Food, Travelogue website in malayalam

14 -7- 2014 നേന്ത്രപ്പഴയപ്പം ‍‍

ചേരുവകള്‍: ഏത്തപ്പഴം -രണ്ടെണ്ണം അരിപ്പൊടി -ഒരു കപ്പ് തേങ്ങാ ചിരകിയത് -ഒരു മുറി തേങ്ങാപാല്‍ - അര ഗ്ലാസ് ജീരകം -ഒരു നുള്ള് ഏലയ്ക്ക - ഒന്ന് ഉപ്പ്- ഒരു നുള്ള് പഞ്ചസാര -ആറേഴു സ്പൂണ്‍ പാകം ചെയ്യുന്ന വിധം: തേങ്ങയും ജീരകവും ഏലക്കായും നല്ല വെണ്ണ പോലെ അരച്ചെടുക്കുക.ഇത് അരിപ്പൊടിയില്‍ ചേര്‍ത്ത് തേങ്ങാപാലോ ഇളം ചൂട് വെള്ളമോ ഒഴിച്ചു അപ്പത്തിനെക്കാളും അല്പം മുറുകിയ പാകത്തില്‍ യോജിപ്പിക്കുക. ഉപ്പും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക.ഏത്തപ്പഴം ചെറു കഷ്ണങ്ങള്‍ ആയി മുറിച്ചത് ഇതില്‍ ചേര്‍ത്ത് ഇളക്കുക.മയം പുരട്ടിയ ഒരു പാത്രത്തില്‍ ഇതൊഴിച്ച്ചു ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മാത്രം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം. ‍....

See More...

9 -7- 2014 ഇറച്ചി അപ്പം ‍‍

ഇറച്ചി ഉപ്പിട്ടു വേവിച്ച് ചീകിയത്-250 ഗ്രാം കയമ അരി- 1 കപ്പ് തേങ്ങ - 1 പകുതി മുട്ട -1 എണ്ണം ഉപ്പ് - പാകത്തിന് സവാള - 1 (ചെറുത്) പച്ചമുളക് -2 എണ്ണം മല്ലിയില, മുളകുപൊടി - അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - ഒരു നുള്ള് വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി -1 കഷണം കറിവേപ്പില ആവശ്യത്തിന് പാകം ചെയ്യുന്ന വിധം: അരി കുതിര്‍ത്തു വയ്ക്കുക. ഇറച്ചി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇവ പുരട്ടി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ഇവ ചെറുതായി മാത്രം പൊരിക്കുക. ഈ വെളിച്ചെണ്ണയില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില ഇവ ചെറുതായി കൊത്തിയരിഞ്ഞു വഴറ്റുക, മല്ലിയില തൂവുക, കുതിര്‍ത്തുവച്ച അരി, തേങ്ങ, മുട്ട, ഉപ്പ് ഇവ നേര്‍മയായി നന്നായി അരച്ചെടുക്കുക. ഇഡ്ഡലി തട്ടില്‍ വെളിച്ചെണ്ണ തടവി കുറച്ചു മാവൊഴിച്ചു മുകളില്‍ മസാലയിട്ടു വീണ്ടും മാവൊഴിച്ചു വേവിച്ചെടുക്കുക. ‍

See More...

6 -7- 2014 ഉണ്ട പുട്ട് ‍‍

ചേരുവകള്‍: പുഴുങ്ങലരി -250 ഗ്രാം തേങ്ങ - 1 പകുതി വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍ ചെമ്മീന്‍ - 500 ഗ്രാം മുളകുപൊടി - 1 ടീസ്പൂണ്‍ മല്ലിപ്പൊടി - 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍ ഉപ്പ് - പാകത്തിന് ജീരകം - കാല്‍ ടീസ്പൂണ്‍ ഉള്ളി (സവാള) - 1 കഷണം പാകം ചെയ്യുന്ന വിധം: ചെമ്മീന്‍, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു വെളിച്ചെണ്ണയില്‍ ഇട്ടു വഴറ്റിയെടുക്കുക. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്തു ജീരകം ,തെങ്ങാ, ഉള്ളി ഇവ ചേര്‍ത്തു മുറുക്കി അരച്ചെടുക്കുക. (കട്ടിയായി അരച്ചെടുക്കു) ഇതു ചെറിയ ഉരുളകളാക്കി പരത്തി ഇതില്‍ ചെമ്മീന്‍ ഫില്ലിങ് വച്ച് ഉരുളകളാക്കി എടുക്കുക. ആവി പാത്രത്തില്‍ വാഴയിലവച്ച് അതിനു മീതെ ഉരുളകള്‍വച്ചു വേവിച്ചെടുക്കുക. ‍

See More...

3 -7- 2014 ഈന്തപ്പഴം വട ‍‍

ചേരുവകള്‍ : 1.മുട്ട- മൂന്ന് 2.പഞ്ചസാര- രണ്ടരകപ്പ് 3.ഈന്തപ്പഴം- കുരു കളഞ്ഞുപൊടിയായി അറിഞ്ഞത് മൂന്നു കപ്പ് 4.എണ്ണ- വറുക്കാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം: പഞ്ചസാരയും മുട്ടയും ചേര്‍ത്തു നന്നായി അടിക്കുക. ഇതിലേക്കു റവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവില്‍ റവക്കൂട്ടിലേക്കു ഈന്തപ്പഴം ചേര്‍ത്തു വട പാകത്തിനുള്ള മാവു തയാറാക്കുക. മാവു വടയുടെ ആകൃതിയില്‍ പരത്തി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക. ‍

See More...

1 -7- 2014 മീന്‍ പത്തിരി ‍‍

ചേരുവകള്‍ :- പുഴുക്കലരി-അര കിലോ, തേങ്ങ ചിരകിയത്-ഒരു മുറി, പെരുംജീരകം- ഒരു ടേബിള്‍ സ്പൂണ്‍, ചുവന്നുള്ളി- അഞ്ച്, ഏലയ്ക്കാ പൊടിച്ചത്- നാല്, ഉപ്പ്- പാകത്തിന്, ദശ കട്ടിയുള്ള മീന്‍- നാല് കഷണം, സവാള കൊത്തിയരിഞ്ഞത്- 200 ഗ്രാം, പച്ചമുളക് വട്ടത്തിലരിഞ്ഞത്-അഞ്ച്, ഇഞ്ചി അരിഞ്ഞത്-ഒരു കഷ്ണം, വെളുത്തുള്ളി അരിഞ്ഞത്-ഒന്ന്, മല്ലിയില അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍, പുതിനയില അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍, കറിവേപ്പില അരിഞ്ഞത്-രണ്ടു കതിര്‍പ്പ്, മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍, മഞ്ഞള്‍പ്പൊടി- കാല്‍ ടീ സ്പൂണ്‍, മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍, ഉപ്പ്- പാകത്തിന്, എണ്ണ-വഴറ്റാന്‍ വേണ്ടത്. പാകം ചെയ്യുന്ന വിധം: പുഴുക്കലരി ഇളം ചൂടുവെള്ളത്തില്‍ നാലു മണിക്കൂര്‍ കുതിര്‍ത്ത് വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കണം. മാവിന്റെ കൂടെ രണ്ടാമത്തെ ചേരുവകളും അരച്ചുചേര്‍ത്ത് വലിയ ഉരുളകളായി ഉരുട്ടി വയ്ക്കുക. മീന്‍ കഷണങ്ങള്‍ പാകത്തിന് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും പുരട്ടി വറുത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് നാലാമത്തെ ചേരുവകള്‍ യഥാക്രമം വഴറ്റിയെടുക്കുക. ഇതില്‍ അഞ്ചാമത്തെ ചേരുവകളും യഥാക്രമം ചേര്‍ത്ത് മൂപ്പിക്കുക. ഇതില്‍ വറുത്തെടുത്ത മീന്‍ കഷണങ്ങള്‍ ഇട്ട് വഴറ്റി അടുപ്പില്‍ നിന്നും വാങ്ങുക. ഒരു വാഴയിലയില്‍ അല്‍പ്പം എണ്ണ തൂവുക. അരിമാവിന്റെ ഉരുളയെടുത്ത് ഇതില്‍ വച്ച് പത്തിരിപോലെ കൈവിരല്‍ കൊണ്ട് പരത്തുക. അതിന്റെ മീതേ തയാറാക്കി വച്ചിരിക്കുന്ന മീന്‍ മസാലക്കൂട്ട് പരത്തുക. വീണ്ടും വേറേ വാഴയിലയില്‍ മറ്റൊരു ഉരുള പരത്തി മസാലക്കൂട്ടിന്റെ മുകളില്‍ വച്ച് പത്തിരിയുടെ എല്ലാ വശവും ഒട്ടിച്ചെടുക്കണം. ഇത് ആവി വരുന്ന അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കുക.ഇതുപോലെ ബാക്കിയുള്ളതും തയ്യാറാക്കുക. ‍

See More...

1 -7- 2014 തരിക്കഞ്ഞി, ചെറുപയര്‍ കഞ്ഞി ‍‍

തരിക്കഞ്ഞി ചേരുവകള്‍ : പാല്‍-ഒരു ലിറ്റര്‍, പഞ്ചസാര- ഒരു കപ്പ് റവ- ഒരു കപ്പ് മുട്ട- ഒന്ന് ഏലയ്ക്കാ പൊടിച്ചത്-ഒരു നുള്ള് പാകം ചെയ്യുന്ന വിധം:- പാല്‍ ഒരു കപ്പ് വെള്ളം ചേര്‍ത്തു നന്നായി തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും റവയും ചേര്‍ത്തിളക്കി വിണ്ടൂം തിളപ്പിക്കുക കുറുകി തുടങ്ങുമ്പോള്‍ മുട്ട അടിച്ചതു മെല്ലെ ചേര്‍ത്ത് ഏലയ്ക്കാ പൊടിച്ചതും ചേര്‍ത്തു വാങ്ങുക. ചെറുപയര്‍ കഞ്ഞി. ചേരുവകള്‍ : കുഞ്ഞരി - 100 ഗ്രാം ചെറുപയര്‍ - 100 ഗ്രാം പച്ച തേങ്ങ - 1 എണ്ണം ഉപ്പ് - പാകത്തിന് പാകം ചെയ്യുന്ന വിധം:- തേങ്ങാഅരച്ചു പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവയ്ക്കുക.രണ്ടാംപാലില്‍ കുഞ്ഞരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിള വരുമ്പോള്‍ വാങ്ങിവയ്ക്കുക. ‍

See More...

10 -6- 2014 ആരോഗ്യത്തിന് ലെമണ്‍ ടീ ‍‍

അമിതമായ ചായകുടി ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങള്‍ പഠയുന്നത്. എന്നാല്‍ ഉന്മേഷത്തിനൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്ന നിരവധി വെറൈറ്റികള്‍ ചായയിലുണ്ടെന്നതാണ് സത്യം. ഡയറ്റിംഗിന് ഏറ്റവും പറ്റിയ പാനീയമാണ് ലെമണ്‍ ടീ. തടി കുറയ്ക്കാന്‍ മാത്രമല്ല, ചെറുനാരങ്ങ ചേര്‍ത്ത് ചായ കുടി്ക്കുന്നതു കൊണ്ട് പല ഗുണങ്ങളുമുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളുവാന്‍ ഇത് വളരെ നല്ലതാണ്. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകമാണ്. ആവശ്യമുള്ളത്:- തേയിലപ്പൊടി- ഒരു ടീ സ്പൂണ്‍, ചെറുനാരങ്ങ- 1, കറുവാപ്പട്ട-ചെറിയ കഷ്ണം, തേന്‍- അര ടീ സ്പൂണ്‍ വെള്ളം തിളപ്പിച്ച് തേയിലപ്പൊടി, കറുവാപ്പട്ട എന്നിവ ചേര്‍ക്കുക. തേയിലപ്പൊടി മുഴുവന്‍ അരിച്ചെടുത്ത ശേഷം ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക. തേനും ചേര്‍ക്കാം. ‍

See More...

1 -6- 2014 ഓംലൈറ്റിന് രുചി കൂട്ടാന്‍ ‍‍

ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരവും അതിനാല്‍ത്തന്നെ ബാച്ചിലേഴ്‌സിന്റെ സ്ഥിരം ഭക്ഷണവുമാണ് ഓംലൈറ്റ്. പച്ചക്കറികള്‍ വാങ്ങി സൂക്ഷിച്ച് കറി വയ്ക്കുന്നതിനേക്കാള്‍ ഏറെപ്പേര്‍ക്കും പലപ്പോഴും ആശ്രയം മുട്ട വിഭവങ്ങളാണ്. പാചകത്തിന് മുമ്പ് മുട്ട ചീഞ്ഞതാണോയെന്ന് എങ്ങിനെ അറിയാനാകും? മുട്ട ഒന്നു വെള്ളത്തിലിട്ടാല്‍ മതി. വെള്ളത്തില്‍ പൊങ്ങികിടക്കുന്നുവെങ്കില്‍ ഉറപ്പിക്കാം മുട്ട അഴുകിയിട്ടുണ്ടെന്ന്. ഓംലൈറ്റിന് രുചി കൂട്ടാനായി ഒരു സൂത്രവിദ്യയുണ്ട്. മുട്ട അടിക്കുമ്പോള്‍ ഒരു സ്പൂണ്‍ വെള്ളം കൂടി ചേര്‍ത്തു നോക്കൂ. ഇനി ഒരല്‍പ്പം സേരി പൗഡര്‍ കൂടി ചേര്‍ത്താല്‍ രുചിക്കൊപ്പം ചന്തവും കൂടും. ‍

See More...

26 -5- 2014 ചിക്കനുള്ളി പക്കവട ‍‍

സാധാരണയായി പച്ചക്കറികളും കിഴങ്ങുകളുമെല്ലാം ഉപയോഗിച്ചാണ് ബജിയും പക്കവടയും പോലുള്ള നാലുമണി പലഹാരങ്ങള്‍ ഉണ്ടാക്കാറ്. അല്‍പ്പം മെനക്കെട്ടാല്‍ നോണ്‍ വെജിറ്റേറിയനിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്‌നാക്‌സ് തയ്യാറാക്കാം. സവാളയും ചിക്കനും ചേര്‍ത്ത് ചിക്കനുള്ളി പക്കവട എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ആവശ്യമുള്ളത്: ബോണ്‍ലെസ് ചിക്കന്‍- 200 ഗ്രാം (ചതച്ചത്), സവാള-100 ഗ്രാം, കടലമാവ്-ഒരു കപ്പ്, പച്ചമുളക്-4, കബാബ് മസാല- 1ടീസ്പൂണ്‍, പെരുഞ്ചീരകം-അര ടീസ്പൂണ്‍, ഉപ്പ്, എണ്ണ, കടലമാവ്, കബാബ് മസാല എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക. പച്ചമുളക്, പെരഞ്ചീരകം, മല്ലിയില എന്നിവ ഇതിലേക്കു ചേര്‍ക്കുക. ചിക്കന്‍, സവാള എന്നിവ ഈ മിശ്രിതത്തിലേക്കു ചേര്‍ക്കണം. നല്ലപോലെ കൂട്ടികലര്‍ത്തുക. പാനില്‍ എണ്ണ തിളപ്പിച്ച് ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരണം. ചിക്കനുള്ളി പക്കവട റെഡി ‍

See More...

13 -5- 2014 ഹൈദരാബാദി ബിരിയാണി ‍‍

തെക്കെ ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണ വിഭവമാണ് ഹൈദരാബാദി ബിരിയാണി . പ്രധാനമായും ബാസ്മതി അരി, ആട്ടിറച്ചി എന്നിവയാണ് ഘടകങ്ങള്‍. ജനപ്രിയമായ ചില തരങ്ങളില്‍ ആട്ടിറച്ചിക്ക് പകരം കോഴിയിറച്ചിയും, ബീഫും ചേര്‍ക്കും. 18 ആം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോള്‍ മുഗള്‍, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്. ഇതിലെ പ്രധാന ഘടകങ്ങള്‍ ബാസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ്. കച്ചി ബിരിയാണി, പക്കി ബിരിയാണി എന്നീ രണ്ടുവതരം ഹൈദരാബാദി ബിരിയാണി ലഭ്യമാണ്. . കച്ചി ബിരിയാണി: കച്ചി ബിരിയാണിയില്‍ ആട്ടിറച്ചി സുഗന്ധവ്യഞ്ജനങ്ങളില്‍ ചേര്‍ത്ത് ഒരു മുഴുവന്‍ രാത്രി വച്ചതിനു ശേഷം, പിന്നീട് വേവിക്കുന്നതിനു മുന്‍പ് കട്ടിതൈരില്‍ മുക്കിയെടുത്ത് ബാസ്മതി അരിയില്‍ പല തലങ്ങളില്‍ ഇട്ട് വേവിക്കുന്നു. ഇത് ഒരു അടച്ചുറപ്പിച്ച ഹണ്ടി എന്ന പാത്രത്തില്‍ അടച്ച് കനലില്‍ വേവിച്ചെടുക്കുന്നു. ഈ പാത്രം മാവ് കൊണ്ട് നന്നായി അടച്ചതിനുശേഷം പാത്രത്തിന്റെ മുകളിലും കനല്‍ ഇട്ട് വേവിക്കും പക്കി ബിരിയാണി: ഈ തരം ബിരിയാണിയില്‍ ഇറച്ചി സുഗന്ധവ്യഞ്ജനങ്ങളുമായി കൂട്ടിവയ്ക്കുന്ന സമയം കുറവാണ്. അരിയില്‍ വേവിക്കുന്നതിനു മുന്‍പ് ഇറച്ചി ആദ്യമേ വേവിച്ചെടുക്കുന്നു. ഇറച്ചി, അതിന്റെ മസാലയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് ഗ്രേവി രൂപത്തില്‍ ആദ്യമേ വേവിച്ചതിനു ശേഷം പിന്നീട് അരിയില്‍ തലങ്ങളായി ചേര്‍ത്ത് വേവിച്ചെടുക്കുന്നു. ഇത് കൂടാത് ഒരു വെജിറ്റേറിയന്‍ തരവും നിലവിലുണ്ട്. ഇതില്‍ കാരറ്റ്, പയര്‍, കോളിഫ്‌ലവര്‍ എന്നിവ ചേര്‍ക്കും. തൈര്, സവാള എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ദഹി ചട്ണിയാണ് ഹൈദരാബാദി ബിരിയാണിയുടെ ബെസ്റ്റ് കോമ്പിനേഷന്‍.. ‍

See More...

30 -4- 2014 കപ്പ കൊണ്ടൊരു വട ‍‍

കപ്പ കൊണ്ടുള്ള വിഭവങ്ങള്‍ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ചെലവു കുറവിനൊപ്പം രുചിയേറുമെന്നതും കപ്പയുടെ പ്ലസ് പോയിന്റ്. കാലാകാലങ്ങളില്‍ കപ്പ വിഭവങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കപ്പ കൊണ്ടുണ്ടാക്കുന്ന വട നമുക്കൊന്നു പരിചയപ്പെടാം... വേണ്ടത് ഇതൊക്കെയാണ്- കാല്‍ കിലോ കപ്പ, കാല്‍ക്കിലോ കടലപ്പരിപ്പ്, കായം സ്വല്‍പ്പം, മുളക് അഞ്ചോ ആറോ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാല്‍ സ്പൂണ്‍, ഉപ്പ് അവശ്യത്തിന്, കറിവേപ്പില വെള്ളത്തിലിട്ട് കുതിര്‍ത്ത കടലപ്പരിപ്പിനൊപ്പം ബാക്കി മസാലകള്‍ കൂടി ചേര്‍ത്ത് അരച്ചെടുക്കുക. ചുരണ്ടിയെടുക്കുന്ന കപ്പയിലെ വെള്ളം നന്നായി പിഴിഞ്ഞു കളഞ്ഞ ശേഷം അരച്ചുവച്ച മസാലയുമായി മിക്‌സ് ചെയ്യുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കണം. വെള്ളം അധികമാകാതെ നോക്കണം. ഈ കൂട്ട് വടയുടെ ആകൃതിയില്‍ പരത്തിയ ശേഷം എണ്ണയിലിട്ട് വറുത്തെടുക്കാം. മുളകു ചട്‌നിയോടൊപ്പം കഴിക്കാന്‍ നല്ല ഇതായിരിക്കും.... ‍

See More...

13 -4- 2014 ഉരുളക്കിഴങ്ങ് പായസം ‍‍

ഉരുളക്കിഴങ്ങ് -ഒരു കിലോ, തേങ്ങ -അഞ്ച്, ശര്‍ക്കര-ഒരു കിലോ, ചൌച്ചറി- 100 ഗ്രാം, നെയ്യ് - 50 ഗ്രാം, അണ്ടിപ്പരിപ്പ് - 10 ഗ്രാം, കിസ്മിസ് - 10 ഗ്രാം, ഏലയ്ക്ക പൊടിച്ചത് - അര ടീസ്പൂണ്‍, തേങ്ങാക്കൊത്ത് - ഒരു ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് ആവിയില്‍ വേവിച്ച് പൊടിച്ചെടുക്കണം. ശര്‍ക്കര പാവുകാച്ചി അരിച്ചെടുക്കുക. തേങ്ങ പിഴിഞ്ഞ് മൂന്നു തരം പാലെടുക്കുക. ഉരുളിയില്‍ വേവിച്ച ഉരുളക്കിഴങ്ങും ശര്‍ക്കര പാവും നെയ്യുമോഴിച്ച് വഴറ്റുക. ചൌച്ചരിയുമിട്ട ശേഷം മൂന്നാം പാല്‍ ഒഴിച്ച് വേവിക്കുക. വറ്റിവരുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കുക. കുറുകി വരുമ്പോള്‍ തലപ്പാല്‍ ചേര്‍ത്ത് വാങ്ങുക. ഏലയ്ക്കാപ്പൊടിയും നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്തിളക്കുക. ‍

See More...

13 -4- 2014 ചെറുപയര്‍ പായസം ‍‍

ആവശ്യമുള്ളത്- ചെറുപയറു പരിപ്പ് രണ്ടു കപ്പ്, ചവ്വരി കാല്‍ കപ്പ്, പന്ത്രണ്ടു കപ്പു തിരുമ്മിയ തേങ്ങയില്‍ നിന്നെടുത്ത തലപ്പാല്‍ രണ്ടു കപ്പ്, രണ്ടാം പാല്‍ ആറു കപ്പ്, മൂന്നാം പാല്‍ ഒമ്പതു കപ്പ്, ശര്‍ക്കര അര കിലോ, ജീരകം പൊടിച്ചത് അര ടീസ്പൂണ്‍, ചുക്കു പൊടിച്ചത് അര ടീസ്പൂണ്‍, തേങ്ങാക്കൊത്തു നെയ്യില്‍ മൂപ്പിച്ചത് അര കപ്പ് ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോള്‍ ചെറു പയറു പരിപ്പിട്ടു വാസന വരത്തക്കവിധം വറുക്കുക. പരിപ്പു കഴുകി വൃത്തിയാക്കി, മൂന്നാംപാല്‍ വെട്ടിത്തിളയ്ക്കുമ്പോള്‍ അതില്‍ ഇടുക. പരിപ്പു മുക്കാലും വെന്തു കലങ്ങിയെങ്കില്‍ മാത്രമേ പായസത്തിനു സ്വാദു കാണുകയുള്ളൂ. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോള്‍ ശര്‍ക്കര ഉരുക്കി അരിച്ചു കുറുക്കി പാനിയാക്കി വെന്ത പരിപ്പില്‍ ഒഴിച്ചിളക്കി കുറുക്കുക. നല്ലതുപോലെ കുറുകിയാലുടന്‍ രണ്ടാം പാലും കഴുകി വൃത്തിയാക്കിയ ചവ്വരിയും ചേര്‍ക്കുക. ചവ്വരി വെന്തു പായസം പകുതി വറ്റുമ്പോള്‍ വാസനയ്ക്കുള്ളതു തലപ്പാലില്‍ കലക്കിച്ചേര്‍ക്കുക. ഇത് ഒന്നു തിളച്ചാലുടന്‍ മൂപ്പിച്ച തേങ്ങ ചേര്‍ത്തു വാങ്ങി കുറേ നേരം പായസം ഇളക്കി കൊണ്ടിരിക്കണം. മൂപ്പിച്ച തേങ്ങ ചേര്‍ക്കാതെയും ഈ പായസം തയ്യാറാക്കാം. ‍

See More...

13 -4- 2014 വിഷുക്കട്ട ‍‍

ആവശ്യമുള്ളത്- പച്ചരി അര കിലോ, തേങ്ങ ചിരകിയത് രണ്ട് , ജീരകം ഒരു ചെറിയ സ്പൂണ്‍, ഉപ്പ് പാകത്തിന്, അണ്ടിപ്പരിപ്പ്, മുന്തിരി പാകത്തിന്, നെയ്യ് രണ്ടു ചെറിയ സ്പൂണ്‍ തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പു രണ്ടാം പാലും വേര്‍ത്തിരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക. ‍

See More...

13 -4- 2014 ചക്ക എരിശേരി ‍‍

ആവശ്യമുള്ളത്:- നല്ല വിളഞ്ഞ ചക്കയുടെ ചുള ചെറിയ കഷണങ്ങളാക്കിയത്-നാല് കപ്പ്, ചക്കക്കുരു കഷണങ്ങളാക്കിയത്- ഒരു കപ്പ്, മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍, തേങ്ങാ ചിരണ്ടിയത്- ഒരു കപ്പ്, വെളിച്ചെണ്ണ- നാല് വലിയ സ്പൂണ്‍, വറ്റല്‍മുളക് മുറിച്ചത്- രണ്ടെണ്ണം, കറിവേപ്പില ആവശ്യത്തിന് ചുളയുടെ കഷ്ണങ്ങളും ചക്കക്കുരു കഷ്ണങ്ങളും വെള്ളം ചേര്‍ത്ത് പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടയ്ക്കുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും കല്ലില്‍ വച്ച് നേര്‍മ്മയായി അരച്ചെടുത്ത ശേഷം പാകത്തിന് ഉപ്പുവെള്ളവും ചേര്‍ത്ത് ഇളക്കി വാങ്ങുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ എഴാമത് പറഞ്ഞിരിക്കുന്ന തേങ്ങാ ചിരണ്ടിയതും കടുക്, വറ്റല്‍ മുളക്, കറിവേപ്പില ഇവയും ക്രമത്തില്‍ ഇട്ട് മൂപ്പിച്ച് അരപ്പു ചേര്‍ത്ത് തിളപ്പിച്ചു വച്ചിരിക്കുന്ന ചക്കയില്‍ കുടഞ്ഞിട്ട് ഇളക്കി വാങ്ങുക. ചക്ക നന്നായി വെന്ത ശേഷം മാത്രമേ ഉപ്പ് ചേര്‍ക്കാവു. ‍

See More...

11 -4- 2014 മാമ്പഴക്കാളന്‍ ‍‍

വിഷു സദ്യക്ക് മാമ്പഴക്കാളന്‍ ഏറെ സവിശേഷമായ വിഭവമാണ്. പ്രത്യേകിച്ചും വടക്കന്‍ കേരളക്കാര്‍ക്ക്. മാമ്പഴക്കാളന്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമുള്ളത്:- പുളി ഇല്ലാത്ത, ചെറുതായി പഴുത്ത നാടന്‍ മാങ്ങ തൊലി ചെത്തി കഷണങ്ങളാക്കിയത് രണ്ട് കപ്പ്, പച്ചമുളക് കീറിയത് 25 എണ്ണം, മുളകുപൊടി ഒരു ചെറിയ സ്പൂണ്‍, ഉടച്ച കട്ടത്തൈര് എട്ട് കപ്പ്, തേങ്ങാ ചിരണ്ടിയത് രണ്ട് കപ്പ്, ജീരകം രണ്ട് നുള്ള്, വെളിച്ചെണ്ണ നാല് വലിയ സ്പൂണ്‍, കുടക് രണ്ട് ചെറിയ സ്പൂണ്‍, ഉലുവ ഒരു നുള്ള്, വറ്റല്‍ മുളക് മുറിച്ചത് ആറെണ്ണം, കറിവേപ്പില ആവശ്യത്തിന് മാങ്ങാക്കഷ്ണങ്ങളും പച്ചമുളക് കീറിയതും ഒരു പാത്രത്തിലാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങാ ചിരണ്ടിയതും ജീരകവും കല്ലില്‍ വച്ച് മയത്തില്‍ അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, ഉലുവ വറ്റല്‍മുളക്, കറിവേപ്പില എന്നിവ യഥാക്രമം ഇട്ട് മൂപ്പിക്കുക. പിന്നെ തേങ്ങയും ജീരകവും അരച്ചതും ചേര്‍ത്ത് മൂപ്പിക്കുക. അതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന മാങ്ങയും കട്ടത്തൈരും മുളകുപൊടിയും ചേര്‍ത്ത് പിരിഞ്ഞുപോകാതെ ഇളക്കി തിളപ്പിക്കുക. നല്ല പോലെ വറ്റിയാല്‍ വാങ്ങി വച്ച് തണുത്ത ശേഷം ഉപയോഗിക്കാം. ‍

See More...

12 -4- 2014 വിഷുക്കഞ്ഞി ‍‍

വിഷുക്കഞ്ഞിക്ക് ആവശ്യമുള്ളത് ഇവയാണ്- ചുവന്ന അരി (പാലക്കാടന്‍ മട്ട) മൂന്ന് കപ്പ്, പച്ചരി ഒരു കപ്പ്, പുളി അവരക്ക (വറുത്ത് പൊടിച്ചത്) ഒരു കപ്പ്, നാളികേരം ഒന്ന് (ചിരവി ഉപ്പ് തിരുമ്മിവെക്കണം), വെള്ളം 20 കപ്പ്, ഉപ്പ് ആവശ്യത്തിന് ചുവന്ന അരി, പച്ചരി, പുളി അവരക്ക എന്നിവ കഞ്ഞിക്കു പറ്റുന്ന പരുവമാകും വരെ വേവിക്കുക. (ഉപ്പിടാന്‍ മറക്കരുത്.) വെന്ത് വാങ്ങാറാകുമ്പോള്‍ തേങ്ങയിടുക. അഞ്ച് മിനുട്ട് നേരം തിളപ്പിച്ചതിനു ശേഷം വാങ്ങിവെക്കുക. വേണമെങ്കില്‍ ശര്‍ക്കരയും ചേര്‍ക്കാവുന്നതാണ്. ‍

See More...

28 -3- 2014 പച്ച മാങ്ങാ ജ്യൂസ് ‍‍

വേനല്‍ കനത്തതോടെ ചൂടു സഹിക്കാനാവാതെ നെട്ടോട്ടമോടുകയാണ് മലയാളികള്‍. പാതയോരങ്ങളിലെല്ലാം ശീതള പാനീയങ്ങള്‍ നിറഞ്ഞു. വെറൈറ്റി രുചികള്‍ക്കായും ഈ ചൂട് ഒരു അവസരമാക്കാം. പച്ചമാങ്ങ കൊണ്ടും ജൂസടിക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.. വേണ്ടത്:- പച്ച മാങ്ങ- 6 എണ്ണം, പെരുംജീരകം വറുത്തു പൊടിച്ചത്- ഒരു സ്പൂണ്‍, മുളകുപൊടി- അര സ്പൂണ്‍, പുതിനയില ചെറുതായി നുറുക്കിയത്- അര കപ്പ്, ഉപ്പ്- ഒരു സ്പൂണ്‍, പഞ്ചസാര- 6 സ്പൂണ്‍, ഒപ്പം ആവശ്യത്തിന് തണുത്ത വെള്ളം. മാങ്ങാ വെള്ളത്തിലിട്ട് അടച്ചുവച്ച് പത്ത് മിനുറ്റ് വേവിക്കുക. അതിനു ശേഷം വെള്ളം കളഞ്ഞ് തണുക്കാന്‍ വയ്ക്കുക. തണുത്ത മാങ്ങയുടെ തൊലി നീക്കം ചെയ്ത ശേഷം ഒരു സ്പൂണ്‍ കൊണ്ട് മാങ്ങയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഈ പള്‍പ്പിള്‍ ജീരകപൊടി , മുളകുപൊടി , പഞ്ചസാര , ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അരിഞ്ഞു വെച്ച പുതിനയില കൂടി ചേര്‍ത്ത് വീണ്ടും ഇളക്കണം ഇതില്‍ ആവശ്യത്തിനു തണുത്ത വെള്ളവും കൂടി ചേര്‍ത്താല്‍ കിടിലന്‍ പച്ചമാങ്ങാ ജ്യൂസ് റെഡി. ‍

See More...

20 -3- 2014 വിരുദ്ധാഹാരം ‍‍

ഒരുമിച്ച് കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. പരസ്പരം ചേര്‍ന്നുപോകുന്നവയാകണമെന്നര്‍ത്ഥം. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവും. ഉദാഹരണത്തിന് പുളിയുളള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരു ചേര്‍ക്കരുത്. കോംപനീഷനുകള്‍ മാറിമാറി പരീക്ഷിക്കുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിനും ശരിയായ ദഹനത്തിനും സഹായിക്കും. ‍

See More...

20 -3- 2014 വിഷു സ്‌പെഷ്യല്‍ ചക്ക എരിശേരി ‍‍

വിഷു സദ്യയില്‍ ഏറെ പ്രധാനമാണ് ചക്ക കൊണ്ടുള്ള എരിശേരി. വടക്കന്‍ കേരളക്കാര്‍ക്ക് ഓണത്തേക്കാള്‍ പലപ്പോഴും പ്രധാനമാണ് വിഷു. പ്രകൃതിയുടെ സവിശേഷതകളും വിഷുവിനെ ഏറെ പ്രിയമുള്ളതാക്കുന്നു. ചക്ക എരിശേരിയില്‍ നിന്നു തന്നെ നമുക്ക് വിഷുവിന് ഒരുങ്ങിത്തുടങ്ങാം. ആവശ്യമുള്ളത് : നല്ല വിളഞ്ഞ ചക്കയുടെ ചുള ചെറിയ കഷണങ്ങളാക്കിയത്-നാല് കപ്പ്, ചക്കക്കുരു കഷണങ്ങളാക്കിയത്- ഒരു കപ്പ്, മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍, മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍, തേങ്ങാ ചിരണ്ടിയത്- ഒരു കപ്പ്, വെളിച്ചെണ്ണ- നാല് വലിയ സ്പൂണ്‍, വറ്റല്‍മുളക് മുറിച്ചത്- രണ്ടെണ്ണം, കറിവേപ്പില- ആവശ്യത്തിന് ചുളയും കുരുവും കഷ്ണങ്ങളാക്കി പാകത്തിന് വെള്ളവും ചേര്‍ത്ത് പാത്രത്തിന്റെ അടിയില്‍ പിടിക്കാതെ നന്നായി വേവിച്ചുടയ്ക്കുക. മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കക്കുക. വെളിച്ചെണ്ണ ചൂടാക്കി തേങ്ങാ ചിരണ്ടിയതും കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയും ക്രമത്തില്‍ ഇട്ട് മൂപ്പിച്ച് അരപ്പു ചേര്‍ത്ത് തിളപ്പിച്ചു വച്ചിരിക്കുന്ന ചക്കയില്‍ കുടഞ്ഞടുക. ചക്ക നന്നായി വെന്ത ശേഷം മാത്രം ഉപ്പ് ചേര്‍ക്കുക. ചക്ക എരിശേരി റെഡി. ‍

See More...

12 -3- 2014 ഈസ്റ്റര്‍ സ്‌പെഷ്യല്‍ താറാവ് കറി ‍‍

വിശ്വാസികള്‍ ഈസ്റ്ററിനു മുന്നോടിയായുള്ള വ്രതം ആരംഭിച്ചു കഴിഞ്ഞു. രുചി വൈവിധ്യങ്ങള്‍ കൊണ്ടു കൂടി ആഘോഷകരമാണ് ഈസ്റ്റര്‍ നാള്‍. ഇത്തവണ ഈസ്റ്ററിന് പാലപ്പത്തിനൊപ്പം താറാവ് കറിയായാലോ. ആവശ്യമുള്ളവ ഇവയാണ്- താറാവ് 500 ഗ്രാം, സവാള 300 ഗ്രാം, ഇഞ്ചി രണ്ട് കഷ്ണം, പച്ചമുളക് നാലെണ്ണം, വെളുത്തുള്ളി മൂന്ന് അല്ലി, കറിവേപ്പില ഒരു തണ്ട്, തക്കാളി മൂന്നെണ്ണം, മുളകുപൊടി ഒരു ടീസ്പൂണ്‍, മല്ലിപ്പൊടി രണ്ട് ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി അരടീസ്പൂണ്‍, വെളിച്ചെണ്ണ 100 മില്ലി, തേങ്ങാപ്പാല്‍ ഒരു തേങ്ങയുടേത്, ഉപ്പ് പാകത്തിന് അരപ്പിനുള്ളത്- തേങ്ങ വറുത്തത് ഒരെണ്ണം, ഉണക്കമുളക് അഞ്ചെണ്ണം, ചുവന്നുള്ളി പത്തെണ്ണം, കുരുമുളക് രണ്ട് ടീസ്പൂണ്‍, പെരുംജീരകം ഒരു ടീസ്പൂണ്‍, കറിവേപ്പില ഒരു തണ്ട് പാകം ചെയ്യുന്ന വിധം- താറാവ് കഷണങ്ങള്‍ ഒരു മണിക്കൂറിലധികം അരപ്പ് പുരട്ടി വയ്ക്കണം. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് എണ്ണയിലിട്ട് നന്നായി വാട്ടിയശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. അതിനു ശേഷം താറാവ് കഷ്ണങ്ങള്‍ ഇടുക. നന്നായി വെന്തു കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. അതിനുശേഷം കടുക് പൊട്ടിച്ച് ചേര്‍ത്തിളക്കുക. ‍

See More...

11 -3- 2014 മീന്‍ വറുക്കുമ്പോള്‍ ‍‍

മീന്‍ വറുക്കുമ്പോള്‍ പലപ്പോഴും കരിഞ്ഞ് പാത്രത്തില്‍ ഒട്ടിപിടിക്കാറുണ്ട്. ഇത് ഒഴിവാക്കാനായി ഒരു വഴിയുണ്ട്. വറുക്കാനുള്ള എണ്ണയില്‍ സ്വല്‍പ്പം മൈദ കൂടി ചേര്‍ക്കുക, പിന്നെ കരിഞ്ഞ് ഒട്ടി പിടിക്കില്ല. നന്നായി വറുത്ത മീനിന് സ്വാദ് വേണ്ടത്രയില്ല, ഉളുമ്പു നാറ്റം മാറിയില്ല എന്നു തോന്നുന്നുണ്ടോ. അടുത്ത തവണ വറുക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പു തന്നെ അരപ്പ് പിടിപ്പിച്ച ശേഷം അല്‍പ്പം ചെറുനാരങ്ങാ നീരും പുരട്ടുക. ഉളുമ്പുനാറ്റം ഉണ്ടാവില്ലെന്നു മാത്രമല്ല രുചിയും കൂടും. മീന്‍ മുറിക്കുമ്പോള്‍ തന്നെ അല്‍പ്പം വിനാഗിരി തേക്കുന്നത് ചെതുമ്പല്‍ കളയല്‍ എളുപ്പമാക്കും. മീന്‍ കഴുകിയ പാത്രം വൃത്തിയാക്കുന്നതിനു നാരങ്ങാ നീര് പുരട്ട് അരമണിക്കുര്‍ കാത്തു നില്‍ക്കാം. മീന്‍മണം പൂര്‍ണമായി പോയിക്കിട്ടും. ‍

See More...

27 -2- 2014 കൂണ്‍ വറുത്തത് ‍‍

നാട്ടിന്‍പുറത്തെ തൊടികളിലെല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് കൂണ്‍ എന്നാല്‍ ഇതില്‍ കഴിക്കാവുന്നവയേത് അല്ലാത്തവയേത് എന്നത് പലര്‍ക്കും ഭയമാണ്. എന്നാല്‍ രുചിയുള്ള ഭക്ഷ്യയോഗ്യമായ കൂണുകളുടെ കൃഷി ഇന്ന് ഏറെ വരുമാനയോഗ്യമായ വ്യവസായമാണ്. അതേക്കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. ഇപ്പോള്‍ കൂണ്‍ വച്ച് ഒരു വെറൈറ്റി ഐറ്റം പരീക്ഷിക്കാം, കൂണ്‍ ഫ്രൈ... ഒരു പാക്കറ്റ് കൂണ്‍ വാങ്ങുക, വെള്ളത്തിലിട്ട് ഓരോന്നും വേര്‍പ്പെടുത്തി കഷ്ണങ്ങളാക്കി എടുക്കുക പകുതി ചെറുനാരങ്ങയുടെ നീരെടുത്ത് അതില്‍ അല്‍പ്പം കുരുമുളക് പൊടി, കുറച്ച് മഞ്ഞള്‍ പൊടി, ഉപ്പ്, അര സ്പൂണ്‍ തന്തൂരി പേസ്റ്റ് ഇവ യോജിപ്പിച്ച് കൂണ്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. പിന്നെ അല്‍പ്പം വെണ്ണ കൂടി ചേര്‍ത്ത് വറുത്തെടുക്കാം ‍

See More...

27 -2- 2014 തടി കുറയ്ക്കാന്‍ കരിക്ക് ‍‍

തടി കുറയ്ക്കാന്‍ വഴിയന്വേഷിച്ച് നടക്കുന്നവര്‍ക്കായി ചില ഉപായങ്ങള്‍. കൃത്രിമമായി ഒന്നു ചേര്‍ത്തിട്ടില്ലാത്ത കരിക്കിന്‍ വെള്ളം തന്നെയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളില്‍ മുഖ്യം. മറ്റേത് ജ്യൂസുകളേക്കാളും കൂടുതല്‍ ഇലക്ട്രോലൈറ്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. കൂടുതല്‍ ഊര്‍ജം നല്‍കി ശാരീരിക അധ്വാനത്തിനും ഇത് ഉപകാരമാകും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഓറഞ്ച് ജ്യൂസ്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. വെജിറ്റബിള്‍ ജ്യൂസും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ വിശപ്പു കുറയാനും അതുവഴി വണ്ണം കുറയാനും ഉപകരിക്കും. ഭക്ഷണത്തിന് 20 മിനിറ്റ് മുന്‍പ് പച്ചക്കറി ജ്യൂസ് കുടിച്ചു നോക്കൂ. കാര്യമായ പ്രയോജനം ലഭിക്കും. കൊഴുപ്പില്ലാത്ത പാലും തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇതിലെ കാല്‍സ്യം ഫാറ്റ് സെല്ലുകളിലെ കൊഴുപ്പ് ഒഴിവാക്കുന്നു. ദിവസം ഒരു ഗ്ലാസ് പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പില്ലാത്ത പാല്‍ വേണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ‍

See More...

17 -2- 2014 എളുപ്പത്തില്‍ പാലപ്പം ‍‍

ആവശ്യമുള്ളത് : പച്ചരി- രണ്ടു കപ്പ് യീസ്റ്റ്- കാല്‍ ടീസ്പൂണ്‍ പഞ്ചസാര- നാല് ടീസ്പൂണ്‍ ചോര്‍- 5 ടേബിള്‍സ്പൂണ്‍ തേങ്ങ ചുരണ്ടിയത്- 4 ടേബിള്‍സ്പൂണ്‍ ഉപ്പ് -പാകത്തിന് . തയാറാക്കുന്ന വിധം: പച്ചരി കഴുകി 6 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ടു നന്നായി കുതിര്‍ക്കുക. അരി പാകത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.(മിക്‌സിയില്‍ അരിക്ക് ഒപ്പത്തിനു വെള്ളം നില്‍ക്കണം) .അരി അരച്ചെടുത്ത് മാറ്റിവയ്ക്കുക. വെണ്ണ പോലെ അരയണം. തരിതരിപ്പ് ഉണ്ടാവരുത്. തേങ്ങ അര ഗ്ലാസ് വെള്ളം ചേര്‍ത്ത് അരക്കുക. ഇതിലേക്ക് ചോറും യീസ്റ്റും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഇത് പച്ചരി അരച്ചതിന്റെ കൂടെ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക. രാത്രിയില്‍ അരച്ചാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനു സമയം ആകുമ്പോള്‍ പുളിച്ചു കിട്ടും. ഏകദേശം 810 മണിക്കൂര്‍ എന്ന് കണക്കാക്കാം. അപ്പം ചുടുന്നതിനു മുന്‍പ് മാവ് ഒന്ന് ഇളക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടിവയ്ക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് നടുവ് വെന്തു വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക. ഇനി അപ്പച്ചട്ടി ഇല്ലെങ്കില്‍ മാവ് ദോശക്കല്ലില്‍ പരത്തി ഒഴിച്ച് മൂടി വച്ച് വേവിച്ചാല്‍ അപ്പം റെഡി. ‍

See More...

15 -2- 2014 മുട്ടയുടെ നാറ്റം അസഹ്യമാണോ... ‍‍

മുട്ട ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണമാണെങ്കിലും പാത്രത്തില്‍ നിന്നും ഇതിന്റെ ദുര്‍ഗന്ധം പോകാന്‍ അല്‍പം ബുദ്ധിമുട്ടാണ്. മുട്ടയിഷ്ടപ്പെടുന്നവര്‍ക്കും മുട്ടയുടെ ഗന്ധത്തോട് താല്‍പര്യമുണ്ടാകാനും വഴിയില്ല. പാത്രങ്ങളില്‍ നിന്നും മുട്ടയുടെ മണം പോകാനുള്ള ചില വഴികളെക്കുറിച്ചറിയൂ, പഴയ ഫര്‍ണ്ണിച്ചറുകള്‍ക്ക് തിളക്കമേകാം പാത്രത്തില്‍ അല്‍പം കടലമാവിട്ട് ഉരസുക. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം. പാത്രത്തിലെ മുട്ടമണം പോകാനുള്ള ഒരു പ്രധാന വഴിയാണിത്. പാത്രത്തില്‍ നിന്നും മുട്ടമണം കളയാം. മുട്ടയെടുത്തു ശേഷം പാത്രങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടുന്നത് മുട്ടയുടെ ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു വഴിയാണ്. പാത്രം ആദ്യം നല്ലപോലെ കഴുകുക. പിന്നീട് വിനെഗര്‍ കലര്‍ത്തിയ വെള്ളത്തില്‍ പാത്രം കഴുകിയെടുക്കുക. മുട്ടയുടെ ദുര്‍ഗന്ധം പോകും. മുട്ടയെടുത്ത പാത്രങ്ങള്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ മുക്കിയെടുക്കുക. ഇത് പാത്രത്തിലെ മുട്ട ദുര്‍ഗന്ധം പോകുവാന്‍ സഹായിക്കും. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങാനീരും ഡിഷ് വാഷറും കലര്‍ത്തി വയ്ക്കുക. മുട്ടയെടുത്ത പാത്രങ്ങള്‍ അല്‍പനേരം ഇതില്‍ മുക്കി വയ്ക്കുക. ഗുണമുണ്ടാകും ‍

See More...

15 -2- 2014 ബ്രാണ്ടി ചിക്കന്‍...!!! ‍‍

ഒരിക്കലെങ്കിലും ബ്രാണ്ടി രുചിച്ചു നോക്കാത്തവര്‍ കുറവായിരിക്കും. ബ്രാണ്ടി ഉപയോഗിച്ച് ചിക്കന്‍ കറി വച്ചാലോ.. എന്നാല്‍ ബ്രാണ്ടി ചിക്കന്‍ രുചിച്ചു നോക്കാന്‍ തയ്യാറായിക്കോ. റെസിപ്പിയിതാണ്, ചിക്കന്‍ അരക്കിലോ മൈദ ഒന്നര കപ്പ് ചിക്കന്‍ ബ്രോത്ത്1 കപ്പ് ബ്രാണ്ടി കാല്‍ കപ്പ് ബട്ടര്‍1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാ നീര്1 ഒലീവ് ഓയില്‍ 4 ടീസ്പൂണ്‍ കുരുമുളകുപൊടി2 ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് ചിക്കന്‍ കഴുകി അല്‍പ്പം ഉപ്പും ചെറുനാരങ്ങാനീരും പുരട്ടി അരമണിക്കൂര്‍ വച്ച ശേഷം ഒലീവ് ഓയിലില്‍ വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ചിക്കന്‍ ബ്രോത്ത് ചേര്‍ക്കണം. ചിക്കന്‍ ബ്രോത്ത് നല്ലപോലെ തിളയ്ക്കുമ്പോള്‍ ഇതിലേക്ക് ബാക്കിയുള്ള ചെറുനാരങ്ങാനീര്, ബട്ടര്‍, അല്‍പ്പം ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. അല്‍പ്പനേരം ചെറിയ തീയില്‍ വേവിച്ചെടുക്കണം. ഇതിനു ശേഷം മൈദ ചേര്‍ത്തിളക്കുക. അല്‍പ്പനേരം വേവിക്കുക. ചിക്കന്‍ വെന്ത് മൈദ പിടിച്ചു കഴിയുമ്പോള്‍ ബ്രാണ്ടി ചേര്‍ത്തിളക്കുക. മൂന്നു മിനിറ്റ് നല്ലപോലെ ഇളക്കി വേവിക്കുക. ചിക്കന്‍ നല്ലപോലെ വെന്തു കുറുകി വറ്റിക്കഴിയുമ്പോള്‍ അരിഞ്ഞ പാര്‍സ്ലെ ചേര്‍ത്ത് ഉപയോഗിക്കാം. നിയമ പ്രകാരമുള്ള മുന്നറിയിപ്പ്.. ബ്രാണ്ടിയും ചിക്കനും അമിതമായാല്‍ ആരോഗ്യത്തിന് ഹാനികരമാണ്. ‍

See More...

15 -2- 2014 സോണിയയുടെ കിച്ചണ്‍ ക്യാബിനറ്റ്‌ ‍‍

ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആരാധകരെ എന്ന പോലെ വിമര്‍ശകരെയും ഏറെ നേടിയിട്ടുണ്ട്. കിച്ചണ്‍ ക്യാബിനറ്റ് എന്നത് അവര്‍ക്കു നേരേ ഉയര്‍ന്ന പ്രധാന ആക്ഷേപമായിരുന്നു. സ്തുതിപാഠകരായ ഒരു അനുചരവൃന്ദം ഇന്ദിരയ്‌ക്കൊപ്പം ഉണ്ടായിരുന്നുവെന്നതത്രേ വിമര്‍ശനത്തിനാധാരം. ആ വിളിപ്പേര് വീണിലെങ്കില്ലും ഭരണത്തിന്റെ പിന്‍സീറ്റ് െ്രെഡവിംഗിന് മരുമകള്‍ സോണിയാ ഗാന്ധിയും ഏറെ പഴികേട്ടു. എന്നാല്‍ ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണത്തിന്റെ പാകം ചെയ്യല്ലിലും സോണിയയ്ക്ക് വൈദഗ്ധ്യമുണ്ടത്രേ. സലാഡിനൊപ്പമുപയോഗിക്കുന്ന റെഡ് ചില്ലി സോസാണ് സോണിയയുടെ മാസ്റ്റര്‍ പീസ്. ഇറ്റാലിയന്‍ വിഭവമായ പസ്ത ഇന്ദിരഗാന്ധിക്കായി സോണിയ പ്രത്യേകം തയ്യാറാക്കുമായിരുന്നു. എന്നാല്‍ പിന്നീട് യോഗ പരരിശീലനം തുടങ്ങിയതു മുതല്‍ പസ്തയും പിസയും ന്യൂഡില്‍സുമെല്ലാം സോണിയ തന്റെ മെനുവില്‍ നിന്ന് കട്ട് ചെയ്തു. ശരത്കാലത്ത് കാപ്പി കുടിക്കുന്നത് ഏറെയിഷ്ടമാണ് സോണിയയ്ക്ക്. ഓറഞ്ച് ജ്യൂസിനോടും പ്രിയം. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സാധാരണയായി ദാലും റൊട്ടിയുമാകും സോണിയയുടെ പ്രധാനവിഭവങ്ങള്‍. ‍

See More...

©kadumanga.com. All Rights Reserved.Powered By Sofdia Technologies