
Food, Travelogue website in malayalam

2 -7- 2014 ധര്‍മജന്റെ മീന്‍കഥകള്‍
ചിരിയുടെ രുചിക്കൂട്ട് നല്ലരീതിയില്‍ അറിയുന്ന കലാകാരനാണ് ധര്‍മജന്‍. എന്നാല്‍ ചിരിയില്‍ മാത്രമല്ല രുചിയിലും പാചകത്തിലുമെല്ലാമുള്ള തന്റെ ഇഷ്ടങ്ങളും അനുഭവങ്ങളും വെളിപ്പെടുത്തുകയാണ് അദ്ദേഹം. മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ധര്‍മജന്‍ ബോള്‍ഗാട്ടി രുചിയിഷ്ടങ്ങള്‍ പങ്കുവച്ചത്. മീന്‍ ഏറെയിഷ്ടമായ ധര്‍മജന് മീന്‍പിടുത്തത്തിന്റെയും പാചകത്തിന്റെയുമെല്ലാം കഥകള്‍ പറയാനുണ്ട്.\'\'മുളവുകാട്ടെ വീട്ടിലെ ഒരു മുറിയില്‍ വലിയൊരു പത്തായമുണ്ട്. ഒരു വര്‍ഷം കഴിക്കാനുള്ള നെല്ലുണ്ടതില്‍. സ്വന്തമായി പൊക്കാളികൃഷി ചെയ്യുന്നതിനാല്‍ ഒരിക്കലും പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല. പൊക്കാളിയുടെ അരിക്ക് ഒരു പ്രത്യേകതയുണ്ട്. കറിയില്ലെങ്കിലും ചോറുണ്ണാം. അല്ലെങ്കില്‍ കഞ്ഞിയാക്കിയും കഴിക്കാം. എന്നാല്‍ കുട്ടിക്കാലം കഴിഞ്ഞപ്പോള്‍ മീനില്ലാതെ ചോറിറങ്ങാത്ത അവസ്ഥയായി. അതോടെ വലയുമായി കായലിലേക്കിറങ്ങി. അന്നു തുടങ്ങിയതാണ് വലവീശല്‍. ഷൂട്ടിംഗില്ലെങ്കില്‍, സിനിമാനടന്റെ പത്രാസുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ഇന്നും ഞാനിറങ്ങും, മീന്‍ പിടിക്കാന്‍. പിടിക്കുന്ന മീന്‍ സ്വയം കറിവയ്ക്കണമെന്ന നിര്‍ബന്ധവും എനിക്കുണ്ട്. കറി വച്ചുകഴിഞ്ഞാല്‍ അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കണം. മണിച്ചേട്ടന്‍, ജാഫറിക്ക, സുരാജേട്ടന്‍ എന്നിവരൊക്കെ എന്റെ മീന്‍രുചി അനുഭവിച്ചറിഞ്ഞവരാണ്. കുറച്ചുനാള്‍ മുമ്പ് സുരാജേട്ടന് ഒരാഗ്രഹം. എന്റെ കൂടെ മീന്‍ പിടിക്കാന്‍ വരണം. വലയും ചട്ടിയും കലവും അടുപ്പും മസാലപ്പൊടികളും കാറില്‍ കയറ്റിയാണ് അന്ന് മീന്‍ പിടിക്കാന്‍ പോയത്. നല്ല കരിമീനും പള്ളത്തിയും കിട്ടിയപ്പോള്‍ അവിടെവച്ചുതന്നെ അടുപ്പുകൂട്ടി പാചകം ചെയ്തു. സ്വന്തമായി വലവീശുമ്പോള്‍ പലതരം മീനുകള്‍ കിട്ടും. അഞ്ചുതരം മീനുണ്ടെങ്കില്‍ അഞ്ചുതരം കറിയുണ്ടാക്കാം. ചെമ്മീന്‍ അച്ചിങ്ങയുടെ കൂടെയിട്ടാലും ടേസ്റ്റാണ്. ഷൂട്ടിംഗിന് പോയി വരുമ്പോള്‍ മീന്‍ എവിടെക്കണ്ടാലും ആയിരം രൂപയ്ക്ക് വാങ്ങിക്കും. അങ്ങനെ വാങ്ങിച്ചു വാങ്ങിച്ചാണ് വരുമാനത്തിലെ ഒരു പങ്ക് മീന്‍ കൊണ്ടുപോയത്. വലിയ മീനിനോട് ഒട്ടും താല്‍പ്പര്യമില്ല. ഏറ്റവുമിഷ്ടം ഞണ്ടാണ്. ഞണ്ടുകറിയുണ്ടെങ്കില്‍ എത്ര വേണമെങ്കിലും ചോറുണ്ണാം. രണ്ടുമാസം മുമ്പാണ് പുതിയൊരു വല വാങ്ങിച്ചത്. അന്നുതന്നെ അതുമായി വീശാനിറങ്ങി. മൂന്നുകിലോ കരിമീനാണ് അന്നു കിട്ടിയത്. പക്ഷേ കറിവച്ചപ്പോള്‍ ഒന്നു നുള്ളിത്തിന്നാന്‍ പോലും താല്‍പ്പര്യമുണ്ടായില്ല. കണ്ണുതട്ടിപ്പോയതാണ്. പിന്നീട് ഒന്നൊന്നരമാസത്തോളം മീന്‍ കഴിച്ചില്ല. ഇപ്പോള്‍ ആ അവസ്ഥ മാറിവരുന്നു\'. ....
24 -6- 2014 ലാലേട്ടന്‍ ബ്രസീലില്‍
സൂപ്പര്‍താരം മോഹന്‍ലാല്‍ കളികാണാനായി ബ്രസീലിലെത്തി. കേരളമാകെ ഫുട്‌ബോള്‍ ലഹരിയിലാണ്. ബ്രസീലില്‍ നടക്കുന്ന ലോകക്കപ്പിന്റെ ചൂട് സിനിമാ ലോകത്തുമെത്തിയിട്ടുണ്ട്. പല താരങ്ങളും തങ്ങളുടെ ഇഷ്ട ടീമുകളെക്കുറിച്ചും മോശം ടീമുകളെക്കുറിച്ചുമെല്ലാം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
മെയ് മാസം മുതല്‍ അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമേരിക്കയിലായിരുന്നു ലാലേട്ടന്‍. അവിടെനിന്നും ഷൂട്ടിങ് തീര്‍ന്നയുടനെ ബ്രസീലിലേക്ക് തിരിച്ചു. ലോകകപ്പ് കാണാന്‍ പോകുമെന്ന് അദ്ദേഹം നേരത്തേ തന്നെ അറിയിച്ചിരുന്നു. കഴിയുന്നത്രയും മത്സരങ്ങള്‍ നേരിട്ടു കാണാനാണ് ലാലേട്ടന്റെ ശ്രമം.
ജൂണ്‍ അവസാനത്തോടെ കേരളത്തില്‍ തിരിച്ചെത്തുമെന്നും തിരിച്ചെത്തിയാലുടന്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
3 -6- 2014 സ്‌കൂള്‍ വഴിയിലെ പഞ്ചസാര
അനൂപ്‌മോഹന്‍:-
ഒരു പാടം കടന്നു വേണമായിരുന്നു സ്‌കൂളിലേക്ക് പോകാന്‍. ആ സ്‌കൂള്‍ യാത്രയുടെ ത്രില്ലും അതു തന്നെയായിരുന്നു. പാടം എത്തുന്നതിനു മുമ്പ്, ജാതിക്ക തോട്ടവും, ഒരുപാടു തിന്നാല്‍ നാവിലെ തൊലി പോകുമെന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ചിരുന്ന ഒരു പഴവും.... സ്ഥിരം യാത്രയുടെ ആവര്‍ത്തന കാഴ്ചകളും അനുഭവങ്ങളുമായിരുന്നെങ്കിലും ഒരിക്കലും മടുക്കാത്ത കാര്യങ്ങളായിരുന്നു അവയൊക്കെ. മഴ പെയ്താല്‍ നടവരമ്പ് മുങ്ങിപ്പോകുന്ന പാടത്തിനു നടുവിലൂടെയുള്ള യാത്ര....
ഇപ്പോള്‍ അതേ സ്‌കൂളില്‍ തന്നെയാണ് മകന്‍ പഠിക്കുന്നതും. എന്നാല്‍ പാടത്തൂടെയുള്ള യാത്രയും ജാതിക്കയുമൊന്നുമില്ല. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛന്റ് സ്‌കൂള്‍ കഥകള്‍ കേള്‍ക്കുന്ന പതിവുണ്ട് മകന്. പട്ടാളത്തില്‍ നിന്നു മടങ്ങിവന്നവന്റെ കഥ പറച്ചില്‍ പോലെ, എത്ര ആവര്‍ത്തിച്ചാലും അവനു തീരെ പരാതിയില്ല.
ഒരിക്കലൊരു കഥ അവനോട് പറഞ്ഞു. അതിങ്ങനെ
ഒരിക്കല്‍ ഒരു വൈകുന്നേരം സ്‌കൂള്‍ വിട്ടു പതിവു സംഘങ്ങള്‍ക്കൊപ്പം വരുമ്പോള്‍ വല്ലാത്ത ദാഹം. അടുത്തു കണ്ട വീട്ടില്‍ കയറി. ഒരു അമ്മൂമ്മ ഇറങ്ങിവന്നു. ഇത്തിരി വെള്ളം തര്വോ എന്നു ചോദിച്ചു. അമ്മൂമ്മ അകത്തേക്കു പോയി വെള്ളം തന്നു. നല്ല മധുരം. മധുരം ഉണ്ടോ, പഞ്ചാര ഇട്ടിട്ടുണ്ട്‌ട്ടോ...അതൊരു സാധ്യതയായിരുന്നു. പിറ്റേദിവസം തൊട്ട് അതേ സ്ഥലത്ത് എത്തുമ്പോള്‍, എവിടെ നിന്നാണെന്നറിയില്ല, വല്ലാത്ത ദാഹം....ആ പതിവ് ആവര്‍ത്തിച്ചു. പിന്നെ എപ്പോഴാണു ആ ശീലം നിന്നതെന്ന് ഓര്‍മ്മയില്ല. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മോനെ സ്‌കൂളിലാക്കാന്‍ പോയപ്പോള്‍ ആ അമ്മൂമ്മയെ കണ്ടു. ഓര്‍മ്മയുണ്ടോ എന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ ആ പഴയ പഞ്ചസാര വെള്ളത്തിന്റെ മധുരം വായിലും മനസിലും ഊറിയെത്തി..
ഈ കഥ പറഞ്ഞ് അവസാനിക്കുമ്പോള്‍, കുറച്ചു നേരം മിണ്ടാതെയിരുന്നു മകന്‍. എന്നിട്ടു ചോദിച്ചു...
എവിടെയാ അച്ഛാ ആ വീട്.....
പറഞ്ഞുകൊടുത്തില്ല പഞ്ചസാരയ്‌ക്കൊക്കെ ഇപ്പോ എന്താ വില
20 -5- 2014 തിരുനാവായയിലെ താമരപ്പൊയ്ക
കേരളത്തിന്റെ താമരപ്പെരുമ കാണണമെങ്കില്‍ തിരുന്നാവായ കാദനങ്ങാടി വലിയപറപ്പൂര്‍ കായലിലെത്തണം. 350 ഏക്കറോളം പടര്‍ന്നു കിടക്കുന്ന കായലിന്റെ 150 ഏക്കറോളം സ്ഥലത്തെ താമര കൃഷിയാണ് കേരളത്തിലെയും ഉത്തരേന്ത്യയിലെ നിരവധി അമ്പലങ്ങളിലെയും ദൈവങ്ങള്‍ക്കു നിവേദ്യമാകുന്നത്. 20 ഓളം പേര്‍ വലിയപറപ്പൂര്‍ കായലില്‍ മാത്രം താമര കൃഷി ചെയ്യുന്നു. തിരുനാവായ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ താമരപാടങ്ങള്‍ ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.
വേനലില്‍ കായലിലെ വെള്ളം വറ്റുമ്പോള്‍ താമരകൃഷി ആരംഭിക്കും. ട്രാക്റ്റര്‍ ഉപയോഗിച്ച് കായല്‍ ഉഴുതു മറിക്കും. മണ്ണ് നല്ല പോലെ നേര്‍ത്തതാക്കിയ ശേഷമാണ് താമര വള്ളികള്‍ നടുക. വേനല്‍ മഴയും, കാലവര്‍ഷവും തുടങ്ങുന്നതോടെ കായലില്‍ വെള്ളം നിറയും. ഇതോടെ താമരവള്ളികള്‍ മുളച്ചു തുടങ്ങും. ജൂണ്‍ മാസത്തോടെ വള്ളികളുടെ വളര്‍ച്ച ഏതാണ്ടു പൂര്‍ത്തിയാകും. ആഗസ്റ്റ് മാസത്തോടെ വിളവെടുപ്പ് ആരംഭിക്കും. മൊട്ടുകളെയാണ് വില്‍പ്പനയ്ക്കായി പറിച്ചെടുക്കുക. മൂന്നു ദിവസം വരെ മൊട്ടു മൊട്ടായി തന്നെ ഇരിക്കും. കായലില്‍ അതിരിട്ടാണ് കൃഷി നടത്തുന്നത്. കായല്‍ പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. വര്‍ഷങ്ങളായി വലിയപറപ്പൂര്‍ കായലില്‍ താമരകൃഷി തുടങ്ങിയിട്ട്.
കായലിലൂടെ ചെറിയ തോണിയില്‍ എത്തിയാണ് താമരമൊട്ട് പറിച്ചെടുക്കുന്നത്. താമരമൊട്ട് പറിക്കാനായി ഒരാള്‍ക്കു മാത്രം കയറാനാകുന്ന പ്രത്യേക തോണിയും കര്‍ഷകര്‍ നിര്‍മിച്ചിട്ടുണ്ട്. സീസണില്‍ ഒരു ദിവസം 2500ഓളം മൊട്ടുകള്‍ വരെ വലിയപറപ്പൂര്‍ കായലില്‍ നിന്നുമാത്രം പറിച്ചെടുക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും താമര കയറ്റി അയക്കുന്നു. തിരുനാവായ പഞ്ചായത്തിലെ തിരുനാവായ, വലിയ പറപ്പൂര്‍, പല്ലാറ്റ്, കൊടക്കല്‍ കായല്‍, വാവൂര്‍ എന്നിവിടങ്ങളിലാണ് താമരകൃഷി പ്രധാ്യൂമായും നടക്കുന്നത്. ഗുരുവായൂര്‍ അമ്പലം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങി കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലേക്കെല്ലാം താമര എത്തിക്കുന്നത് തിരുനാവായ പഞ്ചായത്തിലെ വിവിധ കൃഷി സ്ഥലങ്ങളില്‍ നിന്നുമാണ്.
ശബരിമല സീസണിലാണ് താമരപൂവിന് ഡിമാന്‍ഡ് കൂടുക. രണ്ടു മുതല്‍ 2.50 രൂപ വരെ ഇക്കാലത്ത് ഒരു പൂവിന് വില ലഭിക്കും. ചിലപ്പോള്‍ ആറു രൂപ വരെ എത്തുകയും ചെയ്യും. ട്രെയ്‌നിലും, ബസിലുമായിട്ടാണ് താമര കയറ്റി അയക്കുക. ട്രെയ്‌നിന്റെ സമയം നോക്കിയാണ് പൂ പറിച്ചെടുക്കുക. മൊട്ട് ചാക്കിലാക്കി വെള്ളം തളിച്ചാണ് കയറ്റുമതി.
ക്ഷേത്ര ആവശ്യത്തിനു പുറമെ നല്ലൊരു ഔഷധം കൂടിയാണ് താമര. താമരയുടെ വള്ളിയും, മൊട്ടും പല ആയുര്‍വേദ ഔഷധങ്ങള്‍ നിര്‍മിക്കാനും ഉപയോഗിക്കുന്നുണ്ട്. മരുന്നു നിര്‍മാണത്തിനായി കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലേക്കും ഇവിടെ നിന്നും താമര നല്‍കുന്നു. ആഫ്രിക്കന്‍ പായലും, കാലം തെറ്റി എത്തുന്ന മഴയുമാണ് താമരകൃഷിക്ക് പ്രധാന ഭീക്ഷണി. താമര നന്നായി വളര്‍ന്നു മൊട്ടിടണമെങ്കില്‍ നല്ല വെയില്‍ ആവശ്യമാണ്. കാലം തെറ്റി മഴയെത്തിയാല്‍ വള്ളികള്‍ ചീഞ്ഞു കൃഷി നശിച്ചു പോകും.
31 -3- 2014 ബിരിയാണിക്കായി 4 മണിക്കൂര്‍
നല്ല ഒരു ബിരിയാണി കഴിക്കുന്നതിനായി എത്ര സമയം വരെ മെനക്കെടാം. ഹൈദരാബാദി ബിരിയാണി തിന്നാന്‍ കൊതി മൂത്ത് 4 മണിക്കൂറോളം ചെലവിട്ട കഥയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ പറയുന്നത്. ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനായി ഹൈദരാബാദില്‍ പോയപ്പോഴാണ് സംഭവം. നല്ല രുചികള്‍ കേട്ടറിഞ്ഞ് തേടിപ്പോകുന്ന പതിവ് ജയചന്ദ്രനുണ്ട്. എവിടെപ്പോയാലും മികച്ച ഹോട്ടലുകളും റെസ്‌റ്റോറന്റുകളും എവിടെയെന്ന് തിരക്കിച്ചെല്ലാറുണ്ട്. അങ്ങനെയാണ് ഹൈദരാബാദി ബിരിയാണി തിരഞ്ഞ് ഒരു ഓട്ടോയില്‍ കയറിയത്. ഒന്നര മണിക്കൂറിലധികം ചുറ്റിക്കറങ്ങിയാണ് ഓട്ടോക്കാരന്‍ ഒരു ഹോട്ടലില്‍ എത്തിച്ചത്. ഹോട്ടലിലും അര മണിക്കൂരിലേറെ ചെലവിട്ടു. ഒരു രുചി കൂടി സ്വന്തമാക്കിയ സന്തോഷത്തില്‍ പിന്നെയും ഒന്നര മണിക്കൂര്‍ യാത്ര.
പക്ഷേ, ബിരിയാണിയില്‍ ജയചന്ദ്രന് ഏറ്റവും പ്രിയപ്പെട്ടത് ഹൈദരാബാദിയല്ല തലശേരിയാണ്. മലബാറി ഫ്‌ളേവേഴ്‌സിനോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ പ്രശസ്തമായ \'കോഴി സ്‌നേഹം\' അല്‍പ്പം കുറച്ചിട്ടുണ്ട്. ഇപ്പോള്‍ മീനിനോടാണ് പ്രിയം. കൈരളി ടിവിയിലെ മനസിലൊരു മഴവില്ല് എന്ന പരിപാടിയില്‍ കുടുംബസമേതം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യയ്ക്ക് തന്റെ അമ്മയുടെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട്. അമ്മയുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഒരു സ്‌നേഹം കൂടി ഫീല്‍ ചെയ്യുമായിരുന്നു. ആ ഗുണം ഭാര്യക്കും കിട്ടിയിട്ടുണ്ടെന്നും ജയചന്ദ്രന്റെ സര്‍ട്ടിഫിക്കറ്റ്.
5 -3- 2014 ചക്കയുണ്ടേ ചക്ക.....
നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം എന്ന സിനിമയില്‍ ആദ്യമായി നഗരത്തിലെത്തിയ ശ്രീനിവാസന്‍ കഥാപാത്രം ഒരു ചക്ക അന്വേഷിച്ച് ഇറങ്ങുന്ന രംഗമുണ്ട്. അല്‍പ്പം പരിഹാസം നിറഞ്ഞ തമാശയായാണ് അത് നാം ആസ്വദിച്ചത്. എന്നാല്‍ ചക്ക തിന്നാന്‍ കൊതി മൂത്താല്‍ ഏതു കാലത്തും നാട്ടിലും എപ്പോഴും അതു ലഭിക്കാന്‍ സംവിധാനമുണ്ട്. ഇനി ചക്ക കിട്ടാന്‍ ഓണ്‍ലൈനില്‍ പരതിയാലും ആരും പരിഹസിക്കേണ്ടതില്ല. www.jackfruit365.com എന്ന വെബ്‌സൈറ്റില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ ഋതുഭേദങ്ങളുടെ വ്യത്യാസമില്ലാതെ ഏതു കാലത്തും കിട്ടും, ചക്ക. വെട്ടാനോ പൊളിക്കാനോ പശ കളയാനോ മെനക്കെടേണ്ടതില്ല. സംഗതി പാക്കറ്റിലാണ് വില്‍പ്പന. മൈക്രോസോഫ്റ്റ്, 3 എം, ഫോര്‍ഡ് തുടങ്ങിയ ആഗോള സ്ഥാപനങ്ങള്‍ക്കായി 18 വര്‍ഷത്തോഷം വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമെല്ലാം സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സര്‍വീസ് നടത്തുന്ന ജെയിംസ് ജോസഫാണ് ജാക്ക്ഫ്രൂട്ട് 365ന്റെ സ്ഥാപകന്‍.
ഏറെ സ്വാദും ഗുണമേന്മയുമുണ്ടായിട്ടും ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം ഹോട്ടലുകളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ചക്കയില്‍ തന്നെ ബിസിനസ് തുടങ്ങാനുണ്ടായ കാരണം ജെയിംസ് ജോസഫ് ഇങ്ങനെ വിശദീകരിക്കുന്നു.
\'\' എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചക്കപ്പഴം വര്‍ഷം മുഴുവന്‍ കിട്ടാനുള്ള വഴി എക്കാലത്തും ഞാന്‍ അന്വേഷിച്ചിരുന്നു. ഷെഫ് ഹേമന്ദ് ഒബ്‌റോയിയുമായുള്ള ഒരു ഡിന്നര്‍ അതിന് വേഗം കൂട്ടി. 2010ല്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും മുംബൈ താജ് ഹോട്ടലില്‍ നല്‍കിയ വിരുന്ന് തയാറാക്കിയത് അദ്ദേഹമാണ്. അതിനെക്കുറിച്ച് കേട്ടറിഞ്ഞ ഞാന്‍ എന്റെ ക്ലൈന്റ്‌സിനു നല്‍കുന്ന വിരുന്നിനായി ഒബ്‌റോയിയെ ക്ഷണിക്കുകയായിരുന്നു. നിരവധി തവണ അദ്ദേഹം ഞങ്ങളുടെ അതിഥികള്‍ക്കായി വിരുന്നൊരുക്കി. ഞണ്ടുപയോഗിച്ചുള്ള ഒരു വിഭവമായിരുന്നു അതില്‍ ഏവരേയും ആകര്‍ഷിച്ചത്.
ഒരിക്കല്‍ രണ്ട് അതിഥികള്‍ തെരഞ്ഞെടുത്തത് ഇതേ വിഭവം കൂണ്‍ കൊണ്ടു തയാറാക്കിയതായിരുന്നു. എന്നാല്‍ ഞങ്ങളുടെ ആവേശം കണ്ട് അവരും ഞണ്ടിലേക്ക് മാറി. അപ്പോഴാണ് ഞാന്‍ ഈ വിഭവം ചക്ക കൊണ്ടുണ്ടാക്കിയാല്‍ രുചികരമായിരിക്കുമല്ലോയെന്ന് ഒബ്‌റോയിയോട് അന്വേഷിച്ചത്. എന്നാല്‍ ചില മാസങ്ങളില്‍ മാത്രമാണ് ചക്ക ലഭിക്കുന്നതെന്നതും അടുക്കളയില്‍ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളുമാണ് ഒബ്‌റോയ് പങ്കുവച്ചത്. പക്ഷേ, ഇതിനൊക്കെയപ്പുറം ചക്കയുടെ ഗുണമേന്മയെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസില്‍. വീട്ടുമുറ്റത്ത് ഒരു പ്ലാവുള്ളത് ആയുസ് 10 വര്‍ഷം നീട്ടിത്തരുമെന്ന് പ്രായമുള്ള അമ്മാവന്‍ പറയാറുള്ളത് ഞാന്‍ ഓര്‍ത്തെടുത്തു.
ചക്കപ്പഴം കൊണ്ടുള്ള ബര്‍ഗറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. എന്നാല്‍ ഇത് എങ്ങനെ വിപണിയിലെത്തിക്കും എന്ന ആശങ്ക അപ്പോഴും ബാക്കിയായി. നീണ്ട അന്വേഷണങ്ങള്‍ക്കിടെയാണ് ഞാന്‍ ഡോ. തോമസ് കോശിയില്‍ നിന്ന് ഡീ ഹൈഡ്രേഷനെ കുറിച്ച് കേള്‍ക്കുന്നത്. സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ പച്ച കുരുമാളക് കയറ്റുമതിക്കായി ഡീ ഹൈഡ്രേറ്റ് ചെയ്ത് സൂക്ഷിക്കാറുണ്ടത്.
ചക്കയിലെ ജലാംശം നീക്കം ചെയ്താല്‍ 365 ദിവസം, അതായത് ഒരു വര്‍ഷം കേടുകൂടാതെ സൂക്ഷിക്കാനാകുമെന്ന് വിവിധ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ചക്കയുടെ പുറന്തോടും മടലുമെല്ലാം നീക്കം ചെയ്താല്‍ വെറും 200 ഗ്രാമോളമേ ചുള കാണുകയുള്ളു. ജലാംശം നഷ്ടപ്പെടുന്നതോടെ ഭാരം പിന്നെയും കുറയുന്നു. ഇത് കൈകാര്യം ചെയ്യല്‍ എളുപ്പമാക്കും. പാക്കറ്റ് പൊട്ടിച്ച് ചുളകള്‍ വെള്ളത്തിലിട്ടാല്‍ 20 മിനിറ്റ് കൊണ്ട് പഴയ രൂപത്തില്‍ ചക്കപ്പഴം ലഭിക്കും. വിവിധ വിഭവങ്ങള്‍ തയാറാക്കാനുള്ള ആവശ്യത്തിനനുസരിച്ച് ജലാംശത്തിന്റെ അളവ് ക്രമപ്പെടുത്താമെന്ന സൗകര്യവുമുണ്ട്.
തുടര്‍ന്ന് ചക്ക കൊണ്ടു തയാറാക്കാവുന്ന വിവിധ വിഭവങ്ങളുടെ റെസിപ്പി പാചക വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി. ആപ്പിള്‍ കൊണ്ടും പൊട്ടൊറ്റോ കൊണ്ടും തയാറാക്കാവുന്ന എല്ലാ വിഭവങ്ങളും ചക്ക കൊണ്ടും തയാറാക്കാമെന്നാണ് എനിക്ക് തോന്നുന്നത്. സീസണില്‍ ധാരാളമായി മണ്ണില്‍ വീണ് അഴുകിപ്പോകുകയും അല്ലാത്തപ്പോള്‍ എത്ര കൊതിച്ചാലും കിട്ടാതിരിക്കുകയും ചെയ്യുന്ന ചക്കയ്ക്ക് ഇത്തരമൊരു പ്ലാറ്റ് ഫോം ഒരുക്കാനായതില്‍ സന്തോഷമുണ്ട്. പച്ച ചക്കയും പഴവും ഞങ്ങള്‍ പാക്കറ്റുകളാക്കി വില്‍പ്പന നടത്തുന്നു. \'\'
ഇത്രയും കേട്ടപ്പോള്‍ ഒരു ചക്ക വാങ്ങി കഴിക്കണമെന്ന് കൊതി തോന്നുന്നുണ്ടോ ഒട്ടും മടിക്കേണ്ട. ചക്ക കൊണ്ടുള്ള നിരവധി വിഭവങ്ങളുടെ റെസിപ്പിയും www.jackfruit365.com ല്‍ കൊടുത്തിട്ടുണ്ട്.
26 -2- 2014 അനന്തപുരിയെ പ്രണയിക്കുന്നവര്‍ക്ക്
അനൂപ്‌മോഹന്‍:
കുടപ്പനക്കുന്നില്‍ എന്റെ അച്ഛന്റെ ചേച്ചിയുടെ വീടിനപ്പുറത്തു നിന്നാണ് ദൂരദര്‍ശനെന്ന മഹാത്ഭുതം ടെലിവിഷനില്‍ വിരുന്നെത്തുന്നതെന്ന അറിവ് അത്ഭുതം മാത്രമായിരുന്നില്ല, ഒരു അഹങ്കാരവുമായിരുന്നു എനിക്ക്. കൊച്ചമ്മായിയുടെ വീട്ടില്‍ നിന്നാല്‍ കാണാവുന്ന ദൂരദര്‍ശന്റെ ടവര്‍ലൈറ്റും, കെട്ടിടവുമൊക്കെ എന്റെ അതിഭാവുകത്വം നിറഞ്ഞ കഥയിലെ കഥാപാത്രങ്ങളായി പലവട്ടം കൂട്ടുകാരുടെ മുന്നില്‍ അവതരിപ്പിച്ചിറങ്ങി. എറണാകുളം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ദൂരദര്‍ശന്‍ പിറക്കുന്ന നാട് ഒരു അത്ഭുതം തന്നെയായിരുന്നു. സത്യത്തില്‍ എനിക്കും. എന്നാല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവം സ്ഥിരമായി മുഖത്തു നിറച്ചു നിര്‍ത്തി ഞാന്‍, എന്നും.
ഇന്നും അനന്തപുരിയിലെ ഈ ചെറിയ ഗ്രാമം ഒരു ആവേശമാണ്. തീവണ്ടിയേയും ആ യാത്രയേയും ഏറെ സ്‌നേഹിക്കുന്ന ഭൂതകാലം കൈമോശം വന്നു പോയിട്ടില്ലാത്തതിനാല്‍ എന്റെ കുടപ്പനക്കുന്ന് യാത്രകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. അപരിചിതരുടെ അനന്തപുരിയിലേക്കുള്ള യാത്രകള്‍ എന്നും തുടര്‍ന്നു കൊണ്ടേയിരുന്നു. അവധിക്കാലത്ത് തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രയുടെ കൗതുകവും ആവേശവും സുഹൃത്തുക്കള്‍ക്കു മേല്‍, ലഡാക്കില്‍ ജോലി ചെയ്ത പട്ടാളക്കാരന്റെ വെടിയുണ്ടകഥകള്‍ പോലെ പലവട്ടം തുളച്ചിറങ്ങി.
ആദ്യം മകനായി, ഭര്‍ത്താവായി, അച്ഛനായി.....ആ നഗരത്തില്‍ പോയവര്‍ഷങ്ങളുടെ കാലത്തിന്റെ കല്‍പ്പടവുകളില്‍ വന്നിറങ്ങുമ്പോള്‍ എനിക്കും വേഷം പലതായിരുന്നു. കഷ്ടപ്പാടുകളുടെ തഴമ്പ് വീണ അച്ഛന്റെ കൈകളില്‍ മുറുകെപിടിച്ച്, ആ മണ്ണിലൂടെ നടന്നു. മാസശമ്പളത്തില്‍ ഒതുങ്ങാത്ത ജീവിതക്കണക്കുകളില്‍ ആ യാത്രയുടെ ചെലവുകള്‍ എങ്ങനെ അച്ഛന്‍ എഴുതിച്ചേര്‍ക്കുമെന്നറിയില്ലായിരുന്നു അന്ന്. പിന്നീട് ജീവിതത്തില്‍ അച്ഛന്റെ, ഭര്‍ത്താവിന്റെ വേഷമണിയുമ്പോള്‍ കാലത്തിന്റെ ആ കണക്കുപുസ്തകം എനിക്കു മുന്നില്‍ നിവര്‍ന്നിരുന്നു, വ്യക്തമായിത്തന്നെ.
അമ്മേ, അച്ഛന്‍ എന്നെ ജനലിന്റെ അരികില്‍ ഇരുത്തുന്നില്ല... ഈ വാചകം എന്റെ മകന്‍ അവന്റെ അമ്മയോട് പറഞ്ഞതാണ്. നാലു വയസുകാരന്‍ മകനോട് വഴക്കിട്ട്, ജനലരികില്‍ പാടങ്ങളുടെ കാഴ്ച കണ്ടു നീങ്ങാനുള്ള സ്വാര്‍ത്ഥ ബാല്യകൗതുകം ഇനിയും കൈമോശം വന്നിട്ടില്ല. തമ്പാനൂരിലെ തിരുവനന്തപുരം ഗന്ധം പരിചിതമായാലും, ഓരോ തവണയും വന്നിറങ്ങുമ്പോള്‍ ആവേശമാണ്. പണ്ടൊരു ട്രങ്ക്‌പ്പെട്ടിയുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയതും, വേരുറയ്ക്കാത്ത മണ്ണില്‍ ജീവിതത്തിന്റെ വിത്തു പാകിയതും, മക്കളെ വളര്‍ത്തിയതുമൊക്കെ അച്ഛന്റെ സഹോദരിയുടെ വാക്കുകളിലൂടെ എത്രയോ വട്ടം ആവര്‍ത്തിച്ചിരിക്കുന്നു. പിന്നീട് പലവട്ടം ശ്രീപത്മനാഭന്റെ നഗരത്തിലെ അപരിചിത വഴികള്‍ പരിചിതമാക്കി നടന്നു തളര്‍ന്നിരിക്കുന്നു. നല്ല ചായ കിട്ടുന്ന, നല്ല വട കിട്ടുന്ന എത്രയോ ചായക്കടകളുടെ രുചികള്‍ സ്വായത്തമാക്കിയിരിക്കുന്നു. എങ്കിലും ആദ്യമായി ഒരു നഗരത്തില്‍ വന്നിറങ്ങുന്ന ആവേശത്തോടെ ഇന്നും ആ യാത്ര തുടരാന്‍ കഴിയുന്നു. ഒരിക്കലും മടുക്കാതെ
ഇന്നും, ഒരു തിരുവനന്തപുരം യാത്രയുടെ തലേന്ന്, കലാലയത്തില്‍ നിന്നും വിനോദയാത്ര പോകുന്നതിന്റെ തലേന്നത്തെ എക്‌സൈറ്റ്‌മെന്റാണ്. മുപ്പതാം വയസിലും ആ യാത്രാവേശം അനുഭവിക്കാന്‍ കഴിയുന്നു........................സമര്‍പ്പിക്കുന്നു അനന്തപുരിയെ അഗാധമായി പ്രണയിക്കുന്നവര്‍ക്ക്...
25 -2- 2014 ഏതാണീ മുത്തശി മത്സ്യം
കണ്ടാല്‍ പഴങ്കഥ പറഞ്ഞു തരുന്ന മുത്തശ്ശിയെ പോലിരിക്കുന്ന ഈ മത്സ്യത്തിന്റെ പേരാണ് ബ്ലോബ്ഫിഷ് (blobfish) കാഴ്ചയിലെ ഈ സവിശേഷത കൊണ്ടുതന്നെ ഏറെപ്പേരെ ആകര്‍ഷിച്ചിട്ടുണ്ട് ഈ മത്സ്യം. കടലിന്റെ ഏറ്റവും അടിത്തട്ടിലെ സാന്ദ്രതയെ അതിജീവിക്കുന്നതിനായി ഇവയ്ക്ക് ശരീരത്തില്‍ പേശീകലകള്‍ കുറവാണത്രേ. ഇതാണ് ഈ സവിശേഷ രൂപത്തിനു പിന്നിലെന്നും കരുതപ്പെടുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമുള്ള സമുദ്രങ്ങളിലാണ് ബ്ലോബ് ഫിഷ് ഏറെയായി കാണപ്പെടുന്നത്.
ബ്ലോബ്ഫിഷിന്റെ ഫോട്ടോകള്‍ പ്രസിദ്ധമായതോടെ ഇവയെ നേരില്‍ക്കാണുന്നതിനും ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. 2013ല്‍ ഏറ്റവും വിരൂപമായ ജിവിയെ കണ്ടെത്തുന്നതിന് ആഗോളതലത്തില്‍ ഒരു സംഘടന നടത്തിയ വോട്ടെടുപ്പില്‍ സൗന്ദര്യത്തില്‍ അത്രയൊന്നും പിന്നിലല്ലാത്ത ബ്ലോബ്ഫിഷ് മുന്നിലെത്തിയെന്നതാണ് വൈരുധ്യം. പേശീകലകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ മടിയന്‍മാരായ മത്സ്യഭക്ഷണ പ്രേമികള്‍ക്കും ഏറെ പ്രിയങ്കരമേ്രത ഈ ബ്ലോബ്ഫിഷ്. തിന്നാന്‍ അധികം മെനക്കെടേണ്ടെന്നര്‍ഥം.
20 -2- 2014 തെരുവിലെ രുചികള്‍
തെരുവിലെ രുചികള്‍ക്ക് കടുപ്പം കൂടും. തെരുവുചായ കുടിച്ചു ശീലിച്ചാല്‍ ഒരു സ്റ്റാര്‍ ഹോട്ടലിലെ ചായയുടെ രുചിയും ബോധിക്കില്ല. തെരുവിലെ ഭക്ഷണശാലയില്‍ വരുന്നവര്‍ പൊതുവേ അധ്വാന ശീലരായിരിക്കും. അവരുടെ നാവുകള്‍ക്ക് തീവ്രമാം വിധം എരുവും പുളിയും വേണം.
ചില തെരുവു പലഹാരങ്ങള്‍ ദേശത്തിന്റെ അടയാളമായി മാറും. വടകരയിലത് അരിച്ചക്കരയായിരുന്നു. മൈസൂര്‍ബാംഗ്ലൂര്‍ റൂട്ടിലെ മദ്ദൂരില്‍ അത് മദ്ദൂര്‍ വട. മദ്ദൂരില്‍ ബസ്സ് നിര്‍ത്തിയാല്‍ മദ്ദൂര്‍വട വില്‍പ്പനക്കാര്‍ ബസ്സിനു ചുറ്റും നിറയും. പക്ഷേ വടകരയിലെ അരിച്ചക്കര മിക്കവാറും തെരുവുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും നമ്മള്‍ കഴിക്കാനാഗ്രഹിക്കുന്ന ചിലതുണ്ട്. മഞ്ചേരിയിലെ പഴയ ബസ്സ്റ്റാന്റില്‍ കപ്പയും കാന്താരിച്ചമന്തിയും കട്ടന്‍കാപ്പിയും വില്‍ക്കുന്ന ഒരു കാക്കയുണ്ട്. ഉന്തുവണ്ടിയിലാണ് കച്ചവടം. മഴക്കാലമായാല്‍ വലിയ തിരക്കാണവിടെ. ഇഞ്ചിനീരു ചേര്‍ത്ത കട്ടന്‍കാപ്പിയുടെ രുചി മറ്റെവിടേയും കിട്ടില്ല. വലിയ കുപ്പിയില്‍ നുറുക്ക് അടുക്കിവെച്ചിരിക്കുന്നം. മറ്റൊരു ഭക്ഷണവും അവിടെയില്ല.
മത്സ്യങ്ങള്‍ മസാല ചേര്‍ത്ത് തൂക്കിയിട്ടിരിക്കുന്നത് കാണണമെങ്കില്‍ കര്‍ണ്ണാടക കൊങ്കണ്‍ തീരത്തെ മല്‍പ്പിയിലേക്ക് പോണം. കടല്‍ത്തീരതെരുവില്‍ പൊരിക്കാനുള്ള മത്സ്യങ്ങള്‍ കൊണ്ടലങ്കരിച്ച ഉന്തുവണ്ടികളുണ്ട്. ഏത് മത്സ്യവും പൊരിച്ചു തരും. തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയ്ക്കടുത്ത് അമരാവതി ഡാമിനടുത്തെ തെരുവില്‍ ശുദ്ധമായ മത്സ്യം പൊരിച്ചു തരും. നോണ്‍ വെജിറ്റേറിയന്‍ തെരുവു രുചികള്‍ക്കാണ് വൈവിധ്യം കൂടുതല്‍.
വടക്കു കിഴക്കന്‍ മേഖലയിലേയ്ക്കു ചെല്ലുമ്പോള്‍ തെരുവുഭക്ഷണ ശാലകളില്‍ സ്ത്രീകള്‍ക്കാണ് ആധിപത്യം. ചൈനീസ് ഭക്ഷണശാലകളില്‍ അവര്‍ മൊമൊയും നൂഡില്‍സും സൂപ്പുകളുമാണ് കിട്ടുക. ഭൂരിഭാഗവും നേപ്പാളി സ്ത്രീകള്‍ നടത്തുന്നവ. വടക്കുകിഴക്കന്‍ മേഖലകളിലെ തെരുവു ഭക്ഷണശാലകളില്‍ മൊമൊയ്മക്കാണ് പ്രാധാന്യം. ആവിയില്‍ വേവിച്ചെടുക്കുന്ന ചെറിയ തിബത്തന്‍ അടയാണത്. വെജിറ്റേറിയന്‍ മൊമൊയും നോണ്‍ വെജിറ്റേറിയന്‍ മൊമൊയുമുണ്ട്. പന്നിയിറച്ചി നിറച്ച മൊമൊയ്ക്കാണ് പ്രസിദ്ധി. ചൈനയില്‍ നിന്ന് നേപ്പാള്‍ വഴി വന്ന ആഹാരമാണത്. പ്രവാസി തിബത്തരുടെ തെരുവുകളിലൊക്കെ മൊമൊകിട്ടും. തിബറ്റുകാരുടെ പ്രധാന ആഹാരമാണത്. കമ്മ്യൂണിസ്റ്റ് അധിനിവേശത്തോടെ തിബറ്റില്‍നിന്ന് ഓടിപ്പോന്ന് ലോകമെമ്പാടും തിബറ്റന്‍ അഭയാര്‍ത്ഥികള്‍ ചിതറിപ്പോയപ്പോള്‍ അവര്‍ മൊമൊയെ പല നാടുകളില്‍ പ്രചരിപ്പിച്ചു. തെരുവുകള്‍ താണ്ടിയുള്ള ഭക്ഷണത്തിന്റെ സഞ്ചാരങ്ങള്‍ കൗതുകകരമാണ്. രുചി കൂട്ടുകള്‍ സംസ്‌കാരങ്ങളുടെ സങ്കരങ്ങളാണ്.- പി. സുരേന്ദ്രന്‍
©kadumanga.com. All Rights Reserved.Powered By Sofdia Technologies






