
Food, Travelogue website in malayalam
10 -7- 2014 മലപ്പുറത്ത് ഊണിനും ബ്രേക്ക്ഫാസ്റ്റിനും 10 രൂപ
ഒന്നിനു പുറകേ ഒന്നായി വിലക്കയറ്റം വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവരാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഇതു മനസിലാക്കി പരിമിതമായെങ്കിലും ആശ്വാസമാകാനൊരുങ്ങുകയാണ് മലപ്പുറം നഗരസഭ. ഉച്ചയൂണും പ്രഭാത ഭക്ഷണവും ഇവിടെയിനി 10 രൂപയ്ക്കു ലഭിക്കും. ഹോട്ടലുകളിലെ കഴുത്തറപ്പന്‍ ബില്ലില്‍ നിന്നും കൃത്രിമ ചേരുവകളടങ്ങിയ ഹോട്ടല്‍ഭക്ഷണത്തില്‍ നിന്നും രക്ഷപ്പെടാനുമാകും. നഗരസഭയുടെ നേതൃത്വത്തില്‍ 10 രൂപാ ഹോട്ടല്‍ തുടങ്ങാനാണു പദ്ധതി. ഒരു ഹോട്ടല്‍ നിന്നു തുടങ്ങി പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു. മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടത്തില്‍ ആദ്യ 10 രൂപാ ഹോട്ടല്‍ മൂന്നുമാസത്തിനുള്ളില്‍ തുടങ്ങാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്തു രൂപയുടെ പ്രഭാത ഭക്ഷണത്തില്‍ അഞ്ച് ഇഡ്ഡലിയും സാമ്പാറും ചട്‌നിയുമുണ്ടാകും. ഉച്ചയൂണില്‍ രണ്ടുതരം ഉപ്പേരിയും രണ്ടു തരം കറിയുമുണ്ടാകും. ഹോട്ടലിന്റെ പ്രാരംഭ പ്രവര്‍ത്തികള്‍ക്കായി നഗരസഭയുടെ വാര്‍ഷിക ബജറ്റില്‍ നിന്നും 25 ലക്ഷം രൂപാ മാറ്റിവച്ചിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായിരിക്കും ഹോട്ടലിന്റെ നടത്തിപ്പു ചുമതല. ആദ്യഘട്ടത്തില്‍ ആയിരംപേര്‍ക്കുള്ള ഭക്ഷണമായിരിക്കും ഓരോ സമയത്തും ഉണ്ടാക്കുക. വിശപ്പില്ലാ നഗരം പദ്ധതിയുടെ ഭാഗമായി രണ്ടു വര്‍ഷമായി മലപ്പുറം നഗസരഭയുടെ നേതൃത്വത്തില്‍ ഓരോ ദിവസവും 600 ഓളം പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കാണു സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നത്. സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒരു വര്‍ഷം 32 ലക്ഷത്തോളം രൂപയാണു ഇതിനു ചെലവുവരുന്നത്. 16 ലക്ഷം രൂപാ വിതംവെച്ചു നഗരസഭയും സോഷ്യല്‍ സെക്യൂരിറ്റി മിഷനും ചേര്‍ന്നാണു 32 ലക്ഷംരൂപാ കണ്ടെത്തിയത്. 10 രൂപാ ഹോട്ടല്‍ വ്യാപിപ്പിക്കാനും സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണം ലഭിക്കുമെന്ന് നഗരസഭ പ്രതീക്ഷിക്കുന്നു. ....
23 -6- 2014 കല്യാണ ഉണ്ണികള്‍...
പ്രത്യേക ലേഖകന്‍:
പരസ്യ ഏജന്‍സിയില്‍ കോപ്പി റൈറ്ററുടെ വേഷം കെട്ടിയാടേണ്ടിവന്ന ഒരു കാലമുണ്ട്. ചുരുങ്ങിയ ആ കാലയളവില്‍ എനിക്ക് ചില സുഹൃത്തുക്കളെ കിട്ടി. അതേ സ്ഥാപനത്തില്‍ എന്റെ കൂടെ ജോലിചെയ്തിരുന്ന നിലമ്പൂര്‍ സ്വദേശിയാണ് അവരില്‍ മുഖ്യന്‍. അവനാണ് വിളിക്കാത്ത കല്യാണങ്ങള്‍ക്ക് പോയി സൗജന്യമായി ശാപ്പാടടിക്കുന്ന വിദ്യ എന്നെ പഠിപ്പിച്ചുതന്നത്. അങ്ങനെ ആഴ്ചയിലെ മിക്കവാറും ദിവസവും നോണ്‍ വെജ് കല്യാണമുള്ള കടവന്ത്രയുടെ സമീപപ്രദേശമുള്ള പള്ളിയുടെ ഹാളിലോ ഹിന്ദു കല്യാണങ്ങള്‍ നടക്കുന്ന ഓഡിറ്റോറിയത്തിലോ (സാധാരണ കല്യാണം നടക്കാത്ത വെള്ളിയാഴ്ചകളില്‍ അടുത്തൊരു പള്ളിയില്‍ പാവങ്ങള്‍ക്ക് നല്‍കുന്ന അന്നദാനത്തിലും ഞങ്ങള്‍ സന്തോഷത്തോടെ പങ്കെടുത്തിരുന്നു) പോയി മൃഷ്ടാന്ന ഭോജനം അടിക്കുക പതിവായി. ക്രിസ്ത്യന്‍ കല്യാണങ്ങള്‍ക്ക് പോയി മടുക്കുമ്പോള്‍ \'അളിയാ ഇന്നെനിക്കൊരു പാലട കഴിക്കണം, നമുക്ക് ഹിന്ദു കല്യാണത്തിനു പോകാം\' എന്ന് ഒരാള്‍ പറയുമ്പോള്‍ മറ്റവന്‍ \'പോടേയ്, എനിക്കിന്നൊരു ബിരിയാണി കഴിക്കാനാ മൂഡ്, ഞാനില്ല\' എന്നു പറയുന്ന കാലം..
ആദ്യമായി ഈ ഏര്‍പ്പാട് കാണിക്കുമ്പോഴുള്ള പരിഭ്രമം നല്ലവണ്ണം ഉള്ള തുടക്കകാലത്ത് ഒരു ദിവസം ബിരിയാണി കഴിക്കാന്‍ എനിക്ക് ഒറ്റക്ക് പോകേണ്ടി വന്നു. കൈകഴുകാനുള്ള വരിയില്‍ ബന്ധുക്കളുടെ ബോഡി ലാംഗ്വേജ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത് നില്‍ക്കുമ്പോള്‍ പുറകില്‍ തോളില്‍ ഒരു കരസ്പര്‍ശം. \'ചേട്ടാ നാറ്റിക്കരുത്, ഇനി ആവര്‍ത്തിക്കില്ല\' എന്നു പറഞ്ഞ് കല്യാണ ചെക്കന്റെ കാലില്‍ വീഴാന്‍ തുടങ്ങുമ്പോള്‍ \'അളിയാ മറ്റവന്‍മാരെവിടെ ആരേം കണ്ടില്ലല്ലോ\' എന്ന ഡയലോഗ് വിട്ട\'് വളിച്ച ചിരിയോടെ നമ്മുടെ കല്യാണ ഉണ്ണികളൊലൊരാള്‍ പുറകില്‍. അവന്റെ സ്വന്തം തന്തക്ക് മനസില്‍ പറഞ്ഞ് അവന്റെ കൂടെ തന്നെ പൊരിച്ച കോഴിയെ ബലാല്‍സംഘം ചെയ്ത് പുറത്തിറങ്ങി.
ഒരിക്കല്‍ ചെന്നുപെട്ടത് ബ്രാഹമണന്മാരുടെ കല്യാണത്തിന്. പെട്ടുപോയല്ലോ ഭഗവാനേ എന്നു കരുതി \'ഇല്ലത്തൂന്ന് ഇറങ്ങീമില്ല അമ്മാത്തങ്ങ്ട് എത്തീമില്ല\' തുടങ്ങി ബ്രാഹ്മണന്മാരുടെ സ്ഥിരം ഡയലോഗ് പറയുന്ന ഞങ്ങളെ നോക്കി \'ഈ ശുപ്പന്മാരെ ഒക്കെ ആരു വിളിച്ചിട്ടാണാവോ വന്നിരിക്കണെ, സദ്യാന്നു കേട്ടാല്‍ ആളും തരോം നോക്കാതെ കയറി വരും എമ്പോക്കികള്‍\' എന്ന ഭാവത്തില്‍ ചില എമ്പ്രാന്തിരിമാരൊക്കെ ഞങ്ങളെ നോക്കി പുച്ഛഭാവത്തില്‍ കടന്നുപോകുമ്പോള്‍ പായസം വായില്‍ നിറച്ച് ഒരു പഴോം കൂടി കുത്തിക്കേറ്റാന്‍ സ്ഥലമില്ലാത്ത വിഷമത്തിലായിരുന്നു ഞങ്ങള്‍.
കല്യാണ ഉണ്ണികള്‍ ഭക്ഷണവും ഐസ്‌ക്രീമുമൊക്കെ കഴിച്ച ശേഷം പെണ്ണിനെയും ചെറുക്കനെയും കാണാന്‍ പോകുന്ന ഒരു പതിവുണ്ട്. എല്ലാത്തവണയും \'ചെക്കന്‍ പോര\' എന്ന സ്വന്തം കോംപ്ലക്‌സില്‍ നിന്നുള്ള നിഗമനത്തിലെത്തി അടുത്ത പറമ്പിലെ തെങ്ങില്‍ നിന്ന് ഈര്‍ക്കിലി ഒടിച്ച് പല്ലില്‍കുത്തി \'ചിക്കനു മസാല പോര\' അല്ലെങ്കില്‍ \'എരിവ് അല്‍പ്പം കൂടിപ്പോയി\' തുടങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞാണ് പിരിയാറ്.
അവസാനം ഈ കലാപരിപാടി അവസാനിപ്പിച്ച കഥയിലേക്ക്:-.
അന്നൊരു ദിവസം സ്ഥിരം പള്ളിഹാളില്‍ കല്യാണത്തിനെത്തിയപ്പോള്‍ പഴേ ഒരു \'ആ ഇതില്ല\' എന്ന അഭിപ്രായം ആരോ പറഞ്ഞു. ശരിയാണ്, ആളുകള്‍ കുറവ്, ഉള്ളവര്‍ക്ക് ഒരു ഉഷാറുകുറവും.. എന്തായാലും ചിക്കന്‍ ബിരിയാണി വിളമ്പുന്നതുകൊണ്ട് ഞങ്ങള്‍ക്ക് തീരെ ഉഷാറ് കുറവുണ്ടായില്ല. ആദ്യത്തെ തവണ കഴിഞ്ഞ് രണ്ടാമത്തെ റൗണ്ട് ചെല്ലുമ്പോള്‍ വിളമ്പുകാര്‍ തന്തക്കുവിളിക്കും പോലെയാണ് പ്ലേറ്റിലേക്ക് എറിഞ്ഞുതന്നിരുന്നത്. ഭക്ഷണം കഴിച്ച് പതിവുപോലെ പെണ്ണിനേം ചെക്കനേം കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ക്കുപകരം ഹാളിന്റെ പ്രവേശനകവാടത്തില്‍ തന്നെ ചന്ദനത്തിരി ഒക്കെ കത്തിച്ചുവച്ച് ഒരു കാര്‍ന്നോരുടെ പടം.
18 -6- 2014 നല്ല തേങ്ങ എങ്ങനെയറിയാം, സൂക്ഷിക്കാം?..
ഉപ്പും മുളകുമൊന്നും പോലെ ആവശ്യത്തിനെടുത്ത് അടച്ചു വയ്ക്കാന്‍ പറ്റില്ലെന്നതാണ് തേങ്ങയുടെ ന്യൂനത. പ്രകൃതി തന്നെ ഒറ്റ പാക്കേജായിട്ടാണ് തേങ്ങ നല്‍കുന്നത്. തേങ്ങ കേടില്ലാതെ ഉപയോഗിക്കാനായി ചില സൂത്രങ്ങള്‍ കടുമാങ്ങ പങ്കുവയ്ക്കുകയാണ്.
മുറിച്ച തേങ്ങ കേടാകാതിരിക്കാന്‍ അല്‍പ്പം വിനാഗിരിയോ ഉപ്പോ പുരട്ടി വച്ചാല്‍ മതി. തണുത്ത വെള്ളത്തിലിട്ടു വച്ചാലും കേടില്ലാതെ ഉപയോഗിക്കാം. തേങ്ങയുടെ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കണം അതാണ് വേഗം കേടാകുന്നത്. ഉപ്പു വെള്ളത്തിലിട്ടു വച്ചാല്‍ തേങ്ങയുടെ നിറം പോകില്ല.
കൂടുതല്‍ ഉണങ്ങിയ തേങ്ങയാണെങ്കില്‍ പൊട്ടിക്കുന്നതിനു മുമ്പു തന്നെ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക. അപ്പോള്‍ ചിരട്ടയില്‍ നിന്ന് അടര്‍ന്ന് പോകുന്നത് ഒഴിവാക്കാം.
തേങ്ങ നോക്കി വാങ്ങുന്നതിന് പലവിദ്യകളും പഴമക്കാര്‍ക്കറിയാം. കണ്ണിനു മുകളില്‍ നനവുളള തേങ്ങ വാങ്ങരുത്. നല്ല കനമുള്ളതും കുലുങ്ങാത്തതുമായ തേങ്ങ മൂപ്പു കുറവായിരിക്കും. പൊതിക്കുമ്പോള്‍ തന്നെ കണ്ണിനു മുകളിലെ ചകിരി കളയാതിരുന്നാല്‍ തേങ്ങ കേടാകാതിരിക്കും. കണ്ണ് മുകളില്‍ വരുന്നതു പോലെ വച്ചിരുന്നാല്‍ ഏറെ നാള്‍ തേങ്ങ കേടുകൂടാതിരിക്കും.
12 -6- 2014 പ്രണബിനെ ചിരിപ്പിച്ച റപ്പായി കഥകള്‍
നാട്ടാരെല്ലാം തീറ്റ ചേര്‍ത്തു വിളിച്ച റപ്പായി 64ാം വയസില്‍ ഇങ്ങിനെ പറഞ്ഞു. \'എനിക്ക് ഭക്ഷണത്തിനപ്പുറം ചിന്തിക്കാന്‍ മറ്റുകാര്യങ്ങളുണ്ട്. ഞാന്‍ ഡോക്ടര്‍മാരെ അനുസരിക്കാന്‍ തീരുമാനിക്കുകയാണ്. പതിവനുസരിച്ച് തിന്നാന്‍ ഇനിയില്ല\'\'. ഹോട്ടലുകാര്‍ക്ക് ധൈര്യമായി ഇനി ശ്വാസംവിടാം, മുഴുശാപ്പാട് സമ്പ്രദായം വീണ്ടും തുടങ്ങാം- ഇങ്ങനെയാണ് റപ്പായിയുടെ തീറ്റയില്‍ നിന്നുള്ള വിരമിക്കലിനെ ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. അതു കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഡിസംബര്‍ ഒമ്പതിന് അദ്ദേഹം ഓര്‍മയ#യി. മോണ്‍സ്റ്റര്‍ ഈറ്റര്‍ എന്നായിരുന്നു റപ്പായിക്ക് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയിരുന്ന വിശേഷണം.
ഒരിക്കല്‍ ഒരു മലയാളി മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖത്തിന് ചെന്നപ്പോള്‍ \'റപ്പായിക്കഥകള്‍ അറിയില്ലേ\'യെന്നായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചോദ്യം. അതെ തൃശൂരിന്റെ സ്വന്തം തീറ്റ റപ്പായി തന്നെ. വര്‍ത്തമാനത്തിനിടെ ഇടയ്ക്കിടെ തീറ്റ റപ്പായിയുടെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും തീരാത്ത വിശപ്പ് റപ്പായിക്ക് ഭക്ഷണത്തോട് മാത്രമായിരുന്നു. രസികത്വം നിറഞ്ഞ ഒരു സര്‍ഗാത്മകതയായിരുന്നു റപ്പായിയുടെ തീറ്റ.
കാക്കി ഷര്‍ട്ടും മുണ്ടുമുടുത്ത് കൈയിലൊരു സഞ്ചിയുമായി തൃശൂര്‍ റൗണ്ടിലെ നിത്യ സാന്നിധ്യമായിരുന്നു റപ്പായി. മധുരത്തോടുള്ള കൊതി കൊണ്ടുപോയ പല്ലുകളില്ലാതെ അദ്ദേഹത്തിന്റെ ചിരി ആ നഗരത്തിന് അത്രമേല്‍ സുപരിചിതമായിരുന്നു.
പരിചയക്കാരായ കോളെജ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ നടത്തിയ ഒരു സാഹസമായിരുന്നു ആദ്യമായി റപ്പായിയുടെ പ്രശസ്തി പരക്കാന്‍ ഇടയാക്കിയത്. ഹോട്ടലുകാരുമായി തര്‍ക്കത്തിലായി ഒരു വിദ്യാര്‍ത്ഥി സഹായത്തിന് റപ്പായിയെ വിളിക്കുകയായിരുന്നു. അക്കാലത്ത് നിശ്ചിത തുക നല്‍കിയാല്‍ ആവശ്യമുള്ളത്ര ഭക്ഷണം നല്‍കുന്ന മുഴു ശാപ്പാട് സമ്പ്രദായം ഹോട്ടലുകളില്‍ വ്യാപകമായിരുന്നു. റപ്പായി തീറ്റ തുടങ്ങിയതോടെ ഹോട്ടലുകാര്‍ ശരിക്കും വിരണ്ടു. ഒടുവില്‍ വെജിറ്റേറിയനായ റപ്പായിയെ തളയ്ക്കാന്‍ അവര്‍ ഒരുപായം കണ്ടു. ഇനി മീന്‍ കറിയേയുള്ളൂവെന്ന് എന്നറിയച്ചപ്പോള്‍ എന്നാല്‍ അതാവാം എന്നായി റപ്പായി. ഹോട്ടലുകാര്‍ ഭക്ഷണം നല്‍കാന്‍ വിസമ്മിതിച്ചതോടെ ബഹളമായി. ആളുകളെത്തി, പോലീസെത്തി. ഒടുവില്‍ റപ്പായിയോട് അപേക്ഷിച്ച് ഹോട്ടലുടമ പ്രശ്‌നം തീര്‍ത്തു.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും ഹോട്ടലുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു റപ്പായി. തങ്ങളുടെ രാശിയായി റപ്പായിയെ അവര്‍ കണക്കാക്കാന്‍ തുടങ്ങിയതോടെ നിരവധി ഉദ്ഘാടനങ്ങള്‍ക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. തൃശൂരിനു പുറത്തും റപ്പായിയുടെ പേരില്‍ ഹോട്ടലുകളുണ്ടായി. റപ്പായിക്ക് സ്ഥിരം സൗജന്യമായി ഭക്ഷണം നല്‍കാനും ചില ഹോട്ടലുകാര്‍ തയ്യാറായിരുന്നു. കേരളത്തില്‍ എവിടെ തീറ്റ മത്സരമുണ്ടായിരുന്നാലും നാട്ടുകാര്‍ തിരയുന്നത് റപ്പായിയുടെ വിശേഷങ്ങളായിരുന്നു.
കഥകള്‍ സൃഷ്ടിച്ച് , സ്വയം കഥകളും കടങ്കഥകളുമായി മാറുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ തീറ്റയ്ക്ക് വലിയ പ്രാധാന്യം നല്‍കിയവര്‍ക്കൊക്കെ പിന്നീടത് വിളിപ്പേരായി \'തീറ്റ റപ്പായി\'.
5 -6- 2014 നല്ല ചായയുടെ ഫോര്‍മുല
ഉന്മേഷത്തിനും ഇടവേളയിലെ വിനോദത്തിനും ഒക്കെ ചായ കുടിക്കുന്നവരാണ് നാം. നല്ലൊരു ചായ മികച്ച ഒരു ദിവസവും ജോലിത്തിരക്കില്‍ ആശ്വാസവും നല്‍കുമെന്നാണ് വിശ്വാസം. പക്ഷേ, ഓരോരുത്തരുടെയും ചായ, ഛായ പോലെത്തന്നെ ഓരോ വിധമാണ്. ഏറ്റവും രുചികരമായ ചായയുടെ ഫോര്‍മുല ബ്രിട്ടണിലെ ഒരു കൂട്ടം കണക്കു വിദ്യാര്‍ഥികളാണ് കണ്ടെത്തിയത്. കടുപ്പവും നിറവും മണവും മധുരവുമെല്ലാം പാകത്തിനാകാന്‍ ചേരുവകള്‍ ചേര്‍ക്കേണ്ട കൃത്യം അളവും പാകം ചെയ്യേണ്ട സമയക്രമവുമെല്ലാമാണ് ഇവര്‍ കണ്ടെത്തിയത്. ഒരു നിര്‍മാണ കമ്പനിയാണ് തങ്ങളുടെ തൊഴിലാളികള്‍ക്ക് ഏറ്റവും നല്ല ചായയുണ്ടാക്കി കൊടുക്കുന്നതിനായി ലീസെസ്റ്റര്‍ സര്‍വകലാശാലയെ സമീപിക്കുകയായിരുന്നു.
2 ബി+30 ആര്‍+ഇ(എം+സക്യു+ടി)+ 10 ഡബ്ല്യു = കിടിലന്‍ ചായ എന്നതായിരുന്നു ആ സമവാക്യം.
സംഗതി ഇത്രയേ ഉള്ളൂ. 2 ബി എന്നാല്‍ തിളപ്പിക്കാന്‍ വേണ്ട സമയം 2 മിനിറ്റ് എന്നാണ്. 30 ആര്‍ എന്നാല്‍ ചായ ആറാന്‍ വയ്‌ക്കേണ്ട സമയം 30 സെക്കന്‍ഡ് എന്ന്. ഒരു വലിയ കപ്പും ഉയര്‍ന്ന ഗുണനിലവാരമുള്ള ടീ ബാഗും അത്രയും തന്നെ പഞ്ചസാരയും കൂട്ടിച്ചേര്‍ത്തു കഴിഞ്ഞാല്‍ \'ഇ ആയി. 10 ഡബ്ല്യു എന്നാല്‍ 10 മില്ലി ലീറ്റര്‍ പാല്‍. അതായത് പാത്രത്തിലെ 10 മില്ലി ലീറ്റര്‍ പാലില്‍ ടീ ബാഗും പഞ്ചസാരയുമിട്ട് രണ്ടു മിനിറ്റ് തിളപ്പിച്ച് 30 സെക്കന്‍ഡ് ആറാന്‍ വച്ചു കഴിഞ്ഞാല്‍ ഏറ്റവും മികച്ച ചായ റെഡി.
9 -5- 2014 പുലിക്കു മുന്നില്‍, ലോഹിക്കൊപ്പം
ലോഹിയുടെ ഭാര്യ പറയാറുണ്ട്, ഞാനും ലോഹിയും തമ്മില്‍ കണ്ടാല്‍ കുട്ടികളെ പോലെയാണെന്ന്. ശരിയാണ്, ഒരേ നാട്ടുവഴിയിലെ കൂട്ടുകാരെപ്പോലെ ഒന്നിച്ചു കാണുമ്പോഴെല്ലാം ഒരേ ഉന്മേഷങ്ങളില്‍ കെട്ടിമറിഞ്ഞു. ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട് ലോഹിക്കൊപ്പം. കുടജാദ്രിയില്‍ ആദ്യമായി കൊണ്ടുപോയത് ലോഹിയാണ്. വണ്ടിയില്‍ പോകാനായിരുന്നു തീരുമാനം. പക്ഷേ, ലോഹി പറഞ്ഞു \'കുടജാദ്രിയില്‍ നടന്നുതന്നെ പോകണം. മലകയറണം. മല കയറുമ്പോള്‍ ഹൃദയഭാരങ്ങളെല്ലാം ഇല്ലാതാകും. നമ്മുടെ ഭാരം ഇറക്കി വയ്ക്കുന്ന ഇടമാണ് കുടജാദ്രി.
ലോഹിക്കു പിന്നാലെ മല കയറി. ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു. എന്നാലും ആവേശം കൈവിട്ടില്ല. ലോഹിയുണ്ടല്ലോ കൂടെ. ഒരിടത്തെത്തിയപ്പോള്‍ ലോഹി എന്നോട് നിശബ്ദനാവാന്‍ ആംഗ്യം കാട്ടി. എന്നിട്ട് പതുക്കെ പറഞ്ഞു \'പുലിയുടെ മണമുണ്ട്. ശ്വാസം വിടരുത്, ശബ്ദമുണ്ടാക്കരുത്. ഒരുപക്ഷേ ഇത് നമ്മുടെ അവസാന യാത്രയാകാം. എങ്കിലും സാരമില്ല, കുടജാദ്രിയില്‍ വെച്ചാണല്ലോ മരണം. മോക്ഷം കിട്ടും...\'
എനിക്ക് ഹൃദയ സ്തംഭനമുണ്ടാകും പോലെ തോന്നി. ചെയ്യാനിരിക്കുന്ന സിനിമകള്‍, നിമ്മിയും മക്കളും എല്ലാം ഒരു തേങ്ങലോടെ മനസില്‍ വന്നു. പുലിക്കു കൊടുക്കാനായാണോ ലോഹി എന്നെ ഇങ്ങോട്ടു കൊണ്ടുവന്നത്.
എന്റെ മുഖഭാവം കണ്ട ലോഹിതദാസ് ഉറക്കെച്ചിരിച്ചു. \' ഒരു നിമിഷം ജിവിതത്തെക്കുറിച്ച് ആലോചിച്ച് പോയല്ലേ. അതാണ്, പുലിക്കു മുന്നില്‍ നില്‍ക്കുമ്പോഴും നാം ജീവിതത്തെക്കുറിച്ചാണ് ആലോചിക്കുന്നത്, മരണത്തെക്കുറിച്ചല്ല\'.
വലിയൊരു ഫിലോസഫിയായിരുന്നു അത്. നാം എപ്പോഴും ജീവിതത്തെക്കുറിച്ചു തന്നെ ചിന്തിക്കുന്നു. ജീവിതം, ജീവിതം....
(താഹ മാടായിയുടെ ആത്മസൗഹൃദം എന്ന പുസ്തകത്തില്‍ സത്യന്‍ അന്തിക്കാട് എഴുതിയ ലേഖനത്തില്‍ നിന്ന്).
6 -5- 2014 പ്രവാസികള്‍ക്കായി കുക്കറി റിയാലിറ്റി ഷോ
മലയാള ടിവി പ്രേക്ഷകര്‍ക്കായി പുതിയ കുക്കറി റിയാലിറ്റി ഷോ വരുന്നു. അറേബ്യന്‍ വിഭവങ്ങളുടെ പാചക മത്സരമായ ഈ റിയാലിറ്റി ഷോ ‘അറബിക് കുക്ക് ബുക്ക്’ എന്ന പേരില്‍ കൈരളി ടിവി ഉടന്‍ സംപ്രേഷണം ആരംഭിക്കും. പ്രവാസി മലയാളികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഈ റിയാലിറ്റി ഷോയ്ക്ക് പാചക വിദഗ്ധന്‍ ബിഗ് ഷെഫ് നൗഷാദ് നേതൃത്വം നല്‍കും. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒരു അറേബ്യന്‍ വിഭവത്തിന്റെ റെസിപ്പിയും ഫോട്ടോയും ബയോഡാറ്റയും arabiancookbook@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. പങ്കെടുക്കുന്നവര്‍ക്ക് ബിഗ് ഷെഫ് നൗഷാദിനൊപ്പം പാചക പഠനവും ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും. പരിപാടിയുടെ ആദ്യ ഓഡിഷന്‍ മേയ് 9ന് കൊച്ചിയില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745616860 എന്ന നമ്പറില്‍ ബന്ധപ്പെടുക.
16 -4- 2014 യാചകനായി ലാലിന്റെ വിഷുസദ്യ
അക്ഷരാര്‍ത്ഥത്തില്‍ ഒരു യാചകന്റെ വേഷത്തിലാണ് ഇത്തവണ മലയാളത്തിന്റെ പ്രിയനടന്‍ വിഷു സദ്യയുണ്ടത്. അദ്ദേഹം തന്നെ ഇതിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടപ്പോള്‍ ആരാധകര്‍ അമ്പരുന്നു. താടിയും മുടിയും നീട്ടി പ്രാകൃത വേഷത്തിലിരുന്ന് താര ജാഡകളില്ലാതെയാണ് വിഷു നാളില്‍ ലാലേട്ടന്‍ ഉച്ചഭക്ഷണം കഴിച്ചത്. ഹാവിങ് വിഷു സദ്യ എന്നാണ് ചിത്രത്തിന്റെ കുറിപ്പ്.
പുതിയ ചിത്രമായ കൂതറയ്ക്കു വേണ്ടിയുള്ള മേക്കപ്പോടുകൂടിയാണ് ലൊക്കേഷനിലുള്ള തോണിയില്‍ ഇരുന്ന് മോഹന്‍ലാല്‍ ഉച്ചഭക്ഷണം കഴിച്ചത്. സൂപ്പര്‍താരത്തിന് ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ് ഇത് കാണിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. ചിത്രത്തിന് ഏറെ ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുമുണ്ട്. ഒരു ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ഒറ്റ ദിവസത്തില്‍ ലഭിച്ചത്. മാന്‍ ഓഫ് സിംപ്‌ളിസിറ്റി എന്നാണ് ഏറെ പേരുടെയും കമന്റ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വില്ലന്‍ ടച്ചുള്ള വേഷമാണ് ചെയ്യുന്നതെന്നാണ് സൂചന. മോഹന്‍ലാലിനെ കൂടാതെ ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മനു എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
20 -5- 2014 ആരാധകനെ കരയിച്ച മമ്മൂട്ടി
മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും ഇപ്പോള്‍ അത്ര നല്ല കാലമല്ല. രണ്ടു വര്‍ഷമായി ഒരു മാസ് ഹിറ്റിന് കൊതിക്കുകയാണ് മെഗാസ്റ്റാര്‍ ഫാന്‍സ്. ശരീരം കാത്തുസൂക്ഷിക്കുന്നതിലും സിനിമയ്ക്കായി ഒരുക്കിയെടുക്കുന്നതിലും മലയാളത്തില്‍ ആരുണ്ട് അദ്ദേഹത്തെ വെല്ലാന്‍. അദ്ദേഹത്തിന്റെ ഡയറ്റിംഗ് വിശേഷങ്ങള്‍ നാം ഏറെ കേട്ടതാണ്. എന്നാല്‍ പ്രിയതാരത്തിന്റെ തീറ്റ കണ്ട് കണ്ണു നിറഞ്ഞുപോയ ഒരു ആരാധകന്റെ കഥ കേട്ടിട്ടുണ്ടോ?.
ഒരിക്കല്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ഉച്ചയ്ക്ക് മമ്മുക്ക കാരവനില്‍ കയറി ഭക്ഷണം കഴിക്കാനിരുന്നു. ഷൂട്ടിംഗ് കാണാനെത്തിയ ആരാധകന് കലശലായ മോഹം, അദ്ദേഹം കഴിക്കുന്നതെന്താണൈന്ന് അറിയണം. ദിവസവും ചിക്കന്‍ ബിരിയാണിയൊക്കെയായിരിക്കും താരങ്ങളുടെ മെനു എന്നായിരുന്നു പാവം കരുതിയിരുന്നത്. വിന്‍ഡോയിലൂടെ മെല്ലെ ഒളിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച പക്ഷേ, ആരാധകനെ ഞെട്ടിച്ചു. ഒരു ചപ്പാത്തിയും ഒരു പിടി ചോറും മാത്രമായിരുന്നു മമ്മൂട്ടി കഴിച്ചു കൊണ്ടിരുന്നത്. താന്‍ ദിവസവും സുഭിക്ഷമായി കഴിക്കുമ്പോള്‍ മമ്മുക്ക ഇങ്ങിനെയാണല്ലോ കഴിക്കുന്നത് എന്നോര്‍ത്തപ്പോള്‍ ആരാധകകന് സങ്കടം സഹിക്കാനാല്ലെന്നും പറയുന്നു.
കാര്‍ബോ ഹൈഡ്രേറ്റ് നിറഞ്ഞ ചോറ് ഒഴിവാക്കാനായി പിന്നീടാണ് അദ്ദേഹം ഓട്‌സിലേക്ക് തിരിഞ്ഞത്. കേരളത്തില്‍ താമസമായതോടെ കഴിയാവുന്നപ്പോഴെല്ലാം വീട്ടില്‍ നിന്നുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. മാസത്തിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി കഴിക്കും. ഫങ്ഷനുകള്‍ക്കെല്ലാം പോകുമ്പോഴും പുറമേ നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാനും അദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു.
9 -3- 2014 ചില പുട്ട് വിശേഷങ്ങള്‍
പുട്ടിനും കലയ്ക്കും തമ്മില്‍ വല്ലാത്ത അടുപ്പമാണ്, അല്ലെങ്കിലും പുട്ടും ഒരു കലയാണല്ലോ. സിനിമയിലും മിമിക്രിയിലും പാട്ടിലുമെല്ലാം ഏറെ പരാമര്‍ശിക്കപ്പെട്ട കേരളീയ പലഹാരമേതെന്ന് ആരെങ്കിലും ചോദിച്ചാല്‍ പുട്ടു പോലെ ഉത്തരം പറയാം, പുട്ട്.
പക്ഷേ പുട്ട് അത്രയ്ക്കങ്ങ് കേരളീയനല്ലെന്നാണ് ചില ചരിത്രകാരന്മാര്‍ പറയുന്നത്. പാലി ഭാഷയില്‍ നിന്നാണ് പുട്ടെന്ന പദമുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. portioned എന്ന് അര്‍ത്ഥമുള്ള തമിഴ് വാക്കില്‍ നിന്നാണ് പുട്ടുണ്ടായതെന്നും വാദമുണ്ട്. 15ാം നൂറ്റാണ്ടിലെ തമിഴ് കൃതികളില്‍ പുട്ടിനെ പറ്റി പരാമര്‍ശമുണ്ടത്രേ. ഇന്ന് പ്രധാനമായും കേരളത്തിലാണ് പുട്ട് പ്രചാരത്തിലുള്ളത്. തമിഴ്‌നാടിനും പോണ്ടിച്ചേരിക്കും പുറമേ ശ്രീലങ്കയിലും പുട്ടുണ്ടാക്കുന്നുണ്ട്. അരി പുട്ടിനേക്കാള്‍ ഗോതമ്പു പുട്ടാണ് ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് പ്രിയം.
ദിലീപും നാദിര്‍ഷയുമാണ് അടുത്തകാലത്ത് പുട്ടിന് ഇത്രയേറെ മാര്‍ക്കറ്റുണ്ടാക്കിയ രണ്ടു പേര്‍. ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടവുമായി തുടങ്ങിയ ഇവര്‍ ഇപ്പോള്‍ കൊച്ചിയിലൊരു അടിപൊളി പുട്ട് കട നടത്തുന്നു. കടയുടെ പേരു തന്നെ \' ദേ പുട്ട് \'. ചോക്ലേറ്റ് പുട്ടും ചായ പുട്ടും വരെയുള്ള നിരവധി പുട്ട് വെറൈറ്റികളാല്‍ ഏറെ പ്രസിദ്ധമാണ് ഈ കട.
ഈ പുട്ട് സ്‌നേഹം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നാണ് ദിലീപും നാദിര്‍ഷയും പറയുന്നത്. പണ്ട് മിമിക്രിയുമായി കറങ്ങി നടക്കുമ്പോള്‍ കഴിച്ചാല്‍ വയറ്റില്‍ കിടക്കുന്നതും കടിച്ചും പൊടിച്ചുമെല്ലാം എളുപ്പത്തില്‍ കഴിക്കാവുന്നതുമായ വിഭവമായിരുന്നു പുട്ട്. തീരെ സമയമില്ലെങ്കില്‍ പുട്ട് ചായയില്‍ ഇട്ട് ഒറ്റവലിക്ക് കുടിച്ചു തീര്‍ക്കാമെന്നും സൗകര്യമുണ്ട്.
പുട്ടിനെ ആദ്യമായി, കാര്യമായി സിനിമയിലെടുക്കുന്നത് ഇവരാരുമല്ല, സാക്ഷാല്‍ മമ്മൂട്ടിയാണ്. ഓര്‍ക്കുന്നില്ലെ പുട്ടുറുമീസിനെ. സൂര്യമാനസത്തിലെ പുട്ട് ജീവനായ മമ്മൂട്ടി കഥാപാത്രം. ഒറ്റയിരുപ്പിന് എത്ര പുട്ട് വേണമെങ്കിലും അകത്താക്കാന്‍ തയ്യാറുള്ളതു കൊണ്ടാണ് ഉറുമീസ് പുട്ടുറുമീസ് ആയത്. ജീവിതത്തിലും മമ്മുക്കയ്ക്ക് ഏറെ പ്രിയം പുട്ടിനോടുണ്ട്. പക്ഷേ ഇപ്പോള്‍ കഴിക്കുന്നത് ഓട്ട്‌സ് പുട്ടാണെന്നു മാത്രം.
പിന്നെ ആരെങ്കിലും കാശെടുത്ത് തോന്നിയപോലെ ചെലവാക്കിയാല്‍ നമ്മള്‍ മലയാളീസ് എന്താ പറയാ? അതെടുത്ത് പുട്ടടിച്ചൂന്ന് അല്ലേ... അതാണ് പുട്ടും കേരളീയ ജീവിതവുമായുള്ള ബന്ധം.
പുട്ടുണ്ടല്ലോ, പുട്ടിന്‍ പൊടിയുണ്ടല്ലോ.....:-
അതെ പാട്ടിലുമുണ്ട് പുട്ടിന് ഗമ പറയാനുള്ള വക. പുട്ടുണ്ടല്ലോ എന്ന അടിപൊളി ന്യു ജെന്‍ സോംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഹരമായിരുന്നു. പുട്ടിനോടുള്ള പ്രിയം തലമുറകള്‍ കഴിഞ്ഞാലും മലയാളിക്ക് മാറില്ലെന്ന് സാരം. പുട്ടു പാട്ടുകള്‍ ഏറെയുള്ളത് മാപ്പിള ശീലുകളില്‍ തന്നെ. വിഭവങ്ങള്‍ ഏറെ നിരക്കുന്ന മലബാറിന്റെ വിരുന്നു പെരുമ ഏറെ പാട്ടിന് വിഷയമായിട്ടുണ്ട്. അക്കൂട്ടത്തില്‍ പുട്ടിനുമുണ്ട് വലിയ സ്ഥാനം.
എന്താണെന്നറിയില്ല... എന്തുകൊണ്ടെന്നറിയില്ല,
ആവി ബന്നില്ല.. പുട്ടിന്നാവി ബന്നില്ലാ.....
എന്നോടു കളിക്കേണ്ട ഉണക്കപ്പുട്ടേ,
മൈസൂര് പഴം കൂട്ടി അടിക്കും നിന്നേ..
8 -3- 2014 റെസ്‌പോണ്‍സിബിള്‍ ടൂറിസം 112 പഞ്ചായത്തുകളിലേക്ക് കൂടി
കുമരകം കേന്ദ്രമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നന റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതി 112 പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കും. കുമരകത്തേ പദ്ധതിക്ക് കഴിഞ്ഞമാസം ഐക്യരാഷ്ട്ര സഭ ടൂറിസം ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിരുന്നു.
സാമൂഹികവും പാരിസ്ഥിതികവുമായി വൈവിധ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വിപണി വിപുലമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പ്രാദേശികമായ വിവിധ സാമൂഹ്യകൂട്ടായ്മകളുടെ സഹകരണവും ഉറപ്പാക്കും. സാമൂഹ്യ ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം, സാമ്പത്തിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി പ്രാദേശിക സമൂഹങ്ങള്‍ക്കു കൂടി പ്രയോജനം ലഭിക്കും വിധമാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
4 -3- 2014 കടലിനടിയില്‍ ഹോട്ടല്‍
ചുറ്റും ഇരമ്പിയാര്‍ക്കുന്ന തിരകള്‍ക്കു നടുവിലിരുന്ന് ഇനി ചായയും കാപ്പിയുമൊക്കെ നുണയാം.
മാലിദ്വീപിലെ കുരെദിവരു ദ്വീപിന്റെ തീരത്തുള്ള കടലിലാണ് വാട്ടര്‍ ഡിസ്‌കസ് ഹോട്ടല്‍ എന്ന പേരില്‍ ഹോട്ടല്‍ തയ്യാറാകുന്നത്. രണ്ട് ഡിസ്‌കുകള്‍ ഒന്നിച്ചു ചേര്‍ന്ന മാതൃകയിലാണ് ഹോട്ടലിന്റെ നിര്‍മാണം. മുകളിലത്തെ ഡിസ്‌ക് വെള്ളത്തിന് മുകളിലും രണ്ടാമത്തേത് വെള്ളത്തിടിയിലും ആയിരിക്കും.
വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്ന ഈ ഹോട്ടല്‍ കടലിനടിയില്‍ ഹുവാഫെന്‍ ഫുഷി എന്ന സ്പായും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഹോട്ടലിന്റെ പ്രാഥമിക ഡിസൈനിംഗും മറ്റും ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ മാലിദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചോളൂ. കടലിനടിയിലെ സത്ക്കാരം ആസ്വദിക്കാമല്ലോ...
3 -3- 2014 സദ്യ എങ്ങനെ വിളമ്പും
കേരളത്തിന്റെ പരമ്പരാഗത സസ്യഭക്ഷണമായ സദ്യ വാഴയിലയിലാണ് വിളമ്പുന്നതെന്ന് ഏവര്‍ക്കും അറിയാമായിരിക്കും എന്നാല്‍ സദ്യ വിളമ്പുന്നതിന്റെ പരമ്പരാഗത രീതി പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലെന്നതാണ് സത്യം. ഉണ്ണാനിരിക്കുന്നയാളിന്റെ ഇടതുവശത്തേക്ക് അഗ്രം വരത്തക്കവിധമാണ് ഇലയിടേണ്ടത്. 14 കറികളില്‍ കൂടുതലുള്ളപ്പോഴാണ് ശാസ്ത്രീയമായി സദ്യ എന്ന് പറയാനാകുക.
ചെറുപഴം, ശര്‍ക്കര ഉപ്പേരി, ഉപ്പേരി, പപ്പടം, അച്ചാറുകള്‍, ഇഞ്ചിക്കറി, തോരന്‍, കാളന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി എരിശേരി, കൂട്ടുകറി എന്ന ക്രമത്തില്‍ ഇടത്തു നിന്ന് വലത്തോട്ട് ഇലയുടെ മുകളില്‍ കറികള്‍ വിളമ്പും.
ഇലയുടെ പകുതിക്കു താഴെയാണ് ചോറുവിളമ്പുക. ചെറുപരിപ്പും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന പരിപ്പുകറിയാണ് ചോറിനൊപ്പം ആദ്യം വിളമ്പേണ്ടത്. വിവിധ പച്ചക്കറികള്‍ക്കൊപ്പം ഉള്ളി, മുളക്, മല്ലി, തുവര, കായം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സാമ്പാര്‍ ഇതെത്തുടര്‍ന്നു വിളമ്പും. ചിലയിടങ്ങളില്‍ കാളന്‍ ചോറിനൊപ്പമാണ് വിളമ്പുക.
തുടര്‍ന്ന് വിവിധ പായസങ്ങള്‍. പാലട പ്രഥമന്‍ തന്നെയാണ് സദ്യയില്‍ പ്രധാനി. പായസത്തിനൊപ്പമാണ് പഴവും കഴിക്കേണ്ടത്. പായസത്തിനു ശേഷം രസം കൂട്ടിക്കഴിക്കുന്നതിനായി വീണ്ടും ചോറുവിളമ്പും. കുരുമുളകു പൊടിയും പുളിയും ചേര്‍ത്താണ് സുഗന്ധമുള്ള രസം ഉണ്ടാക്കുന്നത്. പച്ചമോരില്‍ മഞ്ഞള്‍പൊടിയും മുളകു പൊടിയും ഇട്ട് ചൂടാക്കിയെടുക്കുന്ന കാളനും തുടര്‍ന്ന് ഇഞ്ചിയും പച്ചമുളകുമിട്ട പച്ചമോരും വിളമ്പുന്നതോടെ സദ്യ പൂര്‍ണമാകുന്നു.
പ്രാദേശികമായും വിവിധ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചും ഈ രീതികളില്‍ വ്യത്യാസങ്ങളുമുണ്ട്.
24 -2- 2014 പച്ചമുളക് കേടാകാതിരിക്കാന്‍
പാചകം ചെയ്തു ജീവിക്കുന്ന ബാച്ചിലേഴ്‌സിന്റെ പ്രോബ്ലംസില്‍ ഒന്നാണ് വാങ്ങുന്ന പച്ചക്കറികളില്‍ കറിവേപ്പിലയുടെയും പച്ചമുളകിന്റെയും മറ്റും അളവ് അധികമാകുകയെന്നത്. പലപ്പോഴും ഫ്രിഡ്‌ജൊന്നും ഇല്ലാതെ ഇവ അഴുകിപ്പോകുകയോ ഉണങ്ങിപ്പോകുകയോ ആണ് പതിവ്. പച്ചമുഴക് സൂക്ഷിക്കാന്‍ ഇതാ ഒരു പൊടിക്കൈ. സ്ഥടിക ഭരണിയില്‍ അല്‍പ്പം മഞ്ഞള്‍പ്പൊടി വിതറി അതിനു മുകളില്‍ അതിനു മുകളില്‍ പച്ചമുളക് സൂക്ഷിച്ചാല്‍ വാടിപ്പോകില്ല.
23 -2- 2014 6 ആകര്‍ഷണങ്ങള്‍
കേരളത്തില്‍ തീര്‍ച്ചയായും പോകേണ്ട 6 സ്ഥലങ്ങള്‍ ഇവയാണെന്ന് പ്രശസ്തമായ ഗോ ഇന്ത്യ എബൗട്ട്.കോം പറയുന്നു.
1. ആലപ്പുഴയുടെ കായലുകളിലൂടെ ഒരു യാത്ര. കൂടെ നാടന്‍ രുചികളും നാടന്‍ കള്ളും രുചിക്കാന്‍ മറക്കരുതെന്ന് സൈറ്റിന്റെ നിര്‍ദേശം
2. ഫോര്‍ട്ട് കൊച്ചി- ചരിത്ര പ്രാധാന്യവും ആകര്‍ഷണീയതയുമുള്ള പ്രദേശം
3. മൂന്നാര്‍- ആനമുടി, ഇരവികുളം ദേശീയോദ്യാനം എന്നിവയാണ് സമീപത്തെ ആകര്‍ഷണീയതകള്‍.
4. വര്‍ക്കല ബീച്ച്- ഇന്ത്യയിലെ തന്നെ മികച്ച ബീച്ചുകളിലൊന്നെന്ന് വിശേഷണം
5. വയനാട്- ചേമ്പ്ര കൊടുമുടിയും എടക്കല്‍ ഗുഹയും വന്യമൃഗങ്ങളും പുരാതന ജൈന ക്ഷേത്രങ്ങളും ആകര്‍ഷണീയതകള്‍. പ്രകൃതിഭംഗി നിറഞ്ഞ പശ്ചിമഘട്ട പ്രദേശം
6. പെരിയാര്‍ ദേശീയ ഉദ്യാനം- ദക്ഷിണേന്ത്യയിലെ മികച്ച ദേശീയ ഉദ്യാനം. വര്‍ഷം മുഴുവന്‍ പ്രവേശനമുള്ള ഇവിടം എക്കോടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലമാണ്.
17 -2- 2014 മമ്മുക്കയ്ക്ക് പ്രിയപ്പെട്ടത്
മലയാളത്തിന്റെ മെഗാതാരം മമ്മുക്കയുടെ ഡയറ്റിങ്ങും ആരോഗ്യപരിപാലനവുമെല്ലാം ഏവര്‍ക്കും സുപരിചിതമാണ്. അദ്ദേഹത്തിന്റെ അഭിരുചികളും രുചിയോടും യാത്രകളോടുമുള്ള ഇഷ്ടങ്ങളുമൊക്കെ പലപ്പോഴായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. പ്രിയതാരത്തിന്റെ ചിലയിഷ്ടങ്ങളെക്കുറിച്ച് നമുക്കൊന്നറിയാം.....
ഭക്ഷണം- ഭാര്യ പാകം ചെയ്യുന്നത്.
സസ്യാഹാരം- സാമ്പാര്‍, ചമ്മന്തി,ചട്ടിയില്‍ പാകം ചെയ്യുന്നവ.
മാംസാഹാരം- കഴിക്കാന്‍ പാടില്ലെന്ന് ഉറപ്പായവ ഒഴിച്ചുള്ളതെല്ലാം.
ചൈനീസ്- മീന്‍ ഭക്ഷണം.
കോണ്ടിനന്റല്‍- ഒന്നുമില്ല.
പഴങ്ങള്‍- എല്ലാം.
മധുരം- ഐസ്‌ക്രീം മാത്രം.
ഹോട്ടലുകള്‍- ലീലാ കെമ്പിന്‍സ്‌കി,
പങ്കജ് തിരുവനന്തപുരം,
അബാദ് പ്ലാസ കൊച്ചി,
ടാജ് മലബാര്‍ കോഴിക്കോട്.
ഇഷ്ട സ്ഥലം- വീട്.
ഷോപ്പിംഗ് മാള്‍- എവിടെയുള്ളതും.
കളി- വോളിബോള്‍.
സലൂണ്‍- ഒലേ.
സിനിമയിലെ ഇഷ്ട സംഭാഷണം- പ്രത്യേകിച്ച് ഒന്നുമില്ല.
(ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട് മമ്മൂട്ടി ഡോട്ട് കോം)
15 -2- 2014 രുചിയിഷ്ടങ്ങളുമായി മോഹന്‍ലാല്‍
അഭിനയം പോലെതന്നെ പാചകവും തനിക്ക് ഹരമാണെന്ന് മലയാളികളുടെ പ്രിയ ലാലേട്ടന്‍. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസിനു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ തന്റെ രുചിയിഷ്ടങ്ങള്‍ പങ്കുവച്ചത്. അവസരം കിട്ടുമ്പോഴെല്ലാം സുഹൃത്തുക്കളുമൊത്ത് രുചിയുള്ള ഭക്ഷണം തേടി യാത്ര നടത്താറുണ്ട്. പലയിടങ്ങളിലും അന്വേഷിച്ചു ചെന്നു രുചിച്ച ഭക്ഷണത്തിന്റെ റെസിപ്പി മനസിലാക്കുകയും പരീക്ഷിക്കുകയും ചെയ്യാറുണ്ട് അദ്ദേഹം.
താന്‍ പാചകം ചെയ്തു നല്‍കുന്നത് പലര്‍ക്കും ഇഷ്ടമാണ്. വീട്ടില്‍ ചെല്ലുമ്പോള്‍ താനുണ്ടാക്കി നല്‍കുന്ന ഭക്ഷണം ദിവസങ്ങളോളം സൂക്ഷിച്ചു വച്ച് കഴിക്കുന്നവരുണ്ട്. അതിനു കാരണവും ലാല്‍ വെളിപ്പെടുത്തി. താന്‍ ചേരുവകള്‍ ഉപയോഗിച്ചല്ല, സ്‌നേഹം കൊണ്ടാണ് പാചകം ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. മുമ്പ് ജില്ല എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് വിജയിനു വേണ്ടി പാചകം ചെയ്യുന്ന ഫോട്ടോ ലാല്‍ അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ വീടുകളിലും ചെന്ന് രുചിയുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അത് മറ്റുള്ളവരുമായും അത് പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാറുണ്ട്. അതിനായി ചോദിച്ചു മനസിലാക്കിയ റെസിപ്പികള്‍ പണ്ട് ഒരു മാഗസിനു വേണ്ടി പ്രസിദ്ധീകരിച്ചിരുന്നതും ലാല്‍ ഓര്‍ത്തെടുത്തു. ലാലിന്റെ ഭക്ഷണപ്രേമത്തെക്കുറിച്ച് സുഹൃത്തുക്കളുടെ കമ്മന്റുകളും അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
20 -2- 2014 കലോത്സവത്തിലെ പാചകം
കലോത്സവത്തിലെ പാചകം ഒരു കോംപറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ടു മാത്രം സമ്മാനമൊന്നും കിട്ടാതെ പോയ പ്രതിഭയാണ് പഴയിടം മോഹനന്‍ നമ്പൂതിരി. പക്ഷേ, ആദരവും പ്രശസ്തിയും ഒട്ടും കുറവില്ല അദ്ദേഹത്തിന്. പതിനഞ്ച് വര്‍ഷത്തോളമായി ഈ കോട്ടയം ഉഴവൂര്‍ സ്വദേശി കലോത്സവങ്ങള്‍ക്ക് വെച്ചുവിളമ്പാന്‍ തുടങ്ങിയിട്ട്. മത്സരത്തിന് ദീര്‍ഘനാളത്തെ തയ്യാറെടുപ്പുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വസിച്ച് കഴിക്കാം അദ്ദേഹമൊരുക്കുന്ന രുചിക്കൂട്ടുകള്‍.
ബിരുദാനന്തര ബിരുദം കഴിഞ്ഞ് ജോലിക്കായി നിരവധി ശ്രമിച്ചെങ്കിലും കാര്യമായി ഫലം കാണാതെ വന്നപ്പോഴാണ് 1ദ8 വര്‍ഷം മുമ്പ് പഴയിടം പാചകം പ്രൊഫഷനായി സ്വീകരിച്ചത്. പിന്നീടങ്ങോട്ട് ആ കൊപ്പുണ്യം നുണഞ്ഞ നാവുകളെല്ലാം അദ്ദേഹത്തിന്റെ പരസ്യ പ്രചാരകരായി. ഇത്തവണത്തെ അഞ്ച് ജില്ലാ കലോത്സവങ്ങള്‍ക്ക് രുചി പകര്‍ന്ന ശേഷമാണ് അദ്ദേഹം സംസ്ഥാന കലോത്സവത്തിനായി പാലക്കാട്ട് എത്തിയിട്ടുള്ളത്. സംസ്ഥാന ശാസ്ത്ര മേളയ്ക്കും കായിക മേളയ്ക്കുമെല്ലാം ഒഴിവുണ്ടെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും ദീര്‍ഘകാലമായി പാചകത്തിന്റെ ചുമതല വഹിക്കുന്നത്.
ഇത്തവണ ഊട്ടുപുര തുടങ്ങി ആദ്യ സദ്യ രുചിക്കാന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബുമാണ്ടായിരുന്നു. റബ്ബിന് ഏറെ ഇഷ്ടപ്പെട്ടത് അമ്പലപ്പുഴ പാല്‍പ്പായസം. പഴയിടത്തിന്റെ രുചി പെരുമയെക്കുറിച്ച് മന്ത്രിക്കും പറയാനുള്ളത് നല്ലത് മാത്രം.
ഉഴവൂരിലെ ഇല്ലത്തിനോടു ചേര്‍ന്നു 15000 പേര്‍ക്ക് സദ്യ തയ്യാറാക്കാവുന്ന കലവറയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. നൂറിലധികം ജോലിക്കാര്‍ സഹായത്തിനായിട്ടുണ്ട്. ഇവിടത്തെ മാലിന്യങ്ങള്‍ സംസ്‌കരിക്കാനം വെള്ളം ശുചീകരിക്കാനുമെല്ലാം ഇവിടെത്തന്നെ സൗകര്യങ്ങളുണ്ട്. സ്വന്തം വിഭങ്ങളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയം പൊനാപ്പിള്‍ പച്ചടിയാണ്. ഓണക്കാലത്തും വിശേഷാവസരങ്ങളിലുമെല്ലാം വിദേശത്തുള്‍പ്പടെ വലിയ ഡിമാന്റാണ് പഴയിടം ഒരുക്കുന്ന സദ്യയ്ക്ക്. ടിവി ചാനലുകാര്‍ക്കും അദ്ദേഹം പ്രിയപ്പെട്ട താരം തന്നെ.
©kadumanga.com. All Rights Reserved.Powered By Sofdia Technologies
