കരുതപ്പെടുന്ന വാസ്‌കോ ഹൗസ് ഇവിടെയാണ്. ഈ പരമ്പരാഗത യൂറോപ്യന്‍ കെട്ടിടം കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള പോര്‍ട്ടുഗീസ് വാസസ്ഥലങ്ങളിലൊന്നാണ്.
ഇവിടെ നിന്ന് ഇടത്തേക്ക് റിഡ്‌സ്‌ഡേയ്ല്‍ റോഡിലേക്കു തിരിഞ്ഞാല്‍ ഢഛഇ ഗേറ്റ് കാണാം. പരേഡ് ഗ്രൗണ്ടിനഭിമുഖമായി നില്‍ക്കുന്ന വലിയ മരഗേറ്റാണ് വി.ഒ.സി. ഗേറ്റ്. 1740 ല്‍ നിര്‍മ്മിച്ച ഈ ഗേറ്റില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നം തെളിഞ്ഞു കാണാം. ഈ ചിഹ്നത്തില്‍ നിന്നാണ് ഗേറ്റിന് വി.ഒ.സി. എന്ന പേര് ലഭിച്ചത്. ഇതിന് സമീപത്താണ് യുണൈറ്റഡ് ക്ലബ്. കൊച്ചിയിലെ ബ്രിട്ടീഷുകാരായ ഉന്നതന്‍മാര്‍ക്കായി ഉണ്ടായിരുന്ന നാല് ക്ലബ്ബുകളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ സെന്റ് ഫ്രാന്‍സിസ് െ്രെപമറി സ്‌കൂളിന്റെ ഒരു ക്ലാസ് മുറിയായി ഈ കെട്ടിടം ഉപയോഗിക്കുന്നു.
ഇതുവഴി നേരെ നടന്നാല്‍ ഈ റോഡിന്റെ അവസാനം 1506ല്‍ നിര്‍മ്മിക്കപ്പെട്ട ബിഷപ് ഹൗസ് കാണാം. പോര്‍ട്ടുഗീസ് ഗവര്‍ണറുടെ വാസസ്ഥലമായിരുന്നു പരേഡ് ഗ്രൗണ്ടിനടുത്ത് ചെറുകുന്നിനു മുകളിലുള്ള ഈ കെട്ടിടം. ഗോഥിക് ശൈലിയിലുള്ള ആര്‍ച്ചുകള്‍ പ്രത്യേക ഭംഗി പകരുന്ന മന്ദിരം കൊച്ചി ഇടവകയുടെ 27മത്തെ ബിഷപ്പ് ഡോം ജോസ് ഗോമസ് ഫെരേര ഏറ്റെടുത്തു. ഇന്ത്യയ്ക്കു പുറമെ ബര്‍മ, മലേഷ്യ, ശ്രീലങ്ക എന്നിവയുടെയും ബിഷപ്പായിരുന്നു അദ്ദേഹം.
ഫോര്‍ട്ട് കൊച്ചിയിലെ സഞ്ചാരം അവസാനിപ്പിക്കാന്‍ സമയമായി. ഇവിടെ കണ്ട കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.
(കടപ്പാട്- കേരള ടൂറിസം)
6 -6- 2014 പരുന്തുംപാറയിലെ മഞ്ഞുകൂട്ടില്‍
സ്വന്തംലേഖകന്‍:-
നനുത്ത മഴത്തുള്ളികള്‍ കാറിന്റെ ഗ്ലാസില്‍ മുത്തംവച്ചു തുടങ്ങി. അപ്പൂപ്പന്‍ താടി പോലെ മഞ്ഞ്, മലകള്‍ക്കിടയിലൂടെ പാറി നടക്കുന്നു. തേയില ചെടികള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് പോകുന്ന പാത. കുട്ടിക്കാനം ജംക്ഷനില്‍ നിന്നും കുറച്ചു ദൂരം പോയാല്‍ പിന്നെ കുന്നുകള്‍ക്കിടയിലൂടെ റോഡ് ഒഴുകി നീങ്ങുന്നു. ചാറ്റല്‍ മഴ ഇടയ്ക്കിടെ യാത്രയ്ക്ക് കൂട്ടായി എത്തുന്നുണ്ട്. യാത്രക്കിടയില്‍ ഒരിക്കലും ബോറടിപ്പിക്കാത്ത കൂട്ട് മഴയാണെന്നത് എത്ര സത്യം..... പരുന്തുംപാറയിലേക്കാണ് യാത്ര.
പരുന്തുംപാറയിലേക്കുള്ള നടപ്പാത മുന്നില്‍ തെളിഞ്ഞു തുടങ്ങി. വാഹനം നിര്‍ത്തുന്നയിടത്തു നിന്നും ടൈല്‍ വിരിച്ച പാത തുടങ്ങുന്നു. രാവിലെയായതിനാല്‍ സഞ്ചാരികള്‍ എത്തുന്നതേയുള്ളൂ. തേക്കടിയില്‍ എത്തുന്ന മിക്കവാറും വിനോദസഞ്ചാരികളും ഇപ്പോള്‍ പരുന്തുംപാറയിലും എത്തുന്നുണ്ട്. പരുന്തിന്റെ ആകൃതിയുള്ള പാറയായതിനാലാണ് പരുന്തുംപാറ എന്ന പേര് ഈ സ്ഥലത്തിനു കിട്ടിയത്. മനസും ശരീരവും കുളിര്‍ക്കുന്ന കാഴ്ചകള്‍ കൊണ്ടു സമ്പുഷ്ടമാണ് പരുന്തുംപാറ. മഞ്ഞില്‍ മറഞ്ഞിരിക്കുന്ന പുല്‍മേടുകള്‍ നിറഞ്ഞ കുന്നുകള്‍. താഴെ നിബിഡ വനം മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നു. ഇതുവരെ കാണാത്ത രീതിയിലുള്ള മഞ്ഞും പുല്‍മേടും കുന്നിന്‍ചെരിവുകളും പരുന്തുംപാറയെ സുന്ദരിയാക്കുന്നു.
മഞ്ഞിനു ചിറകുമുളച്ചതു പോലെ.. മഞ്ഞു പൂമ്പാറ്റകളുടെ താഴ്‌വാരമാണ് പരുന്തുംപാറ. മഞ്ഞു മറയുമ്പോള്‍ കാണാന്‍ പറ്റുന്ന കൊച്ചരുവികള്‍. കലാവസ്ഥ അനുഗ്രഹിച്ചാല്‍ പരുന്തുംപാറ വേറിട്ട ദൃശ്യാനുഭവം ഒരുക്കിതരും. ഇടയ്ക്ക് വിരുന്നെത്തുന്ന ചാറ്റല്‍മഴ, മലമടക്കുകള്‍ക്ക് ഇടയില്‍ നിന്നും പറന്നുവരുന്ന കോടമഞ്ഞ്, പുല്‍ത്തകിടിയിലെ മഞ്ഞുതുള്ളികള്‍ക്ക് മുത്തുച്ചിപ്പിപോലെ തിളക്കം നല്‍കി വെയില്‍..
മഞ്ഞു മാഞ്ഞു തുടങ്ങിയാല്‍ കാണാം പരുന്തുംപാറയുടെ ഭീകരത. കീഴ്ക്കാംതൂക്കായ മലഞ്ചെരുവുകള്‍ മനസില്‍ ഭീതിപരത്തും. അപ്പോഴേക്കും കോടമഞ്ഞെത്തി മനസുതണുപ്പിക്കും. കുന്നിന്‍മുകളിലൂടെ പാറി നടക്കുന്ന കോടമഞ്ഞ് സഞ്ചാരികളെ മാടി വിളിക്കുന്നതുപോലെ തോന്നും, ഒരോ കുന്നിന്‍ നിന്നും മറ്റൊന്നിലേക്ക്. താഴെ പതിയിരിക്കുന്ന അപകടത്തെ വകവയ്ക്കാതെ ഒരോരുത്തരും കുന്നിന്‍ ചെരിവിലൂടെ യാത്ര തുടരും. കുന്നിറങ്ങാന്‍ കൈ തന്നു സഹായിക്കുന്ന സഹയാത്രികനെ പോലും കുറച്ചു സമയത്തേക്ക് കോടമഞ്ഞ് മറച്ചു കളയും...
ഇടുക്കി ജില്ലയില്‍ പീരുമേടിന് സമീപത്താണ് പരുന്തുംപാറ. കോട്ടയം- കുമളി സ്റ്റേറ്റ് ഹൈവേയിലെ പീരുമേടില്‍ നിന്നും ആറു കിലോമീറ്ററും തേക്കടിയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരവുമുണ്ട് പരുന്തുംപാറയിലേക്ക്. സമുദ്ര നിരപ്പില്‍ നിന്നും 3800 അടി ഉയരത്തിലാണ് പരുന്തുംപാറ. 150 ഉയരത്തിലുള്ള മലനിരകള്‍. ശബരിമല വനങ്ങളുടെ അടുത്തേക്ക് എത്തുന്ന അഗാധമായ മലഞ്ചെരുവുകളാണ് ഇവിടെ. മകരജ്യോതി ഇവിടെ നിന്നാല്‍ കാണാന്‍ പറ്റും. ശബരിമല തീര്‍ഥാടന കാലത്ത് നിരവധി ഭക്തരാണ് മകരജ്യോതി കാണാന്‍ പരുന്തുംപാറയില്‍ എത്തുന്നത്. മഞ്ഞ് ഇല്ലെങ്കില്‍ ശബരിമല വനം കാണാനും പാറയില്‍ നിന്നാല്‍ പറ്റും.
തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ് ഇന്നും പരുന്തുംപാറയില്‍. ഇവിടെ കുന്നുകളെയും പുല്‍ത്തകിടുകളെയും നാഗരികത കവരാന്‍ തുടങ്ങിയിട്ടില്ല. ഇവിടേക്ക് അടുത്ത കാലത്തായാണ് വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയത്. എത്തുന്ന ഒരോ സഞ്ചാരിയും പിന്നീട് പരുന്തുംപാറയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകും. നടപ്പാതയില്‍ ടൈല്‍ വിരിച്ചതും ചിലയിടങ്ങളില്‍ സുരക്ഷാ വേലി കെട്ടിയതും മാത്രമാണ് അടുത്തിടെയുണ്ടായ വികസനം
തിരിച്ചു കുന്നുകയറി മുകളിലെത്തിയപ്പോളും കോടമഞ്ഞ് കൂട്ടായി വന്നു. പരുന്തുംപാറയില്‍ നിന്നും തിരിക്കാനുള്ള സമയമായി. സഞ്ചാരികളെയും വഹിച്ചുകൊണ്ട് നിരവധി വാഹനങ്ങള്‍ കുന്നുകയറി എത്തിതുടങ്ങിയിട്ടുണ്ട്. സഞ്ചാരികളുടെ കടന്നുകയറ്റം കൊണ്ടെത്തിക്കുന്ന വികസനം പരുന്തുംപാറയെ എവിടെ എത്തിക്കുമെന്ന ആശങ്ക പ്രദേശവാസിയായ സഹയാത്രികന്‍ പങ്കുവച്ചു. ഇനിയെത്തുമ്പോള്‍ പരുന്തുംപാറ ഇതുപോലെ ഉണ്ടാകണേ എന്നുമാത്രമായിരുന്നു കുന്നിറങ്ങുമ്പോഴുള്ള പ്രാര്‍ഥന. വഴികാട്ടിയായി കോടമഞ്ഞും, ചാറ്റല്‍മഴയും കൂടെ.. പരുന്തുംപാറ കണ്ണെത്താദൂരത്തേക്ക് മാഞ്ഞു തുടങ്ങി..
29 -5- 2014 ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍
സമയം രാവിലെ 9.22 ഷൊര്‍ണൂര്‍ ജംക്ഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നും ട്രെയ്ന്‍ അനങ്ങി ത്തുടങ്ങി. അത്യാവശ്യം തിരക്ക് ബോഗികളില്‍ എല്ലാം ഉണ്ട്. സ്ഥിരം യാത്രക്കാര്‍ ഈ സമയത്ത് ട്രെയ്‌നില്‍ കുറവാണ്. പാലക്കാടന്‍ ഗ്രാമത്തിന്റെ പച്ചപ്പുകള്‍ക്കിടയിലൂടെ തേക്കിന്‍ കാടുകളുടെ നാടിനെ ലക്ഷ്യമാക്കി ചൂളം വിളിച്ചു ട്രെയ്ന്‍ യാത്ര തുടങ്ങി.
85 വര്‍ഷമായി ഈ ചൂളം വിളി തുടങ്ങിയിട്ട്. 1927ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ട്രെയ്ന്‍ സര്‍വീസ് ഇടയ്ക്ക് മുടങ്ങിയെങ്കിലും വള്ളുവനാടിനെയും കിഴക്കന്‍ ഏറനാടിനെയും ബന്ധിപ്പിച്ചുള്ള യാത്ര ഇപ്പോഴും തുടരുന്നു. 66 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത രാജ്യത്തെ ചെറിയ ബ്രോഡ്‌ഗേജ് പാതകളില്‍ ഒന്നാണ്.
ഷൊര്‍ണൂരില്‍ നിന്നും ഒന്‍പതു മിനുറ്റ് ഓടിയതിന്റെ കിതപ്പുമായി വാടാനംകുറിശിയില്‍ എത്തി. ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുമ്പോഴുള്ള ആദ്യ സ്റ്റോപ്പ്. ഒരു ഗ്രാമത്തിന്റെ തീരത്തുള്ള കൊച്ചു റെയ്ല്‍വേ സ്റ്റേഷനാണ് വാടാനാംകുറിശി. ഈ പാതയിലുള്ള മിക്ക സ്റ്റേഷനുകളും ഇത്തരത്തില്‍ ഒരു മുറിയില്‍ ഒതുങ്ങുന്നതാണ്. കുറച്ചുപേര്‍ ഇറങ്ങുകയും കയറുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ വേഗം കൈവരിച്ച് ട്രെയ്ന്‍ കൂകി പാഞ്ഞു. പാളത്തിന് ഇരുവശവും വയലുകള്‍. ഇടയ്ക്ക് വാഴയും പച്ചക്കറിയും കൃഷി ചെയ്തിരിക്കുന്നു. സമയം 9.38 - രണ്ടാമത്തെ സ്റ്റേഷനായ വല്ലപ്പുഴയില്‍ ട്രെയ്ന്‍ നിര്‍ത്തി. ഇവിടെ വളരെ കുറച്ചു യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒട്ടം വൈകിക്കാതെ ട്രെയ്ന്‍ വീണ്ടും ചലിച്ചു തുടങ്ങി. അഞ്ച് മിനുറ്റിനുള്ളില്‍ കുന്തിപ്പുഴയുടെ മുകളിലെത്തി. മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയായ കുന്തിപ്പുഴയുടെ മുകളിലെ പാലത്തിലൂടെ വണ്ടി ഇനി മലപ്പുറത്തിന്റെ മണ്ണിലേക്ക്, പാലക്കാടന്‍ ഗ്രാമങ്ങള്‍ക്ക് വിട. ഭാരതപുഴയിലെത്താന്‍ ശാന്തമായി ഒഴുകുന്ന കുന്തിപ്പുഴയോടെ വിടപറഞ്ഞു പൂര്‍ണമായും മലപ്പുറം ജില്ലയിലേക്ക് എത്തി. ജില്ലയിലെ ആദ്യ സ്റ്റേഷനായ ചെറുകരയില്‍ 9.55ന് വണ്ടി എത്തി. മറ്റു സ്റ്റേഷനുകളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കൂടുതലാണ്. ഒറ്റ പ്ലാറ്റ്‌ഫോം മാത്രമാണ് ഇവിടെയും ഉള്ളത്. ആല്‍മരങ്ങള്‍ക്കിടയില്‍ ഒരു റെയ്ല്‍വേ സ്റ്റേഷന്‍. വള്ളുവനാടിന്റെ ആസ്ഥാന നഗരിയായ അങ്ങാടിപ്പുറത്തേക്കുള്ള കുതിപ്പ് തുടങ്ങി. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസിന്റെ ജന്മനാടായ ഏലകുളം പിന്നിട്ട് വണ്ടി അങ്ങാടിപ്പുറത്ത് 10.03ന് എത്തി. ഈ പാതയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സ്റ്റേഷനാണ് അങ്ങാടിപ്പുറം. രണ്ടു പ്ലാറ്റ്‌ഫോമുകള്‍ ഉള്ള ഇവിടെയാണ് ക്രോസിങ് നടക്കുക. നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്കുള്ള ട്രെയ്‌നിനുള്ള കാത്തിരിപ്പാണിനി. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് അങ്ങാടിപ്പുറം സ്റ്റേഷനില്‍ നടക്കുന്നത്. പ്ലാറ്റ്‌ഫോം നീട്ടുന്ന ജോലികള്‍ പുരോഗമിക്കുന്നു. സമീപത്തുള്ള എഫ്‌സിഐ ഗോഡൗണിലേക്കെത്തിയ ലോറികള്‍ സമീപത്ത് ഊഴം കാത്തു കിടക്കുന്നു. ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഷൊര്‍ണൂരിലേക്കുള്ള വണ്ടി എത്തുക. ഷൊര്‍ണൂരിലെത്തിയാല്‍ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ട്രെയ്ന്‍ കിട്ടും. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരടക്കം നിരവധി പേര്‍ ട്രെയ്ന്‍ കാത്തു നില്‍ക്കുന്നു. കാപ്പി. പുസ്തക വില്‍പ്പനക്കാര്‍ ഓടി ട്രെയ്‌നില്‍ കയറി.
10.21ന് നിലമ്പൂരില്‍ നിന്നുള്ള ട്രെയ്ന്‍ ഓടിക്കിതച്ച് എത്തി. ഉടന്‍ തന്നെ ട്രെയ്‌നിന് അനക്കം വച്ചു തുടങ്ങി. വള്ളുവനാടിന്റെ ആസ്ഥാന നഗരിയോട് വിട പറഞ്ഞു. ഏഴു മിനുറ്റിനകം പട്ടിക്കാട് സ്റ്റേഷനില്‍. ഇനി കിഴക്കന്‍ ഏറനാടിന്റെ മലയോര ഗ്രാമങ്ങളിലൂടെയാണ് യാത്ര. പാളങ്ങള്‍ക്കിരുവശവും ചെറിയ അരുവികളും, കവുങ്ങ് -റബര്‍ തോട്ടങ്ങളും. തോടുകളില്‍ വസ്ത്രം അലക്കുന്ന സ്ത്രീകള്‍. വെള്ളിയാര്‍ പുഴ കടന്ന് 10.36 ആയതോടെ മേലാറ്റൂര്‍ സ്റ്റേഷനില്‍ എത്തി. മരങ്ങള്‍ക്കിടയില്‍ ഒരു റെയ്ല്‍വേ സ്റ്റേഷന്‍. ട്രെയ്‌നിലും സ്റ്റേഷനുകളിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഒലിപ്പുഴ കടന്നു യാത്ര തുടരുന്നു. 10.47ന് തുവ്വൂര്‍ സ്റ്റേഷനില്‍ വണ്ടി നിന്നു. ചുറ്റിലും പാടങ്ങള്‍. ഇത്തരത്തില്‍ ഒരു സ്റ്റേഷന്‍ ഇവിടെമാത്രമേ ഉണ്ടാകൂ. പാതയിലെ യാത്രക്കാര്‍ കുറഞ്ഞ സ്റ്റേഷനില്‍ ഒന്നുമാണിത്. 10.55ന് തൊടിയപ്പുലം സ്റ്റേഷനിലെത്തി. തുവ്വൂരിന്റെ മറ്റൊരു പതിപ്പായ സ്റ്റേഷന്‍. ഇവിടെ എത്തിയതോടെ തീവണ്ടി കാലിയായി തുടങ്ങി. റബര്‍ തോട്ടങ്ങളെ പിന്നിലാക്കി വാണിയമ്പലം സ്റ്റേഷനെ ലക്ഷ്യമാക്കി ട്രെയ്ന്‍ കുതിച്ചു. നിലമ്പൂര്‍ എത്തിയത് അറിയിച്ച് ചുറ്റിലും തേക്ക് മരങ്ങള്‍. ഒരു മിന്നായം പോലെ വാണിയമ്പലം പാറ കാണാം. യാതീശ്വരന്‍മാരായ ആളുകള്‍ തപസ് ചെയ്ത പാറയാണിതെന്നാണു വിശ്വാസം. ദ്വാപരയുഗത്തില്‍ ദേവാസുര യുദ്ധത്തിനു സാക്ഷിയായ പാറക്കെട്ടുകളെന്നാണ് വിശ്വാസം. ബാണാസുരന്റെ ആരാധനാ മൂര്‍ത്തിയായ ത്രിപുര സുന്ദരിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്്ഠ. 11.01ന് വാണിയമ്പലം സ്റ്റേഷനിലെത്തി. നിലമ്പൂരിന് തൊട്ടുമുമ്പുള്ള സ്റ്റേഷന്‍ ആയതിനാല്‍ തേക്കു മരങ്ങള്‍ നിറയെ. 11.10 ഓടെ ട്രെയ്ന്‍ നിലമ്പൂരിലെത്തി. ടൗണില്‍ നിന്നും മാറി കാടിനു നടുവിലാണ് സ്റ്റേഷന്‍. തിരിച്ചു ഷൊര്‍ണൂരിലേക്കു പോകാന്‍ ട്രെയ്ന്‍ തയ്യാറാക്കുന്ന തിരക്കിലേക്ക് ജീവനക്കാര്‍.
പാതയുടെ ചരിത്രം-
മലബാറില്‍ കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രീട്ടീഷുകാര്‍ ഈ പാത നിര്‍മിച്ചത്. മലബാര്‍ കലാപം അടക്കമുള്ള സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പട്ടാളക്കാരെ എത്തിക്കാന്‍ കഴിയാതിരുന്നതും പുതിയ മാര്‍ഗം ആലോചിക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. നിലമ്പൂരിന്റെ സമൃദ്ധമായ വനസമ്പത്ത് കടത്താനും പാത സൗകര്യമാകുമെന്നതും കാരണമായി. നിലമ്പൂര്‍ കാട്ടില്‍ നിന്നും കൂറ്റന്‍ തേക്കു തടികള്‍ കടത്താന്‍ പാത വെള്ളക്കാരെ സഹായിച്ചു. ഇരുമ്പിനേക്കാളും കരുത്തുള്ള നിലമ്പൂര്‍ തേക്കിന്റെ പെരുമ അങ്ങിനെ കടലുകടന്നു. 1927ല്‍ ഈ പാതയിലൂടെ തീവണ്ടി ചൂളം വിളിച്ചു പാഞ്ഞു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ പാതയുടെ നശീകരണവും നടന്നു. യുദ്ധാവശ്യങ്ങള്‍ക്ക് ഇരുമ്പു തിരയാതെ വന്നതോടെ ബ്രിട്ടീഷ് പട്ടാളം പാലം പൊളിച്ചു കൊണ്ടു പോയി. അതോടെ മലയോരം പാത വിസ്മൃതിയിലേക്ക്. പിന്നീട് ഇന്ത്യ സ്വതന്ത്രയായ ശേഷം സര്‍ക്കാര്‍ പാളം പുനര്‍നിര്‍മിച്ചു. 1954ല്‍ വീ്യുും നിലമ്പൂരിന്റെ മല മടക്കുകളെ ലക്ഷ്യമാക്കി ചൂളം വിളിച്ചു ട്രെയ്ന്‍ കുതിച്ചു. മധ്യ കേരളത്തില്‍ നിന്നും കുടിയേറ്റം നിലമ്പൂര്‍ മേഖലയിലേക്ക് എത്തിയതോടെ പാതയുടെ പ്രാധാന്യം വര്‍ധിച്ചു.
ഗ്രാമീണതയുടെ സൗന്ദര്യത്തിലൂടെയുള്ള യാത്ര. പാലക്കാടന്‍ വയലുകളുടെ ഇളം പച്ചപ്പില്‍ നിന്നും
തേക്കിന്റെ കരുത്തുറ്റ പച്ചപ്പിലേക്കുള്ള യാത്ര. പാടവരമ്പിലെയും, തോട്ടുവക്കിലൂടെയും ചൂളം വിളിച്ചു പായ്യുന്ന തീവണ്ടി. നിളയുടെ തീരത്തുനിന്നും ഏറനാടിന്റെ മലയോരത്തേക്കുള്ള ചൂളം വിളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
16 -5- 2014 മലമുകളിലെ മഴ, കല്‍കുണ്ട് വെള്ളച്ചാട്ടം
സ്വന്തം ലേഖകന്‍:-
മരങ്ങള്‍ക്ക് മേലെ നിന്ന ആവിയില്‍ പുതഞ്ഞ മഴ
മഴയുടെ തുള്ളി വയനമരത്തോട് തൊട്ടു നില്‍ക്കുന്ന
കൊന്നതെങ്ങിന്റെ ഓലയുടെ കുമ്പിള്‍ കുരുങ്ങി കീഴോട്ട് ഒഴുകി ഒഴുകി
മടലില്‍ ഉടക്കാതെ ഓലയില്‍ ചിതറാതെ തടിയിലൂടെ നെടുനീളെ
കീഴോട്ട് ഉരുണ്ട് തടിയോടുരുമ്മി കിടക്കുന്ന
മണലില്‍ ഒരു തുളയുണ്ടാക്കി മഴ മറയുന്നു.....
മഴയെപ്പറ്റി പലരും എഴുതിയിട്ടുണ്ടെങ്കിലും കല്‍കുണ്ടില്‍ എത്തിയപ്പോള്‍ ഓര്‍മയില്‍ വന്നത് പത്മരാജന്റെ ഈ വരികളാണ്. മലയില്‍ മഴ പെയ്യുന്നതിന വിശേഷിപ്പിക്കാന്‍ മലയാളത്തിന്റെ ഗന്ധര്‍വന്റെ വാക്കുകള്‍ തന്നെ അനുയോജ്യം. മലകളില്‍ മഴ പെയ്യുന്നതു കാണാനും കേള്‍ക്കാനും പ്രത്യേക സുഖമാണ്. ആ മഴയ്ക്ക് പ്രത്യേക സംഗീതവും താളവും. മഴയുടെ സൗന്ദര്യമാസ്വദിച്ചുള്ള യാത്രയ്ക്ക് ഒടുവിലാണ് കേരളാംകുണ്ടിലെ കല്‍കുണ്ട് വെള്ളച്ചാട്ടത്തിന് അരികിലെത്തുന്നത്. മലപ്പുറം ജില്ലയിലെ മലയോര മേഖലയായ കരുവാരകുണ്ടിലെ കല്‍കുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജില്ലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് ഇപ്പോള്‍ കൂടുതല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷമാണ് ഇവിടെ. ആധുനികതയുടെ കടന്നുകയറ്റം എത്തിയിട്ടില്ല.
സൈലന്റ് വാലിയോട് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശം. ചുറ്റും മഞ്ഞുമൂടിയ മലമടക്കുകള്‍. കാട്ടരുവിക്ക് എന്തിന് പാദസരമെന്നു കവി ചോദിച്ചതു സത്യമാണ്. കാട്ടരുവിയുടെ സംഗീതം ആവോളം ആസ്വദിക്കാം. ഒലിപ്പുഴയുടെ ആരംഭിക്കുന്നതാണ് കല്‍കുണ്ട് വെള്ളച്ചാട്ടം. കരുവാരകുണ്ട് ടൗണില്‍ നിന്നും ആറു കിലോ മീറ്റര്‍ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവും സുഖകരം. മൂന്നു കിലോമീറ്ററോളം ടാര്‍ ചെയ്ത റോഡ് ഉണ്ട്. പിന്നെ കല്ലു പാകിയ റോഡാണ്. കല്‍കുണ്ട് അട്ടിയില്‍ എത്തിയാല്‍ റോഡിന് കുറകെ കാട്ടരുവി ഒഴുകുന്നു. ഇവിടെ വാഹനം നിര്‍ത്തി വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കാം. ടാര്‍ ചെയ്ത റോഡ് കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റം. സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നു. പരിസരത്ത് കാട്ടരുവിയുടെ സംഗീതം മാത്രം. വൈകിയെത്തിയ സന്ദര്‍ശകരെ കണ്ട് കുട്ടികുരങ്ങന്‍മാര്‍ മരത്തില്‍ കയറി മറഞ്ഞു. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങന്‍മാര്‍ വരെ ഇവിടെ വസിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സൈലന്റ് വാലി ബഫര്‍ സോണിലെ കാട്ടരുവികളില്‍ നിന്നും എത്തുന്ന ജലമാണ് കേരളാംകുണ്ടില്‍ എത്തുന്നത്. ഒലിപ്പുഴ ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. ഊട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. പ്രകൃതി സൗന്ദര്യം നിറഞ്ഞ മലമടക്കുകള്‍ നിറഞ്ഞ ഈ സ്ഥലം സൈലന്റ് വാലിയോട് തൊട്ടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പല തരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ ഉണ്ട്. ഇവിടുത്തെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നും പഴമക്കാര്‍ പറയുന്നു. കല്‍കുണ്ട് റോഡില്‍ നിന്നും റോഡ് മാര്‍ഗവും വെള്ളച്ചാട്ടത്തിന് അടുത്തെത്താന്‍ പറ്റും. വെള്ളച്ചാട്ടത്തിന്റെ 300 മീറ്റര്‍ അടുത്തുവരെ റോഡ് മാര്‍ഗം എത്താം. മണലിയാംപാടം റോഡ് വഴിയാണ് ഈ യാത്ര.
22 -4- 2014 ഡി ലനോയ് ഇവിടെയുണ്ട് ആരും അറിയാതെ
അനൂപ്‌മോഹന്‍:
\'ഉദയഗിരി കോട്ടയിലെ ചിത്രലേഖേ, ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ \'\'
അനന്തപുരിയുടെ അതിര്‍ത്തി കടന്ന് ഉഷ്ണതീവ്രതയേറിയ തമിഴ്‌നാടിന്റെ മണ്ണിലൂടെ യാത്ര തുടരുമ്പോള്‍ ചുണ്ടില്‍ നിന്നൊഴിയാതെ ഈരടികള്‍. ഉദയഗിരിക്കോട്ടയിലേക്കാണു യാത്ര. വയലാറിന്റെ ഭാവനയില്‍ വിരിഞ്ഞ കോട്ടയല്ല. ഇവിടെ ചിത്രലേഖയും ചന്ദ്രലേഖയുമില്ല. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഭരണവഴികളിലെ താവളങ്ങളിലൊന്നായിരുന്നു ഈ കോട്ട. തിരുവിതാംകൂറിന്റെ സര്‍വസൈന്യാധിപനായി മാറിയ ഡച്ച് മിലിറ്ററി ചീഫ് എസ്റ്റാച്ചിയസ് ഡി ലനോയ് അന്ത്യവിശ്രമം കൊള്ളുന്ന ചരിത്രത്താവളം.
ഈ മണ്ണില്‍ ഒരു അന്യസംസ്ഥാനക്കാരനായി നില്‍ക്കുകയാണ്. സര്‍വസജ്ജമായ ഒരു വിദേശപ്പടയ്‌ക്കെതിരേ കേരളത്തിലെ ഒരു ഭരണാധികാരി നേടിയ അത്യുജ്വലവിജയത്തിന്റെ തുടിപ്പുകള്‍ ഒന്നുമില്ലാതെ. ജനിച്ച നാട്ടില്‍ നിന്ന് എത്രയോ കാതങ്ങള്‍ക്കിപ്പുറം ഒരു രാജാവിനു മുന്നില്‍ കീഴടങ്ങിപ്പോയ, ശേഷിച്ച കാലം ആ രാജാവിനെ സേവിച്ച, ഇവിടെ മണ്ണോടു മണ്ണായ ഒരു മനുഷ്യനാണ് മനസില്‍. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സര്‍വസൈന്യാധിപനായിരുന്ന, തിരുവിതാംകൂറിന്റെ പ്രിയപ്പെട്ട വലിയ കപ്പിത്താന്റെ ശവകുടീരത്തിനു കൂട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിലെ ജിറാഫിന്റേയും ഡോള്‍ഫിന്റേയുമൊക്കെ രൂപങ്ങള്‍.
തിരുവനന്തപുരം നാഗര്‍കോവില്‍ റൂട്ടില്‍ പുളിയൂര്‍ക്കുറിച്ചിയിലാണു ഉദയഗിരിക്കോട്ട. തമിഴ് മാത്രം രേഖപ്പെടുത്തിയ സൈന്‍ ബോര്‍ഡുകള്‍ക്കു മുന്നില്‍ പലപ്പോഴും പകച്ചു നിന്നു. ആവര്‍ത്തിച്ച വഴി ചോദിക്കലിന്റെ ഓരോ ഇടവേളയും ഉദയഗിരിക്കോട്ടയിലേക്കുള്ള ദൂരം കുറച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ പുളിയൂര്‍ക്കുറിച്ചിയെത്തി. അവിടെ നിന്ന് ഇടത്തോട്ടു തിരിഞ്ഞ ഇടവഴിയിലൂടെ അല്‍പ്പദൂരം. വലിയ കല്ലുകളാല്‍ അടുക്കിയുണ്ടാക്കിയ മതിലിനപ്പുറം ഉദയഗിരിക്കോട്ട. പത്മനാഭപുരം തലസ്ഥാനമാക്കിയിരുന്ന കാലത്ത് തിരുവിതാംകൂര്‍ സാമ്രാജ്യത്തിന്റെ മിലിറ്ററി ബാരക്കുകളിലൊന്നായ കോട്ടയിലേക്കുള്ള വഴി നന്നേ ഇടുങ്ങിയത്.
മരത്തില്‍ തീര്‍ത്ത വലിയ വാതിലിലെ ചെറിയ കവാടത്തില്‍ ഒരു നിമിഷം നിന്നു. കാലത്തിനപ്പുറത്തേക്കു കാതോര്‍ത്തു. കോട്ടയ്ക്കുള്ളിലെ ലോഹ വാര്‍പ്പുശാലയില്‍ ഡി ലനോയ് എന്ന വലിയ കപ്പിത്താന്റെ നേതൃത്വത്തില്‍ യുദ്ധോപകരണങ്ങള്‍ പൂര്‍ണതയിലേക്കെത്തുന്നതു മനസില്‍ കണ്ടു. പീരങ്കിയുണ്ടയുടെ പ്രഹരദൂരം കണക്കാക്കാന്‍ മലമുകളിലേക്കൊരു തീഗോളം പായുന്നു. അന്തപ്പുരത്തിന്റെ മട്ടുപ്പാവിലേക്കു പശ്ചിമഘട്ടം പിന്നിട്ടെത്തുന്ന കാറ്റിന്റെ കുളിരില്‍ മധുചഷകലഹരി നുണയുന്ന ക്യാപ്റ്റന്‍ ഡി ലനോയ്.....മനമോടിയതു നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കാണ്.
ഉദയഗിരിക്കോട്ടയ്ക്ക് തമിഴ്‌നാട് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്ക് എന്നൊരു രൂപമാറ്റം നല്‍കിയിട്ടുണ്ട്. വേണാട് വാണിരുന്ന വീരരവിവര്‍മന്‍ പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് ഉദയഗിരിക്കോട്ട. നിര്‍മാണം ചളി കൊണ്ടായിരുന്നു. പിന്നീടു പതിനെട്ടാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പുതുക്കിപ്പണിതു. അതിനു നേതൃത്വം വഹിച്ചതു ക്യാപ്റ്റന്‍ ഡി ലനോയ് ആയിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഫ്‌ളെമിഷ് നേവല്‍ കമാന്‍ഡര്‍ എസ്റ്റാചിയസ് ബെനഡിക്റ്റസ് ഡി ലനോയ്. കുളച്ചലില്‍ ട്രേഡിങ് പോസ്റ്റ് ഉണ്ടാക്കാന്‍ നിയോഗിച്ചതാണ് അദ്ദേഹത്തെ. കുളച്ചല്‍ മുതല്‍ കൊട്ടാര്‍ വരെയുള്ള പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ചു ഡച്ച് സംഘം മുന്നേറി. കല്‍ക്കുളത്തേക്കു നീങ്ങുമ്പോള്‍ മാര്‍ത്താണ്ഡവര്‍മയുടേയും സൈന്യാധിപന്‍ രാമയ്യന്‍ ദളവയുടേയും നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സേനയെത്തി. തിരുവിതാംകൂറിന്റെ കുതിരപ്പട്ടാളത്തിനു മുന്നില്‍ ഡി ലനോയ് പതറി. 1971 ഓഗസ്റ്റ് പത്തിലെ ചരിത്രപ്രസിദ്ധമായ കുളച്ചല്‍ യുദ്ധം ഡി ലനോയ്യുടെ വാട്ടര്‍ലൂ ആയി. എന്നാല്‍ യുദ്ധത്തടവുകാരന്‍ എന്നല്ല മാര്‍ത്താണ്ഡവര്‍മ വിധിച്ച ശിക്ഷ. തിരുവിതാംകൂര്‍ സൈന്യത്തിന്റെ അധിപനാക്കി. വെടിമരുന്നും തോക്കുമൊക്കെ കൈകാര്യം ചെയ്യാന്‍ സൈനികരെ പരിശീലിപ്പിച്ചു.
െ്രെകസ്തവ മതവിശ്വാസിയായതുകൊണ്ടു പത്മനാഭപുരം കൊട്ടാരത്തിലേക്കു പ്രവേശനമുണ്ടായിരുന്നില്ല ഡി ലനോയ്ക്ക്. ഉദയഗിരിക്കോട്ടയിലായിരുന്നു ഡി ലനോയ്യും കുടുംബവും താമസം. അതുകൊണ്ടു തന്നെ ഡി ലനോയ് കോട്ട എന്നൊരു വിളിപ്പേരും ഈ കോട്ടയ്ക്കുണ്ട്. തിരുവിതാംകൂറിനു വേണ്ടി മുപ്പത്തേഴു കൊല്ലത്തോളം തുടര്‍ന്ന സൈനിക സേവനം. 1777 ജൂണ്‍ ഒന്നിനു ഡി ലനോയ് ജീവിതത്തിന്റെ കോട്ട വിട്ടു.
ബയോഡൈവേഴ്‌സിറ്റിയും ക്യാപ്റ്റന്‍ ഡി ലനോയ്യും:-
ഉദയഗിരിക്കോട്ടയിലേക്കു യാത്ര തുടങ്ങുമ്പോള്‍ മുഖ്യ ആകര്‍ഷണം ഡി ലനോയ്യുടെ ശവകുടീരം ഇപ്പോഴും ശേഷിക്കുന്നു എന്ന അറിവായിരുന്നു. ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ കൃത്രിമക്കാഴ്ചകള്‍ പിന്നിട്ട് വലിയ കപ്പിത്താന്റെ കുടീരം ലക്ഷ്യമാക്കി നടന്നു. വഴിയരികില്‍ തമിഴ്‌നാട് ആര്‍ക്കിയോളജി വകുപ്പ് സ്മാരകം ഏറ്റെടുത്തു എന്ന് ഒരു ഭീഷണി പോലെ ആവര്‍ത്തിക്കുന്ന ബോര്‍ഡുകള്‍. പക്ഷേ സംരക്ഷണത്തിന്റെ സൂചനകള്‍ ഒന്നും തന്നെയില്ല. അറിഞ്ഞോ അറിയാതെയോ അവിടെയെത്തുന്നവര്‍ക്കു ചരിത്രം പറഞ്ഞു കൊടുക്കാന്‍ ആരുമില്ല. ഒരു സൂക്ഷിപ്പുകാരന്‍ മാത്രം. ഒരു സംശയം ചോദിച്ച പ്പോള്‍ അയാള്‍ പറഞ്ഞു, ഞാന്‍ വന്ന കാലം മുതല്‍ ചരിത്രം ഇങ്ങനെയാണ്. എത്ര കാലമായി വന്നിട്ട്? ഏഴു മാസം, അയാള്‍ പറഞ്ഞു. പതി നെട്ടാം നൂറ്റാണ്ടു മുതലുള്ള ചരിത്രം സംരക്ഷിക്കുന്ന എഴുമാസക്കാരനെ മനസില്‍ വണങ്ങി.
നടത്തം അവസാനിച്ചതു മേല്‍ക്കൂരയില്ലാത്ത ഒരു പള്ളിക്കു മുന്നില്‍. ഡി ലനോയ് അന്ത്യവിശ്രമം കൊള്ളുന്നതിവിടെ. പള്ളിക്കുള്ളിലേക്കു കടന്നാല്‍ വേറെയും കുടീരങ്ങള്‍. ഡി ലനോയ്യുടെ ഭാര്യ മാര്‍ഗരറ്റ് ഡി ലനോയ്യുടേയും മകന്‍ ജോണ്‍ ഡി ലനോയ്യുടേയും അന്ത്യവിശ്രമവും ഈ പള്ളിക്കകത്തു തന്നെ. ഡി ലനോയ്യുടെ കുടീരത്തിനു മുകളില്‍ ലാറ്റിനിലും തമിഴിലും രേഖപ്പെടുത്തലുകള്‍. ഒപ്പം ഡച്ച് ഗവണ്‍മെന്റിന്റെ എംബ്ലവും. ഡി ലനോയ്യുടെ കുടീരത്തിനു മുകളിലെ വാചകങ്ങള്‍ ഒരോര്‍മപ്പെടുത്തലാണ്...
നില്‍ക്കൂ വഴിയാത്രക്കാരാ, മുപ്പത്തേഴു വര്‍ഷത്തോളം തിരുവിതാംകൂര്‍ സേനയുടെ ജനറല്‍ ഇന്‍ ചീഫായിരുന്ന എസ്റ്റാചിയസ് ബെനഡിക്റ്റസ് ഡി ലനോയ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി സാമ്രാജ്യം കൊച്ചി വരെ വികസിപ്പിക്കാനായി. അദ്ദേഹം അറുപത്തിരണ്ടു വര്‍ഷവും അഞ്ചു മാസവും ജീവിച്ചു. 1777 ജൂണ്‍ ഒന്നിനു മരണം.
8 -4- 2014 പട്ടണത്തിന്റെ കാവല്‍ക്കാരന്‍ ഈ കുന്ന്, പ്രണയത്തിന്റെയും...!
Lazar Dsilva :
ഇന്ന് അതൊരു സ്വപ്നം പോലെയാണ് തോന്നുക. അവിചാരിതമായി മഴ പെയ്തുകൊണ്ടിരുന്ന ഒരു ക്രിസ്മസ് അവധിക്കാലത്താണ് ഞാന്‍ ആ മലയോര പട്ടണത്തിലേക്ക് ആദ്യമായി യാത്ര ചെയ്യുന്നത്. കാലത്തിന്റെ അര്‍ധസുതാര്യ തിരശ്ശീലയ്ക്കപ്പുറം അവ്യക്തമായി കിടക്കുന്ന ഒരു കാല്‍പ്പനികകിനാവ്. യൗവനാരംഭത്തില്‍ പ്രണയാതുരത വഴിനടത്തിച്ചു കൊണ്ടുപോയ ഒരു ബസ് യാത്ര.
ചുട്ടിപ്പാറ-
മണ്ഡലകാലം, ബസ്സില്‍ മുഴുവന്‍ തീര്‍ത്ഥാടകര്‍. ശരണംവിളികളാല്‍ മുഖരിതം. മഴയുടെ തണുപ്പും ഇരുട്ടും ബസ്സിനകത്ത്. ശരണംവിളികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം. മനസ്സ് പ്രണയത്തിന്റെ നിറവിലും. എല്ലാം കൊണ്ടും അഭൗമമായ ഒരു യാത്ര. ചന്നംപിന്നം പെയ്യുന്ന മഴയില്‍, ആ സായാഹ്നത്തില്‍, പത്തനംതിട്ട ബസ്സ്സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍, നിറഞ്ഞ ആകാശത്തിന്റെ കാളിമയില്‍, പെട്ടെന്ന് കണ്ണില്‍പ്പെട്ടത് ബസ്സ്സ്റ്റാന്‍ഡിന് തൊട്ടുപിറകിലെന്ന പോലെ കാണപ്പെട്ട ഏകാന്തമായി നില്‍ക്കുന്ന ആ പാറക്കുന്നാണ്.
മഴ പെയ്തും തോര്‍ന്നും നിന്ന ആ ഇരുണ്ട സന്ധ്യയില്‍ പട്ടണനിരത്തുകളിലൂടെ നടക്കുമ്പോള്‍ ഒക്കെയും, പട്ടണത്തിന്റെ കിഴക്കന്‍ അതിരായി ആ ഒറ്റയാന്‍ കുന്ന് കാഴ്ചയില്‍ ഒഴിയാതെ കുടുങ്ങികിടന്നു. ആദ്യമായി എത്തുന്ന ആരും കുറച്ചുനേരം അതു നോക്കി നിന്നുപോകും. അന്ന് ആ കുന്നിന്റെ പേര് ചുട്ടിപ്പാറ എന്നറിയില്ലായിരുന്നു. അനിശ്ചിതമായ കാലമായിരുന്നു. സാഹസികമായ ദൈനംദിനങ്ങളായിരുന്നു. ഇനി ഒരിക്കല്‍കൂടി ഈ പട്ടണത്തിലേക്ക് വരുമോ എന്നും അറിയില്ലായിരുന്നു...
എന്നാല്‍ കാലം കാത്തുവച്ചത് മറ്റെന്തോ ആയിരുന്നു. വീണ്ടും വീണ്ടും ആ പട്ടണത്തിലേക്ക് തിരിച്ചുപോയി. ഭാര്യയുടെ ജന്മനാട് എന്ന നിലയ്ക്ക് പത്തനംതിട്ടയും പരിസരങ്ങളും പിന്നീട് സുപരിചിതമായി. ജന്മനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്ന പ്രദേശമായി. സമതലം മാത്രം പരിചയമുണ്ടായിരുന്ന ഭൂവറിവുകളില്‍ മലയോരത്തിന്റെ വ്യതിരക്ത ഭൂപ്രകൃതിയും കടന്നുവന്നു. ആ ദേശത്തിന്റെ മുക്കിലും മൂലയിലുമൂടെ അനിവാര്യമായ സഞ്ചാരങ്ങള്‍ നടത്തി. പണ്ട് അത്ഭുതത്തോടെ നോക്കി നിന്ന ആ കുഞ്ഞുമല സ്ഥിരപരിചിതത്വം മൂലം കാഴ്ചയുടെ കൂതുഹലങ്ങളില്‍ നിന്നും പിന്നണിയിലേക്ക് മാറി.
ഇക്കഴിഞ്ഞ അവധിക്കാലത്ത് ഭാര്യയുടെ കുടുംബവീട്ടില്‍, പല ഭാഗത്ത് നിന്നും വന്ന സഹോദരങ്ങള്‍ എല്ലാം ഒത്തുകൂടിയിരുന്നു. വല്ലപ്പോഴും പരസ്പരം കാണുന്ന കുട്ടികള്‍ക്ക് ഒരു ഉത്സവകാലം... റംസാന്‍ ദിവസം കുട്ടികളെ കസിന്‍സിന്റെ കൂടെ അവരുടെ വഴിക്ക് വിട്ട് ഞാനും ഭാര്യയും ചില വീട്ടുസാമാനങ്ങള്‍ വാങ്ങാനും ചില ഭവനസന്ദര്‍ശനങ്ങള്‍ക്കുമായി പുറത്തേക്ക് ഇറങ്ങിയതായിരുന്നു. പട്ടണമധ്യത്തില്‍ നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്നും ഭാര്യാസഹോദരന്റെ വിളി: ഞങ്ങള്‍ കുട്ടികളുമായി ചുട്ടിപ്പാറ കയറാന്‍ പോകുന്നു. വരുന്നോ? ആദ്യമായി കണ്ടതിനു ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞ് അങ്ങിനെ ഞാന്‍ ചുട്ടിപ്പാറ കയറാന്‍ തുടങ്ങി.
പട്ടണത്തില്‍ നിന്നും കിഴക്കോട്ട്, കുമ്പഴയ്ക്കുള്ള റോഡിലൂടെ അല്‍പ്പം ചെന്നാല്‍ വലതുവശത്തായി ഫയര്‍സ്‌റ്റേഷന്‍ കാണാം. അവിടെ നിന്നാണ് ചുട്ടിപ്പാറയ്ക്ക് മുകളിലേക്കുള്ള നടപ്പാത ആരംഭിക്കുന്നത്. ആദ്യ കുറച്ചുഭാഗത്ത് പടവുകളും വ്യക്തമായ നടപ്പാതയും ഉണ്ട്. അതിനുശേഷം പുല്‍പ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഉരുളന്‍ പാറകളില്‍ ചവിട്ടി കയറണം. കുറച്ചുദൂരം വശങ്ങളിലായി ജനവാസകേന്ദ്രമാണ്. വീടുകളും മറ്റും കാണാം.
മുകളിലെത്തിക്കഴിഞ്ഞാല്‍ രണ്ട് വ്യത്യസ്ത പ്രതലങ്ങളായി വിശാലമായ പാറപ്പുറം. അവിടെ നിന്നാല്‍ നാല് ദിക്കുകളും വ്യക്തമായി കാണാം. കിഴക്കന്‍ പ്രദേശത്തു നിന്നും ഒഴുകിവന്ന് പട്ടണത്തെ തഴുകി കടന്നുപോകുന്ന അച്ചന്‍കോവിലാറ്. നദിയുടെ കരയിലുള്ള (തിട്ട) പട്ടണം (പത്തനം) എന്ന അര്‍ത്ഥത്തിലാണ് പത്തനംതിട്ട എന്ന പേരു വന്നത് എന്നൊരു വ്യാഖ്യാനം കേട്ടിട്ടുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 1992 ല്‍ ഞാന്‍ ആദ്യമായി എത്തുമ്പോള്‍ പത്തനംതിട്ട ഒരു ചെറിയ പട്ടണമായിരുന്നു. വളരെ ചുരുങ്ങിയ ഒരു ചുറ്റളവില്‍ പരിമിതപ്പെട്ടിരുന്ന സ്ഥലം. പത്തനംതിട്ട പട്ടണത്തിന്റെ സമഗ്രമായ മാറ്റത്തിന് കാരണമായത് പില്‍കാലത്ത് സാക്ഷാത്കരിക്കപ്പെട്ട റിംഗ്‌റോഡാണ്. അതിനോട് ബന്ധപ്പെട്ടാണ് പിന്നീട് പട്ടണം വളര്‍ന്നതും വിസ്തൃതമാക്കപ്പെട്ടതും. അബാന്‍ ജംഗ്ഷന്‍ പോലുള്ള കച്ചവടകേന്ദ്രങ്ങളും പുതിയ െ്രെപവറ്റ് ബസ്സ്സ്റ്റാന്റും മുത്തൂറ്റ് ആശുപത്രിയും മലയാള മനോരമ പത്രത്തിന്റെ പ്രാദേശിക കാര്യാലയവും അതുപോലുള്ള മറ്റു പല സ്ഥാപനങ്ങളും ഈ റോഡിന്റെ വശത്തായാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.
ചുട്ടിപ്പാറയുടെ മുകളിലെത്തുമ്പോള്‍ മരത്തിന്റെ കീഴിലായി ഒരു ശിവലിംഗ പ്രതിഷ്ഠയും തീരെ ചെറിയ മറ്റു ചില ഭക്തനിര്‍മിതികളും കാണാം. ചുട്ടിപ്പാറയുടെ ശൈലാഗ്രത്തിലിരുന്ന് ഞാന്‍ പത്തനംതിട്ട പട്ടണത്തിലേക്ക് നോക്കി. എന്തുമാത്രം അവിചാരിതങ്ങളുടെ ശേഷപത്രമാണ് ഓരോ ജീവിതവും, ആ ജീവിതത്തിലെ ഓരോ നിമിഷവും. ഈ കുന്നുകയറുമെന്നോ, ജീവിതത്തിന്റെ ഗതിനിര്‍ണയിച്ച അവിചാരിതങ്ങളുടെ അരങ്ങായ ആ പട്ടണത്തിലേക്ക് ഇങ്ങനെയിരുന്ന് ഒരു അകാശകാഴ്ച സാധ്യമാവുമെന്നൊ ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് കരുതിയിരുന്നില്ലല്ലോ. അതുപോലെ, പിറകിലേക്ക് പിറകിലേക്ക്..., ആകസ്മികതകളുടെ കോര്‍ന്നുകിടക്കുന്ന വര്‍ണാഭവും നിറംമങ്ങിയതുമായ സമ്മിശ്രമുത്തുകളുടെ വിചിത്രമാല...
പത്തനംതിട്ട പട്ടണത്തിനു മുകളിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞ്, മൂവന്തി, കുന്നിന്‍മുകളിലേക്ക് ഇറങ്ങി വരുന്നതുവരെ ഞങ്ങള്‍ അവിടെ കഴിഞ്ഞു. കൂട്ടത്തിലെ കൗമാരക്കാര്‍ക്ക് അസുലഭമായ ഒരു കളിയവസരമായി അത്. ഒരു പാറയില്‍ നിന്നും അടുത്ത പാറമുകളിലേക്ക് ഓടിയും തിമിര്‍ത്തും അവധിക്കാലത്തിലെ അപൂര്‍വമായ ഈ ഏതാനും മണിക്കൂറുകളുടെ സാഹോദര്യം അവര്‍ ആസ്വദിച്ചു.
കുന്നിറങ്ങി താഴെ എത്തുമ്പോഴേയ്ക്കും നേരം ഇരുട്ടികഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതികാല്‍പ്പനികതയുടെ പ്രായത്തില്‍ പ്രണയാര്‍ദ്രമായി അനുഭവിച്ച ചുട്ടിപ്പാറയുടെ ആ വിദൂരക്കാഴ്ച ഇനി ഇല്ല. അവിടെ എന്താണെന്ന് ഇപ്പോള്‍ എനിക്കറിയാം. പക്ഷേ ഓരോ മലകയറ്റവും മുന്നിലേയ്ക്ക് വച്ചുതരുന്ന താഴ് വാരക്കാഴ്ചയുടെ അനുഭവം ഒന്നുണ്ട്: മനുഷ്യന്റെ നിസ്സാരതയും പ്രകൃതിയുടെ അപാരതയും!
21 -3- 2014 മൂന്നാറില്‍ കാണാനെന്തുണ്ട്
വേനലില്‍ ഒരല്‍പ്പം കുളിര്‍മ തേടിപ്പോകാന്‍ കേരളത്തില്‍ ഏറ്റവും അനുയോജ്യമായ ഡെസ്റ്റിനേഷനാണ് മൂന്നാര്‍. എന്നാല്‍ മൂന്നാറില്‍ പോകുന്ന പലര്‍ക്കും അവിടെയുള്ള കാഴ്ചകളെന്തെന്നും എവിടെയൊക്കെയാണ് പോകേണ്ടതെന്നും വ്യക്തമായ ധാരണയുണ്ടാകാറില്ല. കൃത്യമായ പ്ലാനിംഗില്‍ അവിടെ പോയാല്‍ ഏറെയുണ്ട് കാണാനും ആസ്വദിക്കാനും. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താല്‍പ്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.
മൂന്നാറിനും പരിസര പ്രദേശത്തുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ നോക്കാം.
ഇരവികുളം ഉദ്യാനം
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടെ വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. 97 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനത്തില്‍ അപൂര്‍വയിനം ചിത്രശലഭങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍ എന്നിവയുണ്ട്. മഞ്ഞു പുതപ്പിച്ച മലനിരകള്‍, തേയില തോട്ടങ്ങള്‍ എന്നിവയൊക്കെയുള്ള ഇവിടെ ട്രക്കിംഗും ത്രില്ലടിപ്പിക്കും. നീലക്കുറിഞ്ഞികള്‍ പൂത്തിറങ്ങുന്ന കാലമാകുമ്പോള്‍ മലഞ്ചെരുവുകള്‍ നീല വിരിയിട്ട് സുന്ദരമാകും. 12 വര്‍ഷം കൂടുമ്പോഴാണ് പശ്ചിമഘട്ടത്തിലെ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. ഇതിന് മുമ്പ് മലനിറയെ കുറിഞ്ഞി പൂത്തത് 2006ലാണ്.
ആനമുടി
ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി നേടിയാല്‍ അങ്ങോട്ട് യാത്ര ചെയ്യാം.
മാട്ടുപെട്ടി
മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കിമീ അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം. ഇന്‍ഡോ സ്വിസ് ലൈവ് സ്‌റ്റോക് പ്രൊജക്ട് എന്ന ഡയറി ഫാമാണ് മാട്ടുപെട്ടിയിലെ ശ്രദ്ധേയമായ മറ്റൊരു കേന്ദ്രം. അത്യുല്‍പ്പാദനശേഷിയുള്ള ഒട്ടേറെ കന്നുകാലിയിനങ്ങള്‍ ഇവിടെയുണ്ട്. ചോല വനങ്ങളും തേയിലത്തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശം വിവിധയിനം പക്ഷികളുടെ താവളം കൂടിയാണ്.
പള്ളിവാസല്‍
മൂന്നാറിലെ ചിത്തിരപുരത്തു നിന്ന് 3 കിമീ. അകലെ സ്ഥിതി ചെയ്യുന്ന പള്ളിവാസലിലാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി. പ്രകൃതി ഭംഗിയാലനുഗൃഹീതമായ പള്ളിവാസലിലും ധാരാളം വിനോദ സഞ്ചാരികള്‍ എത്താറുണ്ട്.
ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
ആനയിറങ്ങല്‍
ചിന്നക്കനാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയില തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.
ടോപ്‌സ്‌റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ നിന്ന് 3 കിമീ ദൂരത്തുള്ള ടോപ് സ്‌റ്റേഷന്‍. മൂന്നാര്‍ കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. ഇവിടെയും നീലക്കുറിഞ്ഞി പൂക്കാറുണ്ട്.
തേയില മ്യൂസിയം
മൂന്നാര്‍ തോട്ടങ്ങളുടെ നാടാണ്. ഈ നാടിന്റെ പാരമ്പര്യമായ തേയിലക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്‌റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പ്പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവയെല്ലാം ഇവിടെക്കാണാം.
യാത്രാസൗകര്യം:-
സമീപ റെയില്‍വെ സ്‌റ്റേഷന്‍- തേനി (തമിഴ്‌നാട്), ഏകദേശം 60 കിമീ, ചങ്ങനാശ്ശേരി, ഏകദേശം 93 കി മീ
സമീപ വിമാനത്താവളം- മധുര (തമിഴ്‌നാട്) ഏകദേശം 140 കിമീ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ഏകദേശം 190 കിമീ
(കടപ്പാട് www.keralatourism.org/)
17 -3- 2014 അനന്തനെത്തേടി തിരുവട്ടാറില്‍
അനൂപ് മോഹന്‍:
അനന്തപുരിയുടെ അതിര്‍ത്തി കടന്നെത്തുന്നത് അയല്‍ സംസ്ഥാനത്തേക്കല്ല, \'അന്യ\'സംസ്ഥാന ത്തേക്കാണെന്ന ബോധം കൂടുതലുള്ള കാലം. കന്യാകുമാരി ജില്ലയിലേക്ക് അതിര്‍ത്തി കടന്നുള്ള യാത്ര ഒരു ക്ഷേത്രത്തിലേക്കാണ്, തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരം ശീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനം. ഭാഷാടിസ്ഥാനത്തില്‍ അതിര്‍ത്തി തിരിക്കുമ്പോള്‍ മലയാളിക്ക് അന്യമായിപ്പോയ തീര്‍ഥാടനകേന്ദ്രം. ഇവിടെ നിധിശേഖരങ്ങളില്ല, കാവല്‍ നില്‍ക്കാന്‍ ആയുധധാരികളില്ല. ഇത്രയും പ്രധാനപ്പെട്ട വിശ്വാസകേന്ദ്രത്തില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നുമില്ല. തീര്‍ഥാടകന്റെ മനസോടെ ഈ ഗ്രാമത്തിന്റെ വിശ്വാസ കുടീരത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ തുറക്കുന്നതു നിഗൂഢതയുടെ നിലവറകള്‍... അവഗണന എന്ന തേഞ്ഞ പദപ്രയോഗത്തിന്റെ തീവ്രമായ അവസ്ഥ. എന്തേ ഈ ക്ഷേത്രം ഇങ്ങനെയായി...?
തിരുവട്ടാര്‍ ക്ഷേത്രത്തിനു പറയാനുള്ളതു മലയാളനാടിന്റെ ചരിത്രം. ക്ഷേത്രം സ്ഥിതി ചെയ്യുന്നതു തമിഴ്‌നാടിന്റെ മണ്ണിലും...! ആദികേശവപ്പെരുമാള്‍ ക്ഷേത്രം തേടിയെത്തുന്നവര്‍ക്കു വഴികാണിക്കാന്‍ ബോര്‍ഡുകളില്ല. തമിഴ്‌നാടിന്റെ സ്വന്തം എന്ന് അവകാശപ്പെടുന്ന ഒന്നു രണ്ടു കുറിപ്പുകളുണ്ട്. അതിലാകട്ടെ, അക്ഷരത്തെറ്റിന്റെ ഘോഷയാത്ര.
ചുവപ്പിലും വെളുപ്പിലും അഴുക്കു പടര്‍ന്ന ഒരു മതിലിനടുത്താണിപ്പോള്‍. ഇതിനകത്തൊരു ക്ഷേത്രമുണ്ടെന്ന് ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ തിരിച്ചറിയുന്നു. ഇനിയങ്ങോട്ട് ക്ഷേത്രത്തിന്റെ നടവഴികളിലൂടെ, ഗ്രാമത്തിന്റെ തെരുവുകളിലൂടെ, പുഴക്കടവിലൂടെ... ചരിത്രത്തിലൂടെയും ഐതിഹ്യത്തിലൂടെയും നടക്കാനും വഴികാട്ടാനും നാട്ടുകാരന്‍ ഋഷികുമാറുണ്ട്. ഓരോ വാക്കിലും വലിയ നൊമ്പരത്തിന്റെ ഗദ്ഗദം. അവഗണിക്കപ്പെട്ട ഒരു പുരാതന ചൈതന്യത്തിന്റെ തേങ്ങല്‍ കേള്‍ക്കുന്നപോലെ... പകുതിപറഞ്ഞും പറയാതെയും ഋഷികുമാറിനൊപ്പം നടന്നു, തിരുവട്ടാറിന്റെ തെരുവുകളിലൂടെ...
കാലഗണനയ്ക്കപ്പുറത്ത്...
ഒരു വലിയ ചരിത്രത്തിന്റെ മതില്‍ക്കെട്ടിനരികിലാണെന്ന തോന്നല്‍ മാറിയിരിക്കുന്നു. കന്യാകുമാരിയിലേക്കു പോകുന്ന വഴിയുടെ സമീപത്തായിട്ടും ആളുകള്‍ നന്നേ കുറവ്. ഇവിടെയൊരു ക്ഷേത്രമുണ്ടെന്നറിയാന്‍ പോലും മാര്‍ഗങ്ങളില്ല. അറിഞ്ഞെത്തുന്നവര്‍ക്കും അറിയാതെ എത്തിപ്പെടുന്നവര്‍ക്കും അത്ഭുതമായി ശേഷിക്കുന്നു, തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം. പരാമര്‍ശങ്ങളുടെ തെളിവുകളേയുള്ളൂ ഈ ക്ഷേത്രത്തിന്റെ ഉത്ഭവം പറയാന്‍. എഡി എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന നമ്മാള്‍വാര്‍ രചിച്ച ആറാം തിരുവായ്‌മൊഴിയില്‍ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. അതുകൊണ്ടു തന്നെ അതിനു മുമ്പും പ്രൗഢിയോടെ തിരുവട്ടാര്‍ ക്ഷേത്രമുണ്ടായിരുന്നു എന്നു കരുതാം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ കുളച്ചല്‍ യുദ്ധത്തിനു പോകുമ്പോള്‍പണവും പട്ടും ഉടവാളും ആദികേശവപ്പെരുമാള്‍ ക്ഷേത്ര നടയില്‍ വച്ചു പ്രാര്‍ഥിച്ചിരുന്നെന്നു ചരിത്രം.
മുപ്പതടിയോളം ഉയരമുള്ള കോട്ടമതിലിനരികില്‍ നിന്നു പുഴയ്ക്കരയിലേക്ക്. കടവിലേക്കു പോകുന്ന വഴിയില്‍ ഒരു ബംഗ്ലാവ്. പണ്ട് ആറാട്ടിനു രാജാവിന്റെ പ്രതിനിധി എത്തുമ്പോള്‍ താമസിക്കുന്ന സ്ഥലമായിരുന്നു. അതും നാശത്തിന്റെ വക്കിലാണിപ്പോള്‍. വലിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച തീര്‍ഥ മണ്ഡപം കടന്നാല്‍ പുഴയിലേക്കുള്ള കല്‍പ്പടവുകള്‍. പടവുകളില്‍ പലതിലും ഏതോ ലിപിയില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. ഒരുപക്ഷേ, കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ തിരിച്ചറിയാന്‍ കഴിയുന്ന, ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് അക്ഷരങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്ന സൂചനകളായിരിക്കാം ഈ കുറിപ്പുകള്‍. \\\\\\\'\\\\\\\'അല്‍പ്പദൂരം നടന്നാല്‍ പാറയോടു കൂടി ഒഴുകുന്ന പുഴ കാണാം, അവിടെ ഭഗവാന്റെ കാല്‍പ്പാദം ഇപ്പോഴുമുണ്ട്. പുഴ പാറയോടു കൂടി ഒഴുകിയതിനും, പിന്നീട് പാറയില്ലാതെ ഒഴുകിയതിനും ഒരു ഐതിഹ്യമുണ്ട്\\\\\\\'\\\\\\\' ഋഷികുമാറിന്റെ വാക്കുകള്‍ തിരുവട്ടാറിന്റെ ചരിത്ര കഥകളിലേക്കുള്ള താക്കോലാവുകയാണ്. പാറയോടു കൂടി പുഴ ഒഴുകിയ വഴിയിലേക്കു മറ്റൊരു വഴിയിലൂടെ പോകണം. പുഴയരികിലെ വഴികള്‍ കൈയേറ്റക്കാരുടെ ഭൂമിയായി മാറിയിരിക്കുന്നു..
ഇരട്ടത്തെരുവും കടന്ന്...
അഗ്രഹാരത്തെരുവിലൂടെയാണു നടക്കുന്നത്. വീടുകള്‍ക്കു മുന്നില്‍ അരിമാവില്‍ വരച്ച കോലങ്ങള്‍. അപരിചിതരെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് ആകാംക്ഷ... ഇരട്ടത്തെരുവ് എന്നാണു സ്ഥലത്തിന്റെ പേര്. തമിഴ്ബ്രാഹ്മണ കുടുംബങ്ങളാണ് താമസക്കാര്‍. ഇവിടെ നിന്നാല്‍ പുഴ കാണാം. പക്ഷേ, നേരത്തേ കണ്ട പുഴയുടെ പ്രകൃതമല്ല. പാറക്കെട്ടുകള്‍ക്കിടയിലൂടെയാണ് ഇവി ടെ നീരൊഴുക്ക്. ഇത്ര പെട്ടെന്നു പുഴയെങ്ങനെ മാറി..? അതിനുമുണ്ടൊരു ഐതിഹ്യം.
കേശവനും കേശന്‍ എന്ന അസുരനും തമ്മില്‍ യുദ്ധമുണ്ടായി. തെക്ക് ഭാഗത്തു ശിരസും വടക്കു ഭാഗത്തു കാലുകളും വരത്തക്കവിധത്തില്‍ കേശനെ അനന്തന്‍ വരിഞ്ഞുകെട്ടി. അനന്തന്റെ പുറത്തു കേശവന്‍ ശയനം ചെയ്തു കേശനെ കീഴടക്കി. അങ്ങനെ ആദികേശവനായി തിരുവട്ടാറിലെ പ്രതിഷ്ഠയായി. അക്കാലത്ത് ചെമ്പകവനം എന്നായിരുന്നു തിരുവട്ടാറിന്റെ നാമം. കേശന്റെ ദുരന്തം സഹോദരിയായ കേശി അറിഞ്ഞു. പ്രതികാരം വീട്ടാന്‍ കേശി പുറപ്പെട്ടു, കൂടെ തോഴിയായ കോതയും. അലറിവിളിക്കുന്ന പുഴയുടെ രൂപത്തിലാണ് ചെമ്പകവനത്തിലേക്ക് കേശിയെത്തിയത്. ഈ വരവ് നേരത്തേ ഭഗവാന്‍ മനസിലാക്കി. ആര്‍ത്തലച്ച നദിയുടെ രൂപത്തില്‍ മഹാപ്രവാഹമായി വരുന്ന കേശിയെ നേരിടാന്‍ കേശവന്‍ ഒരു ബ്രാഹ്മണവടുവിന്റെ രൂപം പൂണ്ടു. ആ വടു നില കൊണ്ടിടത്ത് ഇപ്പോഴും ഭഗവാന്റെ തൃപ്പാദങ്ങള്‍ ദൃശ്യം. വൃക്ഷങ്ങളും പാറക്കെട്ടുകളും ഇളക്കിമറിച്ചെത്തിയ നദി ബ്രാഹ്ണവടുവിനു മുന്നില്‍ നിലച്ചു. വഴി ചോദിച്ചപ്പോള്‍ ബ്രാഹ്മണവടു തന്റെ ചൂരല്‍ ചുഴറ്റി വഴി കാണിച്ചു. ജലപ്രളയം നിലച്ചു. പുഴ ശാന്തമായി ഒഴുകി...
മുന്നോട്ടൊഴുകിയ നദി തൃപ്പാദത്ത് കടവില്‍ മൂവാറ്റുമുഖത്തെത്തുന്നു. അവിടെ തോഴിയാ യ കോതയുമായി ചേരുന്നു. പുഴയുടെ ഒഴുക്കിന്റെ ഭാവം കണ്ടാല്‍ ഐതിഹ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവെന്ന് ഇപ്പോഴും തോന്നും. പാറകള്‍ നിറഞ്ഞിടത്തെ രൗദ്രഭാവവും പിന്നീടങ്ങോട്ട് ശാന്തഭാവവും. പിന്നെ ഇപ്പോള്‍ മനുഷ്യന്റെ കൈയേറ്റത്തില്‍ രൂപം നഷ്ടപ്പെട്ട് പറളി, കോത എന്നീ പേരുകളില്‍ നദിയുടെ പ്രയാണം തുടരുന്നു. പുണ്യനദി വലയം ചെയ്യുന്ന സ്ഥലമായതു കൊണ്ടാണു തിരുവട്ടാര്‍ എന്നറിയപ്പെടുന്നത്.
ശ്രീകോവില്‍ നട തുറന്നു...
മതില്‍ക്കെട്ടുകള്‍ക്കു നടുവില്‍ പടിക്കെട്ടുകളിലൂടെ നടയിലേക്ക്. വലിയ വാതില്‍ കടന്നാല്‍ ആദ്യം ശീവേലിപ്പുരയുടെ നടവഴികള്‍. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിലുള്ള നിര്‍മാണങ്ങള്‍. ചുറ്റമ്പലത്തിലും നടപ്പാതകളിലും നിര്‍മാണവൈദഗ്ധ്യം പ്രകടം. 224 കല്‍മണ്ഡപങ്ങള്‍, ചിത്രപ്പണികള്‍. ദാരുശില്‍പ്പങ്ങള്‍ കഥ പറയുന്ന മുഖമണ്ഡപം. ശീവേലിപ്പുരയിലൂടെ വലം വയ്ക്കുമ്പോള്‍ വഴിപാട് രസീതുകള്‍ക്കായുള്ള വിളി.
മൂലം തിരുനാള്‍ മഹാരാജാവ് കൊല്ലവര്‍ഷം 1071ല്‍ പുതുക്കിപ്പണിത കൊടിമരം ഉയര്‍ന്നു നില്‍ക്കുന്നു. ഒറ്റക്കല്ലില്‍ നിര്‍മിച്ച വലിയ കല്‍മണ്ഡപം. ശേഷം, ആദികേശവ ദര്‍ശനം. ഇത്രയും നേരം കേട്ടറിഞ്ഞ രൂപത്തിനു മുന്നില്‍ നേര്‍ത്ത ഇരുട്ടില്‍ നിന്ന് ആദികേശവ സ്മരണയില്‍ ഒരു നിമിഷം... ഇരുപത്തിരണ്ടടി നീളത്തില്‍ അനന്തശയനം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലേതിലും നീളമുണ്ടെന്ന് നാട്ടുകാരുടെ അവകാശം. ഭക്തജനത്തിരക്കില്ല. ആവശ്യത്തിനു സൗകര്യങ്ങളില്ല. ആരും തിരിഞ്ഞു നോക്കാനില്ല....
തിരുഹള്ളാപൂജയുടെ കഥ
ഓരോ കാലത്തും ക്ഷേത്രത്തിനോടു ചേര്‍ന്ന് ഒരുപാട് ഐതിഹ്യങ്ങളും കഥകളുമുണ്ടായി. ഇത്ര വൈവിധ്യം അവകാശപ്പെടാന്‍ മറ്റൊരു ക്ഷേത്രത്തിനും കഴിഞ്ഞെന്നും വരില്ല. അത്തരത്തിലൊരു കഥയാണ് ഇന്നും തുടരുന്ന തിരുഹള്ളാപൂജയുടേത്. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന ആര്‍ക്കാട്ട് നവാബ് വേണാടിലെ ക്ഷേത്രങ്ങള്‍ ആക്രമിച്ചു. തിരുവട്ടാര്‍ ക്ഷേത്രവും കൊള്ളയടിച്ചു. അര്‍ച്ചനാബിംബങ്ങള്‍ തട്ടിയെടുത്തു. ശിഷ്ടകാലം, സ്വസ്ഥജീവിതമുണ്ടായില്ല നവാബിന്. രോഗങ്ങള്‍, വ്യാധികള്‍... ബിംബം സ്വയം ചലിച്ചു... വിഗ്രഹത്തില്‍ തുളയുണ്ടാക്കി സിംഹാസനത്തില്‍ ബന്ധിച്ചെങ്കിലും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ദോഷം മനസിലാക്കിയ നവാബ് പ്രായശ്ചിത്തം ചെയ്തു. തങ്കത്തില്‍ നിര്‍മിച്ച തൊപ്പി, തട്ടം എന്നിവ ക്ഷേത്ര നടയില്‍ അര്‍പ്പിച്ചു. തിരുഹള്ളാ മണ്ഡപം എന്നൊരു മണ്ഡപം നിര്‍മിച്ചു. ഇപ്പോഴും ആ മണ്ഡപത്തില്‍ വിശേഷാല്‍ പൂജകള്‍ നടത്താറുണ്ട്. തിരുഹള്ളാപൂജാ എന്നാണിത് അറിയപ്പെടുന്നത്. ഉരുട്ടു ചെണ്ട പോലുള്ള അപൂര്‍വമായ പലതും ഇപ്പോഴുമുണ്ട് ക്ഷേത്രത്തില്‍.
ഇനിയും കഥകളും വിശ്വാസങ്ങളും അനവധി. ക്ഷേത്രത്തിനോടു ചേര്‍ന്ന് ആ ചൈതന്യ ത്തെ മനസില്‍ ആവാഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട് ഋഷികുമാറിനെപ്പോലെ. തിരുവട്ടാര്‍ ക്ഷേത്രമഹാത്മ്യം രേഖപ്പെടുത്തിയ കെ.വി. രാമചന്ദ്രന്‍ നായര്‍ സാറിനെപ്പോലെ ഒരുപാടു പേര്‍. തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിന് ചൈതന്യം തിരികെ ലഭിക്കണമെന്നു തീവ്രമായി ആഗ്രഹിക്കുന്നവര്‍. തങ്ങളുടെ നാടിന്റെ ദേവന്‍ പ്രൗഢിയോടെ വാഴണമെന്നു മനസില്‍ കൊതിക്കുന്നവര്‍. ക്ഷേത്ര മാഹാത്മ്യത്തിന്റെ കഥകള്‍ പറഞ്ഞു തരുമ്പോള്‍ ആ വാക്കുകളില്‍ അതിന്റെ ആവേശമുണ്ട്, അടങ്ങാത്ത ആഗ്രഹമുണ്ട്. ഇടയ്‌ക്കൊക്കെ ആ വേദനയില്‍ കണ്ണു നിറയുന്നു.
തമിഴ്‌നാടിന്റെ മണ്ണില്‍ നിന്ന് അറിഞ്ഞതു കേരളത്തിന്റെ ചരിത്രം...! തിരുവട്ടാര്‍ ആദികേശവപ്പെരുമാള്‍ ക്ഷേത്രം കേരളത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ അനാഥത്വം, അവഗണന സംഭവിക്കുമായിരുന്നോ...? അങ്ങനെയൊരു ചിന്തയ്ക്ക് ഇനി പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട് ഐതിഹ്യത്തിന്റെ നടവഴികളിലൂടെ മടക്കം. ഇപ്പോഴും തെരുവുകളില്‍ നിന്ന് അത്ഭുതത്തിന്റെ കണ്ണുകള്‍ മറഞ്ഞിട്ടില്ല. ഇതൊ രു ദേശാടനമാണ്, ചരിത്രത്തിന്റെ ദേശാടനം. അതിരു തിരിക്കലുകളില്‍ അന്യമായിപ്പോയ സ്വന്തം നാടിന്റെ അറിയാത്ത ചരിത്രത്തിലേക്കു കാലം തെറ്റിയുള്ള ദേശാടനം....
6 -3- 2014 വിസ്മയത്തിന്റെ പാലം താണ്ടി
സ്വന്തം ലേഖകന്‍ :-
12മണിക്കൂറിലേറെ നീണ്ട ട്രെയ്ന്‍ യാത്ര നന്നെ മടുപ്പിച്ചിരുന്നു. ഇരുവശത്തും പരന്നു കിടക്കുന്ന നീല കടലും താണ്ടി രാമേശ്വരത്തിന്റെ മണ്ണിലേക്ക് ട്രെയ്ന്‍ പ്രവേശിക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലാണ് ഞങ്ങളെ എതിരേറ്റത്. ശ്വാസകോശം വരണ്ടു പോകുന്ന ചൂട്. പക്ഷെ കാഴ്ചകളില്‍ കണ്ണുടക്കി തുടങ്ങിയപ്പോള്‍ തന്നെ വിശപ്പും ദാഹവും മറഞ്ഞു തുടങ്ങി. ഒരു സാധാരണ തമിഴ്‌നാടന്‍ ഗ്രാമം. പക്ഷെ ആ കൊച്ചു നാടിനു പറയാനുള്ള കഥകള്‍ ഇന്ത്യയുടെ തന്നെ ചരിത്രത്തോളം വരും.
രാജ്യത്തിന്റെ എക്കാലത്തെയും എഞ്ചിനീയറിങ്ങ് വിസ്മയം, പാമ്പന്‍ പാലം. ഇളം പച്ചകലര്‍ന്ന നീലക്കടലില്‍ സമാന്തരമായി രണ്ട് പാലങ്ങള്‍. ഒന്ന് ട്രെയ്‌നുകള്‍ക്കും മറ്റൊന്ന് വാഹനങ്ങള്‍ക്കും. പാമ്പന്‍ പാലമില്ലെങ്കില്‍ രാമേശ്വരം എന്ന ചെറുദ്വീപ് കടലില്‍ ഒറ്റപ്പെട്ടു കിടക്കും. ആര്‍ച്ച് ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന റോഡുപാലം ക്യാമറകളില്‍ പകര്‍ത്തുന്നതിനുള്ളുള്ള തിരക്കിലായിരുന്നു ഞങ്ങള്‍.
റോഡ് പാലത്തേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് തീവണ്ടി പാലത്തിന്. രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍ പാലമെന്ന വിശേഷണമുള്ള പാമ്പന്‍ പാലത്തിന് 2345 മീറ്റര്‍ നീളമുണ്ട്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കി പകുത്ത് മാറ്റാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണു പാലം. മീറ്റര്‍ ഗേജ് തീവണ്ടികള്‍ക്കു മാത്രം കടന്നുപോകാന്‍ കഴിയുന്ന പാലം റെയ്ല്‍വേ വിപുലീകരണത്തിന്റെ ഭാഗമായി ഇപ്പോള്‍ പുനര്‍ നിര്‍മാണത്തിലാണ്.
ട്രെയ്ന്‍ കടന്നു പോകവെ വാതില്‍ പടിയില്‍ നിന്നും ആ പാലം ആവോളം ആസ്വദിച്ചു. ഇടയ്ക്ക് ട്രെയ്ന്‍ മുഴുവനായും പാലത്തിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കൊപ്പം അല്‍പ്പം ഭീതി എെന്നയും പിടികൂ
ി.
രാമേശ്വരം, കേട്ടറിഞ്ഞ പുണ്യഭൂമി. ഇതാ ഞാനതിന്റെ തൊട്ടടുത്ത്. പാമ്പന്‍ദ്വീപ് എന്നാണു രാമേശ്വരത്തിന്റെ മറ്റൊരു പേര്. പാലം കടന്നാല്‍ അവിടെയെത്തി. ശ്രീ രാമനാഥസ്വാമി ക്ഷേത്രം, ഗന്ധമാദന ര്‍വതം, ശ്രീ ഗോദണ്ഡരാമക്ഷേത്രം, ആഞ്ജനേയക്ഷേത്രം, അഗ്നിതീര്‍ഥം, ധനുഷ്‌കോടി, രാമതീര്‍ഥം, ലക്ഷ്മണതീര്‍ഥം, സീതാതീര്‍ഥം, ജടായുതീര്‍ഥം, തങ്കച്ചിമഠം, തിരുപുല്ലാണി, ദേവിപട്ടണം തുടങ്ങി കാഴ്ചകളുടെ ഒരു വിരുന്നു തന്നെയുണ്ട് ആ ചെറു ദ്വീപില്‍. ശ്രീലങ്കയിലെ മന്നാര്‍ ദ്വീപില്‍നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയാണ് പാമ്പന്‍ ദ്വീപ്. ഹൈന്ദവ വിശ്വാസത്തില്‍ പുണ്യസ്ഥലവും തീര്‍ഥാടന കേന്ദ്രവുമാണ് രാമേശ്വരം. ഉപദ്വീപീയ ഇന്ത്യയുടെ അരികിലായി മന്നാര്‍ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം.
രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കേ സ്ഥലം ശ്രീരാമന്‍ തന്റെ ധനുസിന്റെ അഗ്രം കൊണ്ട് അടയാളപ്പെടുത്തി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്‌കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ രാമന്‍ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാല്‍ ധനുഷ്‌കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്. മഹോതതിയും രത്‌നാകരവും സന്ധിക്കുന്ന ധനുഷ്‌കോടിയില്‍ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂര്‍ണമായി ലഭിക്കൂ എന്നാണ് വിശ്വാസം.
ഇവിടെയെത്തുന്ന തീര്‍ഥാടകര്‍ ആദ്യമെത്തുക രാമനാഥസ്വാമിക്ഷേത്രത്തിലാണ്. മറ്റൊരു കാഴ്ച്ച ഗന്ധമാദ്യൂപര്‍വതമാണ്. മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം. ശ്രീരാമന്റെ പാദങ്ങള്‍ ഇവിടെ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ ദ്യശ്യവിസ്മയം കാണാമെന്നതും പ്രത്യേകതയാണ്.
രാമേശ്വരത്തു നിന്നും 18 കിലോമീറ്ററുണ്ട് ധനുഷ്‌കോടിക്ക്. 10 കിലോമീറ്റര്‍ പിന്നിട്ടാല്‍ എംഎന്‍ ചിത്തിരം എന്ന തുറമുഖമെത്തി. റോഡ് ഇവിടെ തീരുകയാണ്. ഇനി യാത്ര ചുട്ടുപൊള്ളുന്ന കടല്‍ തീരത്തിലൂടെ. ഇതിനായി പ്രത്യേകം വാന്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മുന്‍ തുറമുഖ പട്ടണമാണ് ധനുഷ്‌കോടി.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പല്‍ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഇവിടം.
1964 ഡിസംബര്‍ 22 മുതല്‍ 25 വരെ വീശിയ ചുഴലിക്കാറ്റില്‍ സമുദ്രനിരപ്പില്‍ നിന്ന് അധികം ഉയരത്തിലല്ലാതെ ഒരു വലിയ മണല്‍ത്തിട്ടുപോലെ കിടക്കുന്ന ധനൂഷ്‌കോടി പ്രദേശമാകെ തകര്‍ന്നടിഞ്ഞു. ധനുഷ്‌കോടിയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിന്‍ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. ആരും രക്ഷപ്പെട്ടില്ല. ധനുഷ്‌കോടി പട്ടണവും റോഡും തീവണ്ടി പാളവും എല്ലാം പൂര്‍ണമായി നശിച്ചു. പാമ്പന്‍ പാലത്തിനും കാര്യമായി കേടുപറ്റി. പാലത്തിന്റെ നടുവീലെ ലിഫ്റ്റ് ചുഴലിയിലും തകര്‍ന്നില്ല. ഈ ഭാഗം നിലനിര്‍ത്തി പിന്നീട് പുതുക്കി പണിതതാണ് ഇപ്പോഴുള്ള പാലം. ദുരന്തത്തിനു ശേഷം ധനഷ്‌കോടിയില്‍ ആളൊഴിഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികള്‍ രാമേശ്വരം വരെയേ പോകൂ. തകര്‍ന്ന റെയ്ല്‍വെ സ്റ്റേഷനും കെട്ടിടങ്ങളും പള്ളിയുമെല്ലാം അതേ പോലെ ശേഷിച്ചിരിക്കുന്നു. ഒരു പട്ടണത്തിന്റെ അസ്ഥിപഞ്ചരം കാണുന്നതുപോലെ ഭീകരമാണ് ആ കാഴ്ച്ച. പിന്നീട് 2004 ഡിസംബര്‍ 26ലെ സുനാമി ദുരന്തത്തില്‍ ഈ പ്രദേശം ഏതാണ്ട് പൂര്‍ണമായും കടലെടുത്തുപോയി.
ശ്രീരാമന്‍ നിര്‍മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് വിശ്വസിക്കപ്പെടുന്ന, ഏകദേശം 18 കിലോമീറ്റര്‍ നീളത്തില്‍ ശ്രീലങ്കയോളമെത്തുന്ന പാറക്കെട്ടുകളുടെ ഒരു നിര ധനൂഷ്‌കോടിയില്‍ നിന്ന് ആരംഭിക്കുന്നു.ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ദൂരമേയുള്ളൂ. ചരക്കുകളും മറ്റും ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ധനുഷ്‌കോടിയിലെത്തിക്കാന്‍ ഏക തടസം പാക് കടലിടുക്കായിരുന്നു.കാഴ്ച്ചകള്‍ ഇവിടെ ആവസാനിക്കുന്നില്ല. തിരികെ പോരുമ്പോഴും ക്ഷേത്രങ്ങളുടെ സുഗന്ധം ഞങ്ങളെ വിട്ടുമാറിയിരുന്നില്ല.
22 -2- 2014 ബ്രഹ്മഗിരി കടന്ന് കൊടകിലേക്ക്
Lazar Dsilva:
ബ്രഹ്മഗിരി കടന്ന്
കണ്ണൂരിനോടും വയനാടിനോടും ചേര്‍ന്നുകിടക്കുന്ന കര്‍ണാടകയിലെ ഒരു ജില്ലയാണ് കൊടക് (കൂര്‍ഗ്). വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക് സുപരിചിതമാണെങ്കിലും തെക്കന്‍കേരളത്തില്‍ അത്ര അറിയപ്പെടുന്ന ഒന്നല്ല ഈ സ്ഥലം. സഹ്യമലനിരയുടെ മടക്കുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. വയനാട് ജില്ലയുടെയും കൊടക് ജില്ലയുടെയും അതിര്‍ത്തിയായി ബ്രഹ്മഗിരി നില്‍ക്കുന്നു. കൊടകിന്റെ ജില്ലാ ആസ്ഥാനം ആണ് മടിക്കേരി (മെര്‍ക്കാറ). മെര്‍ക്കാറ എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് പത്മരാജന്റെ കാല്‍പ്പനീക സൗഭഗമുള്ള \'ഇന്നലെ\' എന്ന സിനിമയാണ്.
താമരശേരി ചുരത്തില്‍ നിന്നും ഒരു കാഴ്ച-
അതിരാവിലെ തിരുവനന്തപുരത്തു നിന്നും യാത്രതിരിച്ച് കോഴിക്കോട് വഴി സന്ധ്യയോടെ കല്‍പ്പറ്റയിലെത്തി, രാത്രി അവിടെ താമസിച്ചു. മുന്‍പും താമരശ്ശേരി ചുരം കയറിയിട്ടുണ്ടെങ്കിലും, ഇപ്പോള്‍ പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുവഴി ആദ്യമായിട്ടാണ്. മഴക്കാലം ആയതിനാല്‍ ചുരം കയറുമ്പോള്‍ റോഡിലേക്ക് ഒഴുകിവരുന്ന അരുവികളെ ഒരുപാട് കാണാന്‍ സാധിച്ചു.
ചുരത്തിലെ വനസമൃദ്ധി-
കല്‍പ്പറ്റയില്‍ നിന്നും അടുത്ത ദിവസം രാവിലെ വിരാജ്‌പേട്ട് വഴി മടിക്കേരിയിലേക്ക് യാത്രതിരിച്ചു. യാത്രയിലുടനീളം മഴ വന്നുംപോയുമിരുന്നു. കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ ഭൂപ്രകൃതി ഏറെ മനോഹരവും ഫലഭൂയിഷ്ടവും ആണ്. കാട്ടികുളം കഴിഞ്ഞാല്‍ റിസര്‍വ് വനത്തിന്റെ നിശബ്ദതയിലൂടെയാണ് സഞ്ചാരം ഏറിയ ദൂരവും. എല്ലാവര്‍ക്കും സംഭവിക്കാറുള്ളതു പോലെ തിരുനെല്ലിക്ക് തിരിയുന്ന ഭാഗത്ത് ഞങ്ങള്‍ക്കും വഴിതെറ്റി. കുറേദൂരം തിരുനെല്ലി ഭാഗത്തേക്ക് സഞ്ചരിച്ചു. ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം തന്നെയാണ് തിരുനെല്ലിയും. യാത്രയെ പ്രതിയുള്ള എല്ലാ ആഗ്രഹങ്ങളും ഈ വിശാലലോകത്ത് അസാധ്യം എന്നറിയാതെയല്ല ആഗ്രഹങ്ങള്‍!
ചാറ്റല്‍മഴയില്‍ കാടിലൂടെ...
വൈകുന്നേരത്തോട് കൂടി മടിക്കേരിയില്‍ എത്തി. മഞ്ഞിന്റെ തിരശ്ശീലയ്ക്കുള്ളില്‍, കുന്നിന്‍ മടക്കുകളില്‍ ബഹളങ്ങള്‍ അധികമില്ലാത്ത ചെറുപട്ടണം. മടിക്കേരിയുടെ ചരിത്രം കൊടകിന്റെ ചരിത്രം തന്നെയാണ്. വ്യതിരക്തയോടുകൂടി അടയാളപ്പെടുന്ന ഒരു സ്വദേശിഭരണം മടിക്കേരി ആസ്ഥാനമായി ഉണ്ടാവുന്നത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹലേരി രാജാകന്മാരുടെ അധികാരാരംഭത്തോടെയാണ്. ഹൊയ്‌സാല രാജാക്കന്മാരുടെയും തുടര്‍ന്ന് വിജയനഗര സാമ്രാജ്യത്തിന്റെ കയ്യിലുമൊക്കെയായി കൊടകിന്റെ ചരിത്രം അവ്യക്തമായി തുടര്‍ന്നു. പിന്നീട് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും വരുതിയിലേക്ക്. 1834ല്‍ കൊടക് പൂര്‍ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലുമായി.
രാജാസ് സീറ്റ്-
മടിക്കേരി പട്ടണത്തില്‍ തന്നെയുള്ള, വിനോദസഞ്ചാരികള്‍ ഏറെ എത്താറുള്ള ഒരു സ്ഥലമാണ് രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). ഇതൊരു മുനമ്പാണ്. ഇവിടെ വന്ന് പച്ചമൂടിയ താഴ്‌വാരം നോക്കിയിരിക്കാം. രാജഭരണകാലത്ത് രാജാവും കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നത്രേ. താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക, മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപോകുന്നത് കാണാം. വൈകി ഞങ്ങള്‍ ചെല്ലുമ്പോള്‍ താഴ്‌വാരകാഴ്ചകളെ മായ്ച്ച് മലമടക്കുകളെ കമ്പിളിപുതപ്പിച്ചു കഴിഞ്ഞിരുന്നു മഞ്ഞ്.
താഴ്‌വാരം മറച്ച് മഞ്ഞ്-
മടിക്കേരി പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വര ക്ഷേത്രവും. ഈ ശിവക്ഷേത്രം 1820ല്‍ ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഒരു ബ്രാഹ്മണഹത്യക്ക് ശേഷം പരിഹാരമെന്ന നിലയ്ക്ക് രാജാവ് കാശിയില്‍ നിന്നും ഒരു ശിവലിംഗം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതിന് ശേഷം അവിടെ ഈ ക്ഷേത്രം നിര്‍മിക്കുകയായിരുന്നുവത്രേ. ക്ഷേത്രത്തിലെ രണ്ട് പ്രധാന കെട്ടിടങ്ങള്‍ക്ക് ഇടയ്ക്കായി മത്സ്യങ്ങള്‍ നിറഞ്ഞ ഒരു തടാകവും അതിനു നടുവില്‍ ഒരു മണ്ഡപവുമുണ്ട്. ഈ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുക അതിന്റെ ഇസ്ലാമിക സ്പര്‍ശമാണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മിക്കപെട്ട ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ഈ പ്രദേശത്തെ മറ്റൊരു പ്രധാന നിര്‍മിതിയാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ നിര്‍മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കോട്ടയില്‍ കാലാകാലങ്ങളില്‍ ഭരിച്ചിരുന്നവര്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും വരുത്തിയിട്ടുണ്ട്.
മടിക്കേരി കോട്ട-
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഴയും മഞ്ഞുംകൂടി കോട്ടയെ നിഗൂഡമായ ഒരു കാഴ്ചയാക്കി മാറ്റിയിരുന്നു. നനഞ്ഞ നിരത്തിനും പുല്‍ത്തകിടിക്കും അപ്പുറം കോട്ട ചില ചലച്ചിത്രങ്ങളില്‍ കാണുന്നതുപോലെ അവ്യക്തമായി ഒരു പ്രേതഗൃഹത്തിന്റെ പരിസരവശ്യതയുമായി നിന്നു. പായല്‍ പടര്‍ന്ന പടവുകളിലൂടെ കോട്ടയ്ക്കു മുകളിലേക്ക് കയറി, വിശാലമായ കോട്ടമതിലിന് മുകളിലൂടെ ഞങ്ങള്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തേയും കോട്ടയ്ക്കു പുറത്തെ പട്ടണത്തേയും പൊതിഞ്ഞ് മഞ്ഞും മഴയും ഞങ്ങളോടൊപ്പം സഞ്ചരിച്ചു.
കോട്ടയ്ക്കുള്ളിലെ കൊട്ടാരം ഇപ്പോള്‍ ഏതോ സര്‍ക്കാര്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു
കോട്ടയ്ക്കുള്ളിലേക്ക് കടക്കുമ്പോള്‍ കാണുന്ന നടപ്പാതയുടെ അങ്ങേ തലയ്ക്കലായി രണ്ടു വലിയ ആനരൂപങ്ങള്‍ കാണാം. അവയ്ക്ക് പിറകില്‍ നിന്നാണ് കോട്ടമതിലിന് മുകളിലേക്ക് കയറാനുള്ള പടവുകള്‍. വിസ്താരമുള്ള കോട്ടമതിലിന് മുകളിലൂടെ തണുത്തുവിറച്ച് നടക്കുമ്പോള്‍ ചരിത്രംവന്ന് മുന്നില്‍നില്‍ക്കുന്നതായി തോന്നി. യുദ്ധത്തിന്റെ മുഖ്യഭാഗങ്ങളും ആകാശത്തിലൂടെ നടക്കുന്ന ഇക്കാലത്ത് കോട്ടകള്‍ക്കും മതില്‍കെട്ടുകള്‍ക്കുമൊക്കെ അതിര്‍ത്തി തിരിക്കാനുള്ള ഉപയോഗം മാത്രമേയുള്ളൂ. ഒരിക്കല്‍ പടയാളികള്‍ ഉലാത്തിയിരുന്ന കോട്ടമതിലിന്റെ ചരിത്രനീളം ഇന്ന് അനാഥമായി കിടക്കുന്നത് മൂടല്‍മഞ്ഞിന്റെ വിഷാദനനവിലൂടെ കാണാനാവും.
കോട്ടയ്ക്കുള്ളിലെ ആനശില്‍പ്പങ്ങള്‍-
മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടമാണ് അബി ഫാള്‍സ്. പട്ടണംവിട്ട് ഞങ്ങള്‍ ആദ്യമായി പോയത് ഇവിടേക്കാണ്. കാവേരിയുടെ ഒരു കൈവഴിയാണ് ഇവിടെ താഴേക്ക് പതിക്കുന്നത്. ഒരു സ്വകാര്യതോട്ടത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം. വാഹനം പാര്‍ക്ക് ചെയ്തതിനുശേഷം കാപ്പിചെടികള്‍ക്കിടയിലൂടെ കുറച്ചുദൂരം നടക്കണം. അടുത്തേക്കെത്തുമ്പോള്‍ ജലപതനത്തിന്റെ ഹൂങ്കാരശബ്ദം തോട്ടത്തിലെ മരങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ച് വര്‍ദ്ധിതവീര്യത്തോടെ ചെവിയില്‍വീഴും. വേനല്‍കാലത്ത് ഈ ജലപാതം ഒരു നൂലിഴപോലെ നേര്‍ത്തതായിരിക്കുമത്രേ. എന്നാല്‍ ഞങ്ങളെത്തുമ്പോള്‍ ഇടവപ്പാതിയുടെ തിമിര്‍പ്പേറ്റെടുത്ത് സാമാന്യം ശക്തിയോടെ നിപതിക്കുന്നുണ്ടായിരുന്നു നദി. എതിര്‍ വശത്തായുള്ള തട്ടില്‍ ഈ കാഴ്ച കാണാന്‍ നില്‍ക്കുമ്പോള്‍ പതനഭാഗത്തുനിന്നും ഉയരുന്ന ധൂളികള്‍ ശരീരത്തെ നനച്ച് കുളിരുപടര്‍ത്തും.
അബി ഫാള്‍സ്-
മടിക്കേരിയില്‍ നിന്നും ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ കിഴക്ക്‌തെക്ക് ദിശയില്‍ സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനസംരക്ഷണ കേന്ദ്രമാണ് ദുബാരെ. മണ്‍സൂണ്‍ കാലമായതിനാല്‍ കാവേരി നിറഞ്ഞൊഴുകുകയായിരുന്നു. കരകവിഞ്ഞൊഴുകുന്ന നദിയുടെ പ്രവാഹം പ്രകൃതിയുടെ ഉന്മാദമാണ് . ഭൂമിയുടെ നിഗൂഡഭാവപകര്‍ച്ചകളിലേക്ക് അത് കാഴ്ചക്കാരെ വിനയാന്വിതരാക്കും.
ദുബാരയിലെ കാവേരി-
ഇവിടെ നിന്നും കാവേരിയിലൂടെ റാഫ്റ്റിംഗ് നടത്താനുള്ള സൌകര്യമുണ്ട്. പതഞ്ഞൊഴുകുന്ന നദിയിലൂടെ അതിന്റെ പ്രവാഹത്തിനൊത്ത് ആടിയുലഞ്ഞ് സഞ്ചരിക്കാം. കുതിച്ചുകുത്തിപായുന്ന കാവേരിയിലൂടെ അത്തരത്തിലൊരു സാഹസത്തിന് എന്തായാലും ഞങ്ങള്‍ സന്നദ്ധരായിരുന്നില്ല. ബംഗലൂരുവില്‍ നിന്നും മറ്റും ഉള്ള ചെറുപ്പക്കാരുടെ സംഘങ്ങള്‍ റാഫ്റ്റിംഗ് ആഘോഷിക്കുന്നുണ്ടായിരുന്നു.
വണ്ടിയില്‍ ചെന്നെത്തുന്ന ഇടത്തില്‍ നിന്നും കാവേരിക്ക് കുറുകെ ബോട്ടില്‍ സഞ്ചരിച്ചു വേണം ദുബാരെ ആനസംരക്ഷണകേന്ദ്രത്തില്‍ എത്താന്‍ . കുതിച്ചുപായുന്ന കാവേരിയിലൂടെ ചാഞ്ചാടിയാണ് ബോട്ട് മറുകരയിലേക്ക് സഞ്ചരിച്ചത്. ഒഴുക്കിന് കുറുകേ ബോട്ടിന്റെ സഞ്ചാരപഥം നിലനിര്‍ത്താന്‍ െ്രെഡവര്‍ പലവിധ അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ടായിരുന്നു. ലൈഫ് ബെല്‍റ്റ് ധരിച്ചിരുന്നുവെങ്കിലും അത് യാത്രികരുടെ ഭയം മാറ്റാന്‍ അത്രയ്ക്കങ്ങ് ഉതകുന്നുണ്ടായിരുന്നില്ല.
നീരാട്ടിനിറങ്ങിയ ആനകള്‍-
കര്‍ണാടക വനംവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്യാമ്പാണിത്. വനംവകുപ്പിന്റെ കീഴില്‍ ഏതാണ്ട് നൂറ്റിയന്‍പത് ആനകളുണ്ടത്രേ. അതിലെത്രയെണ്ണമാണ് ദുബാരെയിലുള്ളത് എന്നതിന് വ്യക്തത കിട്ടിയില്ല. ഒരു പത്തുപതിനഞ്ചെണ്ണത്തില്‍ കൂടുതല്‍ ആനകളെയൊന്നും നേരിട്ട് കാണാനായില്ല. അകലെ കാട് തുടങ്ങുന്ന ഭാഗത്തും ചിലവ അലഞ്ഞുനടക്കുന്നത് കണ്ടതിനാല്‍, കാണാനായതില്‍ കൂടുതല്‍ കാടിനുള്ളിലായും മറ്റും ഉണ്ടാവും എന്ന് അനുമാനിക്കുന്നു.
ദുബാരെ മറ്റൊരു കാഴ്ച-
മടിക്കേരിമൈസൂര്‍ സംസ്ഥാന പാതയില്‍ കുശാല്‍നഗറിന് അടുത്തയാണ് കാവേരീസ്പര്‍ശമുള്ള മറ്റൊരു സ്ഥലമായ നിസര്‍ഗദാമ. നാലുഭാഗവും കാവേരിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് നിസര്‍ഗദാമ. അറുപത്തിനാല് ഏക്കറില്‍ പരന്നുകിടക്കുന്ന ഈറ്റകാടുകളാള്‍ നിബിഡമായ ദ്വീപ്. തേക്കുമരങ്ങളും ചന്ദനമരങ്ങളും ഒപ്പമുണ്ട്.
നിസര്‍ഗദാമ ഈറ്റമരത്തിലെ കുരങ്ങന്മാര്‍-
ഇവിടുത്തെ പ്രധാന ആകര്‍ഷണം ദ്വീപിലേക്ക് കടക്കുന്ന തൂക്കുപാലം തന്നെയാണ്. ആടിയുലഞ്ഞ് പായുന്ന കാവേരിക്ക് മുകളില്‍ ആടിയുലയുന്ന തൂക്കുപാലം. പഴയ തൂക്കുപാലം കുറച്ചുമാറി കാണാം. അത് നന്നായി പുതിയ പാലം സുരക്ഷിതമാണെന്ന തോന്നലുളവാക്കാന്‍ അത് ഉതകും.
പഴയ തൂക്കുപാലവും അതിനു കീഴെ നിറസാന്നിദ്ധ്യമായി കാവേരിയും- ബ്രഹ്മഗിരി കടന്ന് കൊടകിലേക്ക്
മഴക്കാലമായതിനാല്‍ ഇവിടെയും ആനസവാരിക്ക് അവധിയാണ്. ദുബാരെയില്‍ നിന്നും കൊണ്ടുവരുന്ന ആനകളാണ് ഇവിടെ സേവനം നടത്തുന്നത്. ഇപ്പോള്‍ അവയെ തിരിച്ച് കൊണ്ടുപോയിരിക്കുന്നു. ദ്വീപിനുള്ളിലെ ഹരിതചാര്‍ത്തുകള്‍ക്കിടയിലെ മഴകുതിര്‍ത്ത വഴിയിലൂടെ കുറേദൂരം നടന്നു. ഒരു മാന്‍ പാര്‍ക്ക് ഉണ്ടെങ്കിലും സുലഭമായി കണ്ടത് കുരങ്ങന്മാരെ മാത്രമാണ്. എന്റെ കയ്യിലെ കപ്പലണ്ടി തട്ടിപറിക്കാനെത്തിയ ഒരു കൂട്ടം ചീറിഭയപ്പെടുത്തി. കപ്പലണ്ടിപ്പൊതി അവയ്ക്ക് നല്‍കി ഞാന്‍ തടി രക്ഷപ്പെടുത്തി.
നിസര്‍ഗദാമ മറ്റൊരു കാഴ്ച-
മടിക്കേരിയില്‍ നിന്നും പോയി സന്ദര്‍ശിച്ച കുശാല്‍നഗറിലുള്ള തിബത്തന്‍ കോളനിയെ കുറിച്ച് മുന്‍പത്തെ പോസ്റ്റില്‍ എഴുതിയല്ലോ. രണ്ടു ദിവസത്തെ താമസത്തിന് ശേഷം കൊടക് വിടുമ്പോള്‍ തലക്കാവേരി എന്ന കാവേരിയുടെ ഉത്ഭവസ്ഥാനം കാണാന്‍ പറ്റിയില്ല എന്ന നിരാശ ബാക്കിയായി. പക്ഷെ അതിനേക്കാള്‍, ദൂരദേശങ്ങള്‍ കാണാന്‍ പോകുമ്പോള്‍ പലപ്പോഴും മഥിക്കുക കേട്ടും വായിച്ചുമൊക്കെ അറിഞ്ഞ പ്രധാനസ്ഥലങ്ങള്‍ക്ക് ഉപരിയായി ആ പ്രദേശത്തിന്റെ സംസ്‌ക്കാരവുമായി ഇഴപിരിയാതെ കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ വഴികളില്‍ നമ്മള്‍ അറിയാതെ ഉപേക്ഷിച്ചു പോകുന്നുണ്ടാവും എന്ന ബോധമാണ്.
19 -2- 2014 പാളങ്ങളില്‍ ഇന്ത്യന്‍ ടൈറ്റാനിക്
ആഡംബരവും സുഖലോലുപതയും നിറഞ്ഞ യാത്രയെ കുറിച്ചോര്‍ക്കുമ്പോള്‍ ടൈറ്റാനിക്കാണ് ഏവരുടെയും മനസിലേക്കെത്തുക. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ രാജകീയ യാത്രയ്ക്കായി ഒരുഗ്രന്‍ സംവിധാനമുണ്ട്. സംഗതി കടലിലല്ല, പാളത്തിലാണെന്നു മാത്രം. ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന മഹാരാജാസ് എക്‌സ്പ്രസാണ് ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയ്ന്‍. രാജസ്ഥാനു ചുറ്റുമായി ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ പ്രദേശത്തേക്കും മധ്യഭാഗത്തേക്കുമാണ് മഹാരാജാസ് കൂട്ടിക്കൊണ്ടു പോകുന്നത്. പക്ഷേ, ചെലവ് അല്‍പ്പം കൂടുതലാണ്. 2.39 ലക്ഷം മുതല്‍ 14.75 ലക്ഷം വരെ മുടക്കേണ്ടി വരും ട്രെയ്‌നില്‍ കയറാന്‍. കുട്ടികള്‍ക്ക് 1.20 ലക്ഷം മുതല്‍ 7.40 ലക്ഷം വരെ നല്‍കിയാല്‍ മതിയാകും. നൂറോളം യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ട്രെയ്‌നില്‍ ഒരുക്കിയിട്ടുണ്ട്്. 2010ല്‍ ഓടിത്തുടങ്ങിയ മഹാരാജാസിന് 2012, 2013 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയ്‌നിനുള്ള വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വ്യത്യസ്ത പാക്കേജുകളിലായി ചെറുതും വലുതുമായ അഞ്ചു ട്രിപ്പുകളാണ് ഒക്‌റ്റോബറിനും ഏപ്രിലിനുമിടയ്ക്കുള്ള മാസങ്ങളില്‍ സംഘടിപ്പിക്കുന്നത്. 12ലധികം മുന്‍നിര ഡെസ്റ്റിനേഷനുകളില്‍ മഹാരാജാസ് കൂകിപ്പാഞ്ഞെത്തും. ഇവയാണ് മഹാരാജാസ് എക്‌സ്പ്രസിലെ പാക്കേജുകള്‍
ഹെറിറ്റേജ് ഓഫ് ഇന്ത്യ-
മുംബൈ, അജന്ത, ഉദയ്പൂര്‍, ജോത്പൂര്‍, ബീക്കനീര്‍, ജയ്പൂര്‍, രന്തമ്പൂര്‍, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളിലൂടെ 7 രാത്രിയും 8 പകലുമാണ് യാത്ര.
ട്രഷര്‍ ഓഫ് ഇന്ത്യ- മൂന്ന് രാത്രിയും നാലു പകലും നീളുന്ന ഈ യാത്രയില്‍ ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പൂര്‍ എന്നിവയുള്‍െപ്പടും.
ജെംസ് ഓഫ് ഇന്ത്യ- ട്രഷര്‍ ഓഫ് ഇന്ത്യയുടെ അതേ പാക്കേജ് തന്നെയാണ്് ഇതിനും
ഇന്ത്യന്‍ പനോരമ- ഏഴ് രാത്രികളും എട്ട് പകലുകളും നീളുന്ന യാത്ര. ജയ്പൂര്‍, ഫത്തേപ്പര്‍ സിക്രി, ആഗ്ര, ഗ്വാളിയാര്‍, ഒര്‍ച്ച, ഖജുരാഹോ, വാരണാസി, ലക്‌നോ, ഡല്‍ഹി എന്നീ സ്ഥലങ്ങള്‍ കാണാം ഈ പാക്കേജില്‍. ഇന്ത്യന്‍ സ്‌പ്ലെന്‍ഡര്‍- ഡല്‍ഹി, ആഗ്ര, രന്തമ്പൂര്‍, ജയ്പ്പൂര്‍, ബിക്കാനീര്‍, ജോധ്പ്പൂര്‍, ഉദയ്പ്പൂര്‍, ബാലസിനോര്‍, മുംബൈ എന്നിവിടങ്ങളിലൂടെ ഏഴ് രാത്രികളും എട്ടുപകലുകളും നീണ്ടു നില്‍ക്കുന്ന യാത്ര.
15 -2- 2014 പ്രണയത്തിന്റെ മുന്തിരിവള്ളികള്‍
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം അതിരാവിലെ മുന്തിരിത്തോപ്പുകളില്‍ ചെന്ന് മുന്തിരിവള്ളികള്‍ പൂത്തുവോയെന്നും മാതളനാരങ്ങള്‍ തളിര്‍ത്തുവോയെന്നും നോക്കാം. അവിടെവച്ച് ഞാന്‍ നിനക്കെന്റെ പ്രണയം പകരും സോളമന്റെ ഉത്തമഗീതത്തിലെ ഈ വരികള്‍ ലോകമെമ്പാടുമുള്ള പ്രണയിനികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പലകുറി കലാസൃഷ്ടികളിലും പ്രണയലേഖനങ്ങളിലും ആവര്‍ത്തിക്കപ്പെട്ട ഈ വരികള്‍ വായിക്കുമ്പോള്‍ നിങ്ങളും കൊതിച്ചിട്ടുണ്ടാകും മുന്തിരിത്തോപ്പുകളിലെ പ്രണയനിമിഷങ്ങള്‍. യശശരീരനായ പത്മരാജന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ മുന്തിരിത്തോട്ടമാണ് ഫോട്ടോയില്‍ കാണുന്നത്. ബാംഗ്ലൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലാണ് ഈ വൈന്‍ യാര്‍ഡ് സ്ഥിതി ചെയ്യുന്നത്. പിന്നീട് ആഗതന്‍ എന്ന സിനിമയിലും ഈ മുന്തിരിത്തോട്ടം പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുന്തിരിത്തോട്ടം സുല വൈന്‍ യാര്‍ഡ്‌സാണ്. 199ല്‍ സ്ഥാപിച്ച വൈനറിയില്‍ നിന്ന് ലോക നിലവാരത്തിലുള്ള വൈന്‍ ലഭിക്കുമെന്നതും ആകര്‍ഷണീയത. കുറഞ്ഞ നിരക്കിലാണ് വിവിധ വെനുകള്‍ നല്‍കുന്നത്. ഇവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാനും അവസരമുണ്ട്. നാസിക്കിലെ ഗംഗാപൂര്‍ സാവര്‍ഗോണ്‍ റോഡിലാണ് ഈ വൈന്‍ യാര്‍ഡ്. ഇന്ത്യയിലെ പ്രശസ്തമായ മറ്റൊരു വൈനറിയാണ് ഷോട്ടോ ഇന്‍ഡാഷ്. 2,000 ഏക്കറില്‍ വ്യാപിച്ചു കിടക്കുകയാണ് ഇവിടത്തെ മുന്തിരിത്തോട്ടം. വെറും 150 രൂപയ്ക്ക് ആറില്‍പ്പരം വ്യത്യസ്തമായ വൈനുകള്‍ രുചിക്കാന്‍ ഇവിടെ അവസരമുണ്ട്. അവധി ദിവസങ്ങളില്‍ മുന്തിരിത്തോപ്പുകള്‍ ചുറ്റിക്കാണാനും അവസരമുണ്ട്. പൂനയില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ പൂനെ നാസിക് ഹൈവെയിലാണ് ഈ മുന്തിരിത്തോട്ടം സ്ഥിതി ചെയ്യുന്നത്.
©kadumanga.com. All Rights Reserved.Powered By Sofdia Technologies