
Food, Travelogue website in malayalam
16 -6- 2014 സ്വ.ലേയുടെ നാടന്‍ ചായക്കട
വറ തളിക്കുന്നതിനു മുമ്പ് ചമ്മന്തിയില്‍ ഇഞ്ചിയും ഉള്ളിയും കറിവേപ്പിലയും ചേര്‍ത്ത് ഒരു നാടന്‍ പ്രയോഗം... വാഴയിലയിലെ ആവി പറക്കുന്ന ദോശക്കൊപ്പം ചേരുമ്പോള്‍ തേങ്ങ ചമ്മന്തിക്ക് വേറിട്ട രുചി തന്നെ...ഇത് സ്വ. ലേയുടെ സ്വന്തം രുചിക്കൂട്ട്. പട്ടണക്കാട് പൊന്നാരം വെളിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ രുചിപ്പെരുമ. അതിര്‍ത്തി കടന്നും ആളുകള്‍ സ്വ. ലേ യുടെ നാടന്‍കടയിലേക്ക് വഴിതേടുന്നത് അതുകൊണ്ടാണ്.. ദോശയ്‌ക്കൊപ്പമുള്ള മുട്ട റോസ്റ്റും സ്വ.ലേയുടെ ട്രേഡ്മാര്‍ക്കാണ്. പുഴുങ്ങിയ മുട്ട എണ്ണയില്‍ വരുത്ത ശേഷം നാടന്‍ കൂട്ടൊരുക്കി റോസ്റ്റ് ചെയ്യുമ്പോള്‍ മുട്ടക്കറിയുടെ പാരമ്പര്യരുചി വിരിയും. ഈ രുചിപ്പെരുമയ്ക്ക് അവകാശപ്പെടാന്‍ അരനൂറ്റാണ്ടിന്റെ പാരമ്പര്യവുമുണ്ട്. പത്ര ഏജന്റ്‌റ് ആയിരുന്ന വാസുദേവന്‍ നായര്‍ക്കു ഏജന്‍സിക്കൊപ്പം ഒരു നാടന്‍ ചായക്കടയും സ്വന്തമായുണ്ടായിരുന്നു. അതിനു നാട്ടുകാര്‍ നല്‍കിയ വിളിപ്പെരായിരുന്നു സ്വ.ലേ. അങ്ങനെ വാസുദേവന്‍ നായര്‍ ആ പേരു നിലനിര്‍ത്തി... വാസുദേവന്‍ നായര്‍ സ്വന്തം കൈപുണ്യത്തിലൊരുക്കിത്തുടങ്ങിയ രുചി മക്കളായ ഹരികുമാറിനും ശ്രീകുമാറിനും ഒരു വരദാനം പോലെ പകര്‍ന്നുകിട്ടി..അച്ഛന്റെ മരണശേഷവും ഇവര്‍ ആ നാടന്‍ രുചിക്കൂട്ടുകള്‍ വിളമ്പി. ഇലയില്‍ വിളംബുന്നതാണ് ഇവിടുത്തെ രീതി. രുചിക്കുവേണ്ടി കൃത്രിമ കൂട്ടുകള്‍ ഇല്ല. രാവിലെ അപ്പത്തിനും പുട്ടിനുമൊപ്പമുള്ള കടലക്കറിയില്‍ വിട്ടുവീഴ്ചയില്ലാത്ത രുചിക്കൂട്ട് തെളിയുന്നുണ്ട്. തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത കടല വറുത്തരച്ചുവച്ചാണ് വിളമ്പുന്നത്. രാവിലെ ആദ്യം പുട്ടും അപ്പവും. തുടര്‍ന്ന് ഇഡ്ഡലി, ദോശ. പത്തുമണി കഴിയുമ്പോള്‍ നാടന്‍ ഉഴുന്ന് വടകളും ബോണ്ടാകളും അലമാരയില്‍ എത്തും. വൈകുന്നേരമാകുമ്പോള്‍ ദോശയ്‌ക്കൊപ്പം മസാല ദോശയും നെയ്‌റോസ്റ്റും ഉണ്ടാകും. ജീവനക്കാരാണ് പാച്ചകമെങ്കിലും ശൈലി സ്വ.ലേയുടേത് തന്നെ. അടുക്കളയിലും വിളംബിലും എല്ലാം ഹരികുമാരിന്റെയും ശ്രീകുമാറിന്റെയും ഇടപെടല്‍ എപ്പോഴുമുണ്ട്. കലര്‍പ്പില്ലാതെ ദോശയുടെ വലുപ്പത്തില്‍ വ്യത്യാസമില്ലത്തത് പോലെ രുചി തേടി എത്തുന്നവരോടുള്ള ഇവരുടെ ഇടപെടലും വലിപ്പ വ്യത്യാസമില്ല. (കടപ്പാട് - രുചികള്‍ തേടിയുള്ള യാത്ര, ഫേസ്ബുക്ക്) ....
5 -6- 2014 റിംഗ് മാസ്റ്റര്‍ പുട്ട്
കേരളത്തിലെ പുട്ട്‌പ്രേമികളുടെ പ്രിയപ്പെട്ട ഇടമാണ് ദേ പുട്ട്. ദിലീപും നാദിര്‍ഷായും ചേര്‍ന്നു നടത്തുന്ന ഈ പുട്ടു കടയിലെ പുട്ടുകള്‍ക്കുമുണ്ട് ഒരു സിനിമാ ടച്ച്. മീശ മാധവന്‍, സിഐഡി മൂസ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കു പുറമേ ജനപ്രിയ നായകന്റെ പുതിയ ഹിറ്റ് റിംഗ് മാസ്റ്ററിന്റെ പേരിലും പുട്ട് റിലീസ് ചെയ്തിരിക്കുകയാണ്.
കണവയും ചെമ്മീനും അരിപ്പൊടിയും ഉള്‍പ്പെടുത്തിയുള്ള ഈ വ്യത്യസ്ത പുട്ട് റിംഗ് മാസ്റ്റര്‍ പോലെ തന്നെ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. ദിലീപിന്റെ ആരാധകര്‍ സിനിമയും പുട്ടും ഒരു പോലെ ആസ്വദിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ദിലീപിനെ നായകനാക്കി സംവിധായക ഇരട്ടകളിലെ റാഫി ഒരുക്കിയ ചിത്രം വലിയ ഹിറ്റായിരുന്നു.
ചോക്ലേറ്റ് പുട്ടും ചായ പുട്ടും വരെയുള്ള നിരവധി പുട്ട് വെറൈറ്റികളാല്‍ ഏറെ പ്രസിദ്ധമാണ് ദേ പുട്ട്. ഈ പുട്ട് സ്‌നേഹം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ലെന്നാണ് ദിലീപും നാദിര്‍ഷയും പറയുന്നത്. പണ്ട് മിമിക്രിയുമായി കറങ്ങി നടക്കുമ്പോള്‍ കഴിച്ചാല്‍ വയറ്റില്‍ കിടക്കുന്നതും കടിച്ചും പൊടിച്ചുമെല്ലാം എളുപ്പത്തില്‍ കഴിക്കാവുന്നതുമായ വിഭവമായിരുന്നു പുട്ട്. തീരെ സമയമില്ലെങ്കില്‍ പുട്ട് ചായയില്‍ ഇട്ട് ഒറ്റവലിക്ക് കുടിച്ചു തീര്‍ക്കാമെന്നും സൗകര്യമുണ്ട്.
23 -5- 2014 പുട്ട് മേളയിലെ മീന്‍പുട്ടും താരങ്ങളും
കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ ഇപ്പോള്‍ പുട്ട് മേളയാണ്. വിവിധ തരത്തിലുള്ള പുട്ടുകള്‍ ആവി പറത്തി നമ്മെ കാത്തിരിക്കുന്നു. കേരളത്തിന്റെ സ്വന്തം വിഭവമായ പുട്ടുകളുടെ വിവിധ വകഭേദങ്ങള്‍ പുട്ട് മേളയിലുണ്ട്. ഹോട്ടലിലെ കോഫീ ഷോപ്പില്‍ തയ്യാറാക്കിയിരിക്കുന്ന നാടന്‍ ഹോട്ടലില്‍ നിന്നാണ് വിവിധ പുട്ടുകള്‍ തയാറാക്കുന്നത്. എക്‌സിക്യൂട്ടീവ് ഷെഫ് ബിജു മാത്യുവിന്റെ നേതൃത്വത്തിലാണ് വൈവിധ്യമാര്‍ന്ന പുട്ടുകള്‍ ഇവിടെ തയാറാക്കുന്നത്. ഈ മാസം 30ന് പുട്ടുമേള അവസാനിക്കും. മുളകൊണ്ടാണ് കോഫീ ഷോപ്പിനുള്ളില്‍ പുട്ടുമേളയ്ക്കായി പ്രത്യേക കുടില്‍ നിര്‍മിച്ചിരിക്കുന്നത്. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമായ പുട്ടുകള്‍ ഇവിടെ ലഭിക്കും.
മീന്‍ പുട്ട്, ചീര പുട്ട്, ചിക്കന്‍ പുട്ട്, കപ്പ പുട്ട്, കീമ പുട്ട്, ന്യൂഡില്‍സ് പുട്ട്, പനീര്‍ പുട്ട്, ചെമ്പാ പുട്ട്, റവ പുട്ട്, ചിരട്ട പുട്ട് തുടങ്ങി സാധാ പുട്ട് വരെയുണ്ട് ഈ മേളയില്‍. ചീര പുട്ടും ന്യൂഡില്‍സ് പുട്ടും കഴിക്കാന്‍ മറ്റു കറികളൊന്നും വേണ്ട എന്നാല്‍ റവ പുട്ട്, ഗോതമ്പ് പുട്ട്, ചെമ്പാ പുട്ട്, ചിരട്ട പുട്ട് എന്നിവയ്‌ക്കൊപ്പം കറികളും വിളമ്പുന്നു. നടന്‍ കോഴിക്കറി, താറാവ് റോസ്റ്റ്, ഞണ്ട് വരട്ടിയത്, ബീഫ്, വെജിറ്റബിള്‍ കറികളാണു ഇവയൊപ്പം നല്‍കുക. പുട്ടിനൊപ്പം കുടിക്കാന്‍ കട്ടന്‍ ചായയും നല്‍കും. വാഴയിലയില്‍ പപ്പടത്തോടൊപ്പം ചൂടുപുട്ട് കഴിക്കാന്‍ നല്‍കും.
വൈകിട്ട് ഏഴു മുതല്‍ പത്തു വരെയാണു പുട്ട് മേള ഒരുക്കിയിരിക്കുന്നത്. കഴിക്കാനെത്തുന്നവര്‍ക്കു മെനുവിലെ ഏതു പുട്ട് വേണമെങ്കിലും ഓര്‍ഡര്‍ ചെയ്യാം. നിമിഷങ്ങള്‍ക്കുള്ളില്‍ ചൂടോടെ പുട്ട് റെഡി. കടല്‍ വിഭവങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന പുട്ടിനാണ് ആവശ്യക്കാര്‍ കുടുതലെന്നു ബിജു പറയുന്നു. മീന്‍, ചെമ്മീന്‍, കണവ തുടങ്ങിയ മസാലയും ചേര്‍ത്ത് തയ്യാറാക്കും. അതിനു ശേഷം അരിപ്പൊടിയുമായി ചേര്‍ത്ത് കുഴയ്ക്കും. പിന്നെ സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ തന്നെ തയാറാക്കും. തേങ്ങാപ്പീര തന്നെയാണ് ഇവിടെയും ഇടയ്ക്ക് ചേര്‍ക്കുക.
കേരളത്തിന്റെ തനതു രുചികള്‍ പുതിയ തലമുറയ്ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുട്ട് മേള തുടങ്ങിയതെന്ന് ബിജു മാത്യു പറയുന്നു. പിസയ്ക്കും ബര്‍ഗറിനും ഒപ്പം പോകുന്ന തലമുറയെ നമ്മുടെ നാടന്‍ ഭക്ഷണം പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മലയാളിയുടെ സ്വന്തം ഭക്ഷണമാണ് പുട്ട്. ആരോഗ്യത്തിന് നല്ലതുമാണിതെന്നും ബിജു പറയുന്നു. മറ്റു പല ഫുഡ് ഫെസ്റ്റിവലുകളും നടത്തിയിട്ടും ലഭിക്കാത്ത അത്ര പുട്ടുമേളയില്‍ നിന്നും ലഭിക്കുന്നതെന്ന് ട്രാവന്‍കൂര്‍ കോര്‍ട്ട് അസിസ്റ്റന്റ് മാനെജര്‍ അജീഷ് വര്‍ഗീസ് ചാക്കോ പറഞ്ഞു.
തുടക്കം കുറിച്ച് ദിവസങ്ങള്‍ക്കകം നിരവധി പേരാണ് പുട്ടുമേളയ്ക്ക് എത്തിയതെന്നും അദ്ദേഹം. സംവിധായകന്‍ സിദ്ധീഖ്, അഭിനേതാക്കളായ മണിയന്‍ പിള്ള രാജു, നസ്‌റിയ നസീം ഇവരൊക്കെ പുട്ടിന്റെ രുചി തേടിയെത്തി. 22 വര്‍ഷത്തെ പാചകപെരുമയുമായണു ബിജു മാത്യു പുട്ട് മേള ഒരുക്കിയിരിക്കുന്നത്. കോലഞ്ചേരിക്കാരനായ ഇദ്ദേഹം സൗദി അറേബ്യ, ദുബായ്, ഒമാന്‍ തുടങ്ങിയ വിദേശനാടുകളില്‍നിന്നുള്ള അനുഭവസമ്പത്തുമായി ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണു ട്രാവന്‍കൂര്‍ കോര്‍ട്ടിലേക്കെത്തുന്നത്. എറണാകുളം ആസ്ഥാനമായ ബുള്ളറ്റ് ക്ലബിന്റെ സാരഥി കൂടിയാണ് ബിജു.
ബിജുവിന്റെ മിക്‌സഡ് സീഫൂഡ് പുട്ട് തയ്യാറാക്കി നോക്കൂ.
ആവശ്യമുള്ള സാധ്യൂങ്ങള്‍:
മീന്‍, കണവ, ചെമ്മീന്‍ കഷണങ്ങളാക്കിയത്
ഉള്ളി
ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
മല്ലിപ്പൊടി
മുളക്‌പ്പൊടി
മഞ്ഞള്‍പ്പൊടി
കുരുമുളക് പൊടി
ഉപ്പ്
തേങ്ങ
വെളിച്ചെണ്ണ
അരിപ്പൊടി
ചൂടാക്കി വെച്ചിരിക്കുന്ന പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക, എണ്ണ ചൂടാകുമ്പോള്‍ ചെറുതാക്കി നുറക്കി വെച്ചിരിക്കുന്ന ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക, ഈ കൂട്ടിലേക്ക് മല്ലിപ്പൊടി, മുളക്‌പ്പൊടി, മഞ്ഞള്‍പ്പൊടി, മിക്‌സഡ് സീഫൂഡും ചേര്‍ക്കുക, മീന്‍ വിഭവങ്ങള്‍ വെന്തുകഴിഞ്ഞാല്‍ പാത്രത്തിലേക്ക് മാറ്റി വെക്കുക.
മിക്‌സഡ് സീഫൂഡ് കൂട്ട് തയാറാക്കി കഴിഞ്ഞാല്‍ നനച്ചുവെച്ചിരിക്കുന്ന അരിപ്പൊടിയിലേക്ക് ചേര്‍ത്തിളക്കുക. ഈ പൊടി പുട്ടുകുറ്റിയിലേക്കിട്ട് ഇടയ്ക്കു തേങ്ങാപീരയും ചേര്‍ത്ത് വേവിച്ചെടുക്കുക.
4 -5- 2014 സമൂസപ്പടി, സമൂസപ്പടി ആളിറങ്ങാനുണ്ടോ....
സ്വന്തം പേരില്‍ ബസ് സ്റ്റോപ്പുള്ള പലഹാരം ഏതാണ്. ഉത്തരം തേടി തല പുകയ്‌ക്കേണ്ട. സമൂസയ്ക്കാണ് ആ ബഹുമതി. സമൂസപ്പടി എന്ന പേരുള്ള ബസ് സ്റ്റോപ്പ് കാണണമെങ്കില്‍ മലപ്പുറത്ത് എത്തണം. ഒരു ഗ്രാമം തന്നെ സമൂസയുടെ പേരില്‍ അറിയപ്പെടുന്നു. പാലക്കാട്- കോഴിക്കോട് ദേശീയ പാതയില്‍ കൂട്ടിലങ്ങാടി കീരംകുണ്ടില്‍ നിന്നും പഴമണ്ണൂര്‍ റോഡില്‍ യാത്ര ചെയ്താല്‍ സമൂസപ്പടിയില്‍ എത്താം. 10 ഓളം വീടുകളില്‍ ഇവിടെ സമൂസ ഉണ്ടാക്കി വില്‍പ്പന നടത്തുന്നു. ഒരു ദിവസം ഇവിടെ നിന്നും ഏതാണ്ട് 20,000 സമൂസകള്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടു പോകുന്നു. റംസാന്‍ കാലത്ത് ഇത് 75000 ത്തോളമാകും.
20 വര്‍ഷത്തോളമായി ഇവിടെ സമൂസ നിര്‍മാണം തുടങ്ങിയിട്ട്. മുമ്പ് നിരവധി കുടുംബങ്ങള്‍ സമൂസ നിര്‍മാണത്തില്‍ ഏര്‍പെട്ടിരുന്നു. ഇപ്പോള്‍ 10 ഓളം സ്ഥാപനങ്ങള്‍ മാത്രമാണ് സമൂസ ഉണ്ടാക്കുന്നത്. കുഞ്ഞിമ്മു എന്നയാളാണ് ആദ്യമായി ഇവിടെ സമൂസ നിര്‍മാണം ആരംഭിച്ചത്. മുംബൈയില്‍ നിന്നാണ് കുഞ്ഞിമ്മു സമൂസ നിര്‍മാണം പഠിച്ചത്. പ്രദേശത്തെ നിരവധി ചെറുപ്പക്കാര്‍ കുഞ്ഞിമ്മുവില്‍ നിന്നും സമൂസ നിര്‍മാണം പഠിച്ചു. അവരും സ്വന്തം വീടിനോടു ചേര്‍ന്നു സമൂസ നിര്‍മാണം ആരംഭിച്ചു. അങ്ങിനെ ഗ്രാമം തന്നെ സമൂസയുടെ പേരില്‍ അറിയപ്പെട്ടു.
റംസാന്‍ നോമ്പുകാലത്താണ് സമൂസ കൂടുതലായും ചെലവാകുന്നത. മെദ ഉപയോഗിച്ചാണ് സമൂസ നിര്‍മാണത്തി്യൂുള്ള ഓല തയ്യാറാക്കുക. മൈദ ഉപ്പും കൂട്ടി കുഴച്ച് പരത്തിയാണ് ഓല നിര്‍മിക്കുക. പൊറാട്ടയ്ക്കുള്ള പോലെ മൈദ കുഴച്ച് ബോള്‍ രൂപത്തില്‍ വയ്ക്കും. ഇവ പരത്തി കല്ലില്‍ ചെറു ചൂടില്‍ വേവിക്കും. അതിനു ശേഷം മുറിച്ചാണ് ഓല തയ്യാറാക്കുക. വലിയ ഉള്ളിയാണ് സമൂസയിലെ പ്രധാന താരം. ഉള്ളി, ബീറ്റ് റൂട്ട്, കാരറ്റ് , ഇഞ്ചി എന്നിവ അരിഞ്ഞ് മുളക് പൊടി, മഞ്ഞപൊടി എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കും. സമൂസ ഓല ത്രികോണ രൂപത്തില്‍ മടക്കി അതിനകത്ത് മസാല നിറയ്ക്കും. മൈദ പശ ഉപയോഗിച്ച് വശങ്ങള്‍ ഒട്ടിക്കും. ഇവ എണ്ണയില്‍ പൊരിച്ചെടുത്താല്‍ സമൂസ റെഡി.
ഓല ത്രികോണ രൂപത്തില്‍ മടക്കി മസാല നിറയ്ക്കുന്നതു കാണേണ്ട കാഴ്ചയാണ്. നല്ല പരിശീലനം ഉള്ളവര്‍ക്കെ വേഗത്തില്‍ ഓല ത്രികോണ രൂപത്തില്‍ മടക്കി മസാല നിറയ്ക്കാന്‍ കഴിയൂ.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, തിരൂര്‍, മഞ്ചേരി, മലപ്പുറം തുടങ്ങിയവിടങ്ങളിലേക്കുമ ഇവിടെ നിന്നുള്ള സമൂസ എത്തുന്നു. സമൂസ നിര്‍മിക്കാ്യൂുള്ള ഓല വിപണയില്‍ ലഭ്യമായതോടെ വീട്ടില്‍ തന്നെ സമൂസ നിര്‍മിക്കാമെന്നായി. ഇതു തങ്ങള്‍ക്കു തിരിച്ചടിയായെന്ന് സമൂസപ്പടിക്കാര്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് സമൂസ ഓല ജില്ലയിലെ ബേക്കറികളില്‍ എത്തിയത്. സമൂസപ്പടിയില്‍ നിന്നും സമൂസ നിര്‍മാണം പഠിച്ച നിരവധി പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈ തൊഴില്‍ ചെയ്യുന്നുണ്ട്.
...................
ബീഫ് സമൂസ ഉണ്ടാക്കുന്ന വിധം
ബീഫ് മുളക് പൊടി, മഞ്ഞപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുഴുങ്ങുക. പുഴുങ്ങിയ ശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കുക. വലിയ ഉള്ളി, ഇറച്ചി മസാല, കറിവേപ്പില, മല്ലിച്ചെപ്പ്, മുളക് പൊടി, മഞ്ഞള്‍ പൊടി, ഇഞ്ചി തുടങ്ങിയ ഉപയോഗിച്ച് തയ്യാറാക്കിയ മസാലയില്‍ ഇറച്ചി ചേര്‍ക്കുക. ബീഫില്‍ മസാല പിടിച്ചു കഴിഞ്ഞാല്‍ ബീഫ് സമൂസ തയ്യാറാക്കാം.
16 -4- 2014 ആലപ്പുഴയിലെ മുന്തിരി സര്‍ബത്ത്
ആലപ്പുഴ ജില്ലയിൽ കായംകുളം ശ്രീ വിടോഭ ക്ഷേത്രത്തിനു എതിർവശം മനോജ് ചേട്ടൻ നടത്തുന്ന ഒരു ചെറിയ സർബത്ത് കടയുണ്ട്, അവിടെ സ്പെഷ്യൽ നാരങ്ങവെള്ളം കിട്ടും, മുന്തിരി സത്തും, മധുരവും, ഉപ്പും, പിന്നെ ഇഞ്ചി നീരും ചേർത്ത് ഒരു സവാരി ഗിരി ഗിരി. സൂപ്പർ ആണ് കേട്ടോ, സാദാ വെള്ളത്തിന് 6 രൂപയും സോഡാ ചേര്ക്കുന്നതിന് 10 രൂപയും ഉള്ളു. എല്ലാരും ഇവിടെ വന്നു ഇതൊന്നു ട്രൈ ചെയ്തു നോക്കു...... (രുചികള്‍ തേടിയുള്ള യാത്ര)
3 -4- 2014 ഒറിജിനല്‍ തന്തൂരി ചിക്കന്‍
ഒറിജിനല്‍ തന്തൂരി ചിക്കന്റെ ടേസ്റ്റ് ആസ്വദിക്കണമെങ്കില്‍ കരുനാഗപ്പള്ളിയിലെ KC സെന്ററിലുള്ള മോത്തിമഹലില്‍ പോകാം. തന്തൂരി ചിക്കന്‍ കണ്ടുപിടിച്ച കുന്ദന്‍ലാല്‍ ഗുജ്‌റാള്‍ 1960കളില്‍ നോര്‍ത്ത് ഇന്ത്യയില്‍ സ്ഥാപിച്ചതാണ് മോത്തിമഹല്‍. അവരുടെ തന്നെ കേരളത്തിലെ ബ്രാഞ്ച് ആണ് കൊല്ലത്തെ കരുനാഗപ്പള്ളിയിലേത് എന്നതാണ് സവിശേഷത. ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ ആവശ്യമില്ല. തന്തൂരി ചിക്കനൊപ്പം പല നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും ഇവിടെയുണ്ട്. രുചിയൂറും ഹൈദരാബാദി ബിരിയാണിയും കിട്ടും.
ഇനി തന്തൂരി ചിക്കന്‍ എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം:-
വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ പാചകം ചെയ്യാവുന്നതേയുള്ളൂ.
ആവശ്യമായവ :
ചിക്കന്‍ ലെഗ്‌സ് -4, തൈര്- 100 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍, മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍, ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍, മല്ലിപ്പൊടി- അര ടേബിള്‍ സ്പൂണ്‍, തന്തൂരി മസാല- ടേബിള്‍ സ്പൂണ്‍, ഗരം മസാല-1 ടേബിള്‍ സ്പൂണ്‍, ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍, എണ്ണ-2 ടേബിള്‍ സ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്
തൈരില്‍ എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ എണ്ണയും കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ വരയുക. മസാല നല്ലപോലെ തേച്ചു പിടിപ്പിച്ച് ഫ്രിഡ്ജില്‍ വയ്ക്കണം, ഫ്രീസറിലല്ല. തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പ്പം എണ്ണ പുരട്ടുക. ഇത് മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി, പുതിന ചട്‌നി കൂട്ടി സ്വാദോടെ കഴിക്കാം.
(കടപ്പാട്- രുചികള്‍ തേടിയുള്ള യാത്ര)
27 -3- 2014 ആലത്തൂരിലെ ചിപ്‌സ് പെരുമ
പാലക്കാടന്‍ കാറ്റേറ്റ്, പാടങ്ങളുടെ പച്ചപ്പും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിച്ച് എന്‍എച്ച് 47ലൂടെ ഒരു യാത്രപോയാല്‍ ആലത്തൂരെത്താം. സംഗീതത്തിനും കാര്‍ഷിക മേഖലയ്ക്കും ഗ്രാമസൗന്ദര്യത്തിനുമൊക്കെ പ്രാമുഖ്യമുള്ള കൊച്ചു നഗരം. ആലത്തൂരിനെ പ്രശസ്തമാക്കിയതില്‍ ഏറെ ക്രെഡിറ്റ് അര്‍ഹിക്കുന്ന ഒരു രുചിക്കൂട്ടുണ്ട്, ആലത്തൂര്‍ ചിപ്‌സ്. ചെക്ക് പോസ്റ്റ് കടന്നും എന്തിന് കടല്‍ കടന്നും തന്നെ പ്രിയമുണ്ട് ആലത്തൂര്‍ ചിപ്‌സിന്. എസ്എന്‍ആര്‍ എന്ന കൊച്ചു കടയില്‍ നിന്നാണ് രുചി പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ബ്രാന്‍ഡ് യാത്ര തുടങ്ങുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ വര്‍ഷത്തിലാണ് സാബുല്‍ നൂര്‍ മുഹമ്മദ് റാവുത്തര്‍ കട ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ പേരിന്റെ ചുരുക്കെഴുത്തായ എസ്എന്‍ആര്‍ തന്നെ പിന്നീട് കടയുടെയും ഉല്‍പ്പന്നത്തിന്റെയും നാമമായി. ഇന്ന് അദ്ദേഹത്തിന്റെ ചെറുമക്കളായ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ കരീം, മുഹമ്മദ് റാവുത്തര്‍, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ കട നടത്തുന്നു. കുടുംബത്തിലെ സ്ത്രീകളും ഇവര്‍ക്ക് സഹായത്തിനുണ്ട്.
രഹസ്യമായ ഒരു റെസിപ്പിയുമില്ല ഈ വിജയത്തിനു പിന്നിലെന്ന് വെളിപ്പെടുത്തുന്നു ഇവര്‍. വറുക്കുന്നതിനു മുമ്പ് കായ നല്ലപോലെ കഴുകി കറ കളയും. പൊതുവേ മറ്റുള്ളവര്‍ അതിന് മെനക്കെടാറില്ല. കൂടാതെ നല്ലയിനം വാഴക്കുല്ലകള്‍ കൃത്യമായി പരിശോധിച്ചതിനു ശേഷമാണ് വാങ്ങുന്നത്. ചിപ്‌സ് റൗണ്ടായി തന്നെ കിട്ടുന്നതിന് പറ്റുന്നയിനം കുലകള്‍ വാങ്ങും. കൊഴിഞ്ഞാംപാറ, പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കുലകള്‍ എത്തുന്നത്. വറുക്കുന്ന എണ്ണയും എപ്പോഴും ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കുന്നു. പാക്കിംഗും പരമാവധി എണ്ണ കളഞ്ഞും ഈര്‍പ്പമൊഴിവാക്കിയുമാണ് ചെയ്യുന്നത്. അതിനാല്‍ മാസങ്ങളോളം എസ്എന്‍ആര്‍ ചിപ്‌സ് കേടു കൂടാതെയിരിക്കും.
പലരിലൂടെയാണെങ്കിലും പല പ്രശസ്തരുടെ നാവുകളിലും എസ്എന്‍ആര്‍ ചിപ്‌സിന്റെ രുചിയെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ജയലളിതയും കരുണാകരനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം അക്കൂട്ടത്തില്‍പ്പെടും. കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് സുരേഷ്‌ഗോപി കടയിലേക്ക് നേരിട്ടെത്തി. എസ്എന്‍ആര്‍ ചിപ്‌സിനെ പറ്റി കേട്ടറിഞ്ഞ താരം ആലത്തൂര്‍ വഴി പോയപ്പോള്‍ കടയില്‍ കയറുകയായിരുന്നു. എസ്എന്‍ആര്‍ രുചി കടല്‍ കടന്നതും കയറ്റുമതിയിലൂടെയല്ല. രുചിച്ചറിഞ്ഞവരിലൂടെ പെരുമ പരക്കുകയായിരുന്നു.
ആലത്തൂരിലല്ലാതെ വേറെവിടെയും എസ്എന്‍ആറിന് ബ്രാഞ്ചുകളില്ല. എന്നാല്‍ ആലത്തൂര്‍ ചിപ്‌സ് എന്ന പേരില്‍ ആലത്തൂരും മറ്റു പലയിടത്തും കടകളുണ്ട്. പക്ഷേ, അവിടെയൊന്നും ഇത്രയും ശുചിത്വമുള്ള, രുചികരമായ, ക്രിസ്പിയായ ചിപ്‌സ് കിട്ടിക്കൊള്ളണമെന്നില്ല.
28 -2- 2014 അതിരുകളില്ലാത്ത രുചിവിശേഷം
സര്‍ഹദ് എന്ന പേരിന്റെ അര്‍ത്ഥം അതിര്‍ത്തി എന്നാണ്. പരന്നു കിടക്കുന്ന ഉരുണ്ട ഭൂമിയില്‍ രാഷ്ട്രങ്ങള്‍ അതിര് മാറ്റി വരയ്ക്കുമ്പോള്‍ ഒരു ഗ്രാമം തന്നെ രണ്ടായി മാറാം. പഞ്ചാബിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് സര്‍ഹദ് റെസ്‌റ്റോറന്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സമാധാനവുമാണ് സര്‍ഹദ് ശാശ്വതീകരിക്കാന്‍ ശ്രമിക്കുന്നത്. വിഭജനത്തിനു മുമ്പ് നിലനിന്നിരുന്ന സംസ്‌കാരവും രുചികളും ഒരുമിച്ച് ചേര്‍ത്ത് വിളമ്പുന്നു എന്നതാണ് സര്‍ഹദിന്റെ സവിശേഷത. അമാന്‍ ജാസ്പാലാണ് റെസ്‌റ്റോറന്റിന്റെ ഉടമ. വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫീസര്‍ ഡി എസ് ജസ്പാലിന്റെ മകനാണ് അമാന്‍.
സര്‍ഹദിന്റെ നിര്‍മാണവും ഇരുരാജ്യങ്ങളിലെയും നിര്‍മാണരീതികള്‍ യോജിപ്പിച്ചുകൊണ്ടാണ്. പാക്കിസ്ഥാന്‍ വാസ്തുശില്‍പ്പിയായ നായര്‍ അലി ദാദയാണ് സര്‍ഹദിന്റെ നിര്‍മ്മാണ സൂത്രധാരന്‍. 2012ലെ സ്വാതന്ത്ര്യ ദിനത്തിലാണ് സര്‍ഹദ് പ്രവര്‍ത്തനമാരംഭിച്ചത്. സമാധാന സൂചകമായി മാടപ്രാവും 25 ഭാഷകളില്‍ എഴുതിയിരിക്കുന്ന സമാധാനം എന്ന വാക്കുമാണ് സര്‍ഹദിന്റെ ലോഗോ. അതിര്‍ത്തി വ്യത്യാസമില്ലാതെ അമൃതസറിലെയും ലാഹോറിലെയും വ്യത്യസ്ത രുചികള്‍ ഇവിടെ നുണയാം. ലോകപ്രസിദ്ധ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും സര്‍ഹദിനു സാധിച്ചു.
22 -2- 2014 ബോണ്ടയില്ലാതെ എന്ത് ചായ
\'കടുപ്പത്തില്‍ ഒരു ചായ.. കൂടെ ഒരു ബോണ്ടയും\' ഇടുക്കിയിലെ വഴിയോരങ്ങളില്‍ കാണുന്ന ചായക്കടകളില്‍ ചെന്നാല്‍ കേള്‍ക്കാവുന്ന പതിവ് ഡയലോഗാണിത്. നാട്ടില്‍ ബര്‍ഗറും, സാന്‍വിച്ചും സ്ഥാനം പിടിച്ചിട്ടും ഇടുക്കിയിലെ ചായക്കടകളില്‍ പ്രധാന വിഭവം ഇന്നും ബോണ്ട തന്നെ.
മറ്റു നാട്ടുകാര്‍ക്ക് ഈ ബോണ്ട എന്താണെന്ന് പിടികിട്ടണമെന്നില്ല. ഇങ്ങു മധ്യ കേരളത്തില്‍ ഉണ്ടന്‍പൊരി എന്നു വിളിക്കുന്ന പലഹാരത്തിനാണ് ഇടുക്കിക്കാര്‍ ബോണ്ട എന്നു പറയുന്നത്. എന്നാല്‍ ബോണ്ടയ്ക്ക് ഉണ്ടന്‍പൊരിയെക്കാള്‍ മയവും രുചുയുമുണ്ടാകും. പേരുകേട്ടാല്‍ ഒരു ഭീകരന്‍ ലുക്കു തോന്നുമെങ്കിലും ബോണ്ടയുടെ രുചി പേരുകേട്ടതാണ്. ഇടുക്കിയിലെത്തുന്ന സഞ്ചാരികളില്‍ ഏരെ പേരും ഈ കൊച്ചു പലഹാരം തേടാറുണ്ട്.
ബോണ്ടകളിലും ഉണ്ട് പലതരം രുചികള്‍. പഴം ബോണ്ട, മധുര ബോണ്ട, ചക്ക ബോണ്ട അങ്ങനെ നീളും ബോണ്ടയുടെ സ്വാദ്. നന്നായി പഴുത്ത മധുരമുള്ള ചെറുപഴം ചെറുതായി അരിഞ്ഞിട്ട് ഉണ്ടാക്കുന്നതാണ് പഴം ബോണ്ട. ഇതേ പോലെ പഴത്തിന് പകരം പഞ്ചസാര, ചക്കപ്പഴം തുടങ്ങിയവയും ഉപയോഗിക്കാറുണ്ട്. ഇടുക്കിയിലെ ചായക്കടകളുടെ ചില്ലുകൂട്ടില്‍ ഇത്തരത്തിലുള്ള വിവിധ രുചികളില്‍ ബോണ്ടകള്‍ നിറഞ്ഞു നില്‍ക്കുന്നു. ബര്‍ഗറിന്റെയും സാന്‍വിച്ചിന്റെയും സ്വാദിലേക്ക് നാടു മാറിയാലും ബോണ്ട വിട്ടൊരു ചായകുടിയില്ലെന്നാണത്രേ ഇടുക്കിക്കാരുടെ വാക്കുകള്‍.
15 -2- 2014 അമ്മയുടെ കൈപുണ്യവുമായി മെസ് ഹൗസുകള്‍
കോഴിക്കോടിന്റെ വഴികള്‍ മുഴുവന്‍ രുചിയുടെ വകഭേദങ്ങളാണ്. അത്തരമൊരു വഴിയിലാണ് അമ്മ മെസ് ഹൗസും. അമ്മ\' തെളിച്ച വഴിയിലൂടെ ചോറുവിളമ്പി നാട്ടുകാരുടെ വയറുനിറയ്ക്കുകയാണ് മെസ്ഹൗസുകള്‍. ഏകദേശം 40 വര്‍ഷം മുമ്പാണ് കോഴിക്കോട് മെസ് ഹൗസ് ആരംഭിക്കുന്നത്.
സരോജിനി എന്ന വീട്ടമ്മയാണ് നാടന്‍ ഊണ് മാത്രം ലഭിക്കുന്ന ഈ ഭക്ഷണശാലയ്ക്ക് കോഴിക്കോട്ട് തുടക്കമിട്ടത്. ഇന്നിപ്പോള്‍ നഗരത്തിലും പരിസരങ്ങളിലുമായി നൂറിലധികം മെസ്ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നു.
നഗരത്തിന്റെ രുചിയടയാളമായി മെസ്ഹൗസുകള്‍ മാറിക്കഴിഞ്ഞു. ഉച്ചഭക്ഷണം മാത്രം ലഭിക്കുന്ന കേന്ദ്രങ്ങളാണ് മെസ്ഹൗസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഹോട്ടലുകളിലെ ചെടിപ്പിക്കുന്ന പതിവുരുചിഭേദങ്ങള്‍ കൈയ്യൊഴിഞ്ഞ് ആളുകള്‍ ധാരാളമായി ഇവിടെയെത്താന്‍ തുടങ്ങി. ഇന്നിപ്പോള്‍ ദിവസവും അഞ്ഞൂറിലേറെ പേര്‍ക്ക് ഭക്ഷണം വിളമ്പുന്ന വന്‍സംരംഭമാണ് പുതിയറയിലെ അമ്മ\' മെസ്ഹൗസ്. അമ്മ\'യുടെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നഗരത്തിന്റെ പലഭാഗങ്ങളിലും പിന്നീടു മെസ്ഹൗസുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി.
മുതലക്കുളം, എം.എം.അലി റോഡ്, പാളയം, മിനിബൈപ്പാസ്, മാവൂര്‍ റോഡ്, ജയില്‍റോഡ് എന്നിവിടങ്ങളിലൊക്കെ മെസ്ഹൗസുകളുണ്ട്. വീടിനോടു ചേര്‍ത്തുകെട്ടിയ താത്ക്കാലികപന്തലിലാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നത്. മിക്കയിടത്തും സ്ത്രീകള്‍ തന്നെയാണു പാചകക്കാരും വിളമ്പുകാരുമെല്ലാം. വീട്ടിലുണ്ടാക്കുന്ന അതേ സ്വാദിലും വൃത്തിയിലും ഊണു ലഭിക്കുന്നു എന്ന പ്രത്യേകത കൊണ്ടാകാം പലയിടങ്ങളിലും ഉച്ചസമയത്തു ക്യൂ നിന്നാലേ ഇരിപ്പിടം കിട്ടു. വര്‍ഷങ്ങളായി ഊണുകഴിക്കാനെത്തുന്ന നിരവധി പതിവുകാര്‍ ഓരോ മെസ്ഹൗസിനുമുണ്ട്. പന്ത്രണ്ടുമണിയോടെ പ്രവര്‍ത്തനമാരംഭിക്കുന്ന മെസ്ഹൗസുകള്‍ വൈകിട്ടു നാലുമണിയോടെ അടച്ചുപൂട്ടും.
ഊണിനൊപ്പം വിളമ്പുന്ന മത്സ്യം പൊരിച്ചതിന്റെ സ്വാദാണ് മെസ്ഹൗസുകളുടെ പ്രധാന ആകര്‍ഷണം. ഹോട്ടലുകളില്‍ മത്സ്യം ആദ്യമേ വറുത്തുവയ്ക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് ചൂടോടെ തയ്യാറാക്കിനല്‍കുകയാണ് മെസ്ഹൗസുകള്‍ ചെയ്യുന്നത്. പുതിയറയിലെ അമ്മ മെസ്ഹൗസില്‍ മത്സ്യം പൊരിച്ചതുമാത്രം പാര്‍സലായി വാങ്ങാന്‍ എത്തുന്ന നിരവധിപേരുണ്ട്. നഗരത്തിലെത്തുന്ന വിഐപികളില്‍ പലരും ഒരിക്കലെങ്കിലും ഇതിന്റെ രുചിയറിഞ്ഞവരാകും. കണ്ണില്‍ വെള്ളംനിറയുന്ന എരിവു വകവയ്ക്കാതെ രണ്ടും മൂന്നും മീന്‍കഷ്ണങ്ങള്‍ തട്ടുന്ന തീറ്റക്കൊതിയന്‍മാരെയും അമ്മ മെസ്ഹൗസിലെത്തിയാല്‍ കാണാനാകും.
20 -2- 2014 കോഴിക്കോടന്‍ മില്‍ക്ക് സര്‍ബത്ത്
നിരവധി രുചി വൈവിധ്യങ്ങളും സംസ്‌കാരങ്ങളും സംഗമിക്കുന്ന ഇടമാണ് കോഴിക്കോട്. ഒരു കൊച്ചു കട കോഴിക്കോട് നഗരത്തിലെത്തുന്ന ഏതു രുചിപ്രേമിയുടെയും ഫേവറൈറ്റ് സ്‌പോട്ടാണ്. ഭാസ്‌കരേട്ടന്റെ കടയിലെ മില്‍ക്ക് സര്‍ബത്തിന്റെ രുചിയറിഞ്ഞവര്‍ പിന്നെയതു വഴി പോകുമ്പോള്‍ വീണ്ടും കയറാന്‍ മറക്കാറില്ല. പാരഗണ്‍ ഹോട്ടലിന്റെ സമീപത്തുള്ള ഈ കടയ്ക്കു മുമ്പില്‍ എപ്പോഴും ഒരാള്‍ക്കൂട്ടമുണ്ടാകും തങ്ങളുടെ രുചിയുടെ ഊഴം കാത്ത്. എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മില്‍ക്ക് സര്‍ബത്തിനു പുറമേ മറ്റു സാധാരണ സര്‍ബത്തുകളും ഇവിടെ ലഭിക്കും. എങ്കിലും ആവശ്യക്കാരേറെ എംഎസിനു തന്നെ.
©kadumanga.com. All Rights Reserved.Powered By Sofdia Technologies